തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷും യു.എ.ഇ കോണ്‍സുലേറ്റ് ജനറലും തമ്മില്‍ നിരന്തരമായി ഫോണില്‍ സംസാരിച്ചതായുള്ള രേഖകള്‍ പുറത്ത്. അറ്റാഷെയും സ്വപ്നയും തമ്മില്‍ ജൂണ്‍ 1 മുതല്‍ ജൂണ്‍ 30 വരെ 117 തവണ ഫോണില്‍ സംസാരിച്ചിട്ടുണ്ട്. ജൂലൈ 1 മുതല്‍ നാല് വരെ 35 തവണ അറ്റാഷെ വിളിച്ചിട്ടുണ്ട്. ജൂലൈ 3 ന് മാത്രം 20 തവണ അറ്റാഷെയും പ്രതികളും തമ്മില്‍ സംസാരിച്ചിട്ടുണ്ട്.
സരിത്ത് നയതന്ത്ര ബാഗ് ഏറ്റെടുക്കാന്‍ വരുമ്പോള്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വിട്ടുകൊടുത്തിരുന്നില്ല. തുടര്‍ന്ന് ഔദ്യോഗിക വേഷത്തിലെത്തിയ അറ്റാഷെ ബാഗ് വിട്ടുകൊടുക്കണമെന്നാവശ്യപ്പെട്ട് ഉദ്യോഗസ്ഥരോട് തട്ടിക്കയറിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അപ്പോഴും ബാഗ് വിട്ടുകൊടുക്കാതിരുന്നതോടെ ബാഗ് തിരിച്ചയക്കണമെന്ന് അദ്ദേഹം നിലപാടെടുത്തു. എന്നാല്‍ കസ്റ്റംസ് കമ്മീഷണറും കാര്‍ഗോയുടെ ചുമലയുള്ള ഉദ്യോഗസ്ഥരും അതിന് തയ്യാറായില്ല. തുടര്‍ന്ന് അറ്റാഷെയ്ക്ക് എംബസിയില്‍ നിന്ന് അന്വേഷണത്തോട് സഹകരിക്കണമെന്ന് വിവരം ലഭിച്ചു.
തുടര്‍ന്ന് അഞ്ചാം തീയതി ബാഗ് തുറന്ന് പരിശോധിച്ചത് അറ്റാഷെയുടെ സാന്നിധ്യത്തിലാണ്. തുടര്‍ന്ന് കാര്യം തിരിക്കയപ്പോള്‍ സരിത്തിനെയാണ് ബാഗേജ് വാങ്ങാന്‍ ചുമതലപ്പെടുത്തിയതെന്നും ഭക്ഷണസാധനങ്ങള്‍ എത്തിക്കാനാണ് പറഞ്ഞതെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
അതിനിടെ സന്ദീപ് നായരുടെ അപേക്ഷ എന്‍.ഐ കോടതിയില്‍ പരിഗണിക്കുമ്പോള്‍ അറ്റാഷെയുടെ പങ്ക് പരിശോധിക്കണമെന്ന് സന്ദീപിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല സ്വര്‍ണക്കടത്തിന് അറ്റാഷെ സഹായിച്ചതായി സരിത്തിന്റെ മൊഴി ലഭിച്ചെന്ന് എന്‍.ഐ.എ സൂചിപ്പിച്ചതായ റിപ്പോര്‍ട്ടുമുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ തുടര്‍ നടപടികളിലേക്ക് കടക്കാന്‍ അന്വേഷണ ഉദ്യോഗസഥര്‍ ഒരുങ്ങവേയാണ് അറ്റാഷെ രാജ്യത്ത് നിന്നും പോയത്.