തിരുവനന്തപുരം: സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും ഒളിവില്‍ കഴിയുന്നതു വേഷംമാറിയെന്ന് സൂചന. ഇരുവരും മാധ്യമങ്ങളിലൂടെ ജനങ്ങള്‍ക്കു സുപരിചിതരായ സാഹചര്യത്തിലാണു തിരിച്ചറിയാതിരിക്കാന്‍ വേഷപ്രഛന്നരായി നടക്കുന്നത്.
വ്യത്യസ്ത സ്ഥലങ്ങളിലായിരുന്ന ഇരുവരും ഇപ്പോള്‍ ഒന്നിച്ചാണെന്നും അന്വേഷണസംഘത്തിനു വിവരം ലഭിച്ചു. കേസ് എന്‍.ഐ.എ. ഏറ്റെടുത്തതിനാല്‍ ചൊവ്വാഴ്ച ഹൈക്കോടതി മുന്‍കൂര്‍ജാമ്യാപേക്ഷ പരിഗണിക്കുന്നതിനു മുമ്പ് ഇവര്‍ കീഴടങ്ങിയേക്കുമെന്നു കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കരുതുന്നു.
കസ്റ്റംസിന്റെ അഞ്ചുസംഘങ്ങള്‍ സജീവമായി അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഇവരുടെ ഒളിസങ്കേതം കണ്ടെത്താനായിട്ടില്ല. മൊബൈല്‍ ഫോണ്‍ നമ്പര്‍ മാറ്റി ഉപയോഗിക്കുന്നതിനാല്‍ ടവര്‍ ലൊക്കേഷനും തിരിച്ചറിയാനായില്ല. പ്രതികള്‍ കീഴടങ്ങുന്നതിനു മുമ്പ് അറസ്റ്റ് ചെയ്തു മാനം കാക്കാനാണ് അന്വേഷണസംഘത്തിന്റെ ശ്രമം. കേസ് എന്‍.ഐ.എയ്ക്കു കൈമാറിയെങ്കിലും കസ്റ്റംസ് അന്വേഷണം തുടരും.
കസ്റ്റംസിന്റെ കസ്റ്റഡിയില്‍ വിട്ട മുഖ്യപ്രതി സരിത്തിനെ കൊച്ചിയില്‍ വിശദമായി ചോദ്യം ചെയ്തുവരുന്നു. സംസ്ഥാനസര്‍ക്കാരിനെ വെള്ളപൂശാനാണു സ്വപ്ന മാധ്യങ്ങളിലൂടെ ശബ്ദസന്ദേശം നല്‍കിയതെന്ന് അന്വേഷണസംഘം കരുതുന്നു. ഇതിനു പിന്നില്‍ സര്‍ക്കാര്‍ സ്വാധീനമുണ്ടോയെന്നും അന്വേഷിക്കും.