സുശാന്തിനൊപ്പം നില്‍ക്കാന്‍ ആരും തയ്യാറായില്ലെന്ന് വെളിപ്പെടുത്തല്‍,സംസ്‌കാരം ഇന്ന് മുംബൈയില്‍
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്രസിംഗ് ധോണിയുടെ ബയോപിക് അടക്കമുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ മരണവാര്‍ത്തയുടെ ഞെട്ടലിലാണ് സിനിമാലോകവും ആരാധകരും. താരം ആത്മഹത്യ ചെയ്ത സംഭവത്തില്‍ വെളിപ്പെടുത്തലുമായി പ്രശസ്ത ഹെയര്‍ സ്‌റ്റൈലിസ്റ്റ് സപ്ന ഭവാനി രംഗത്തെത്തിയിരിയ്ക്കുകയാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സുശാന്ത് പ്രശ്‌നങ്ങളിലൂടെ കടന്നുപോകുന്നത് രഹസ്യമായിരുന്നില്ല എന്നും എന്നാല്‍ ആരും അദ്ദേഹത്തോടൊപ്പം നില്‍ക്കാനോ സഹായിക്കാനോ രംഗത്ത് വന്നില്ലെന്നും സപ്ന ഭവാനി സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.
സിനിമയിലെ ബന്ധങ്ങള്‍ ആഴമില്ലാത്തതാണെന്നും സപ്ന ഭവാനി കൂട്ടിച്ചേര്‍ത്തു. അതേസമയം അദ്ദേഹത്തിന്റെ ശവസംസ്‌കാര ചടങ്ങുകള്‍ ഇന്ന് മുംബൈയില്‍ നടക്കും. അദ്ദേഹത്തിന്റെ കുടുംബം മുംബൈയില്‍ എത്തും. സുശാന്തിന്റെ പിതാവിന്റെ ആരോഗ്യ സ്ഥിതി വഷളാണെങ്കിലും, അദ്ദേഹം പട്നയില്‍ നിന്ന് ഇന്ന് മുംബൈയിലെത്തും. ബാന്ദ്രയിലെ വീട്ടിലാണ് സുഷാന്തിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. അതേസമയം എന്താണ് കാരണമെന്ന് ഇപ്പോഴും കണ്ടെത്തിയിട്ടില്ല.
ആത്മഹത്യാ കുറിപ്പിനായി പോലീസ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ല.അന്വേഷണത്തിന്റെ ഭാഗമായി സുശാന്തിന്റെ മരുന്ന് ശേഖരത്തില്‍ നിന്ന് ചില കാര്യങ്ങള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. വിഷാദത്തിനുള്ള മരുന്ന് സുശാന്ത് ഉപയോഗിച്ചതായി സൂചനയുണ്ട്. അതേസമയം ഇതൊന്നും പോലീസ് സ്ഥിരീകരിച്ചിട്ടില്ല.
പോസ്റ്റുമോര്‍ട്ടത്തിലൂടെ അദ്ദേഹത്തിന്റെ ശരീരത്തില്‍ ഏതെങ്കിലും തരത്തിലുള്ള മരുന്നുകളുടെ സാന്നിദ്ധ്യം ഉണ്ടോയെന്ന് കണ്ടെത്താന്‍ സാധിക്കും. സുശാന്ത് മനശാസ്ത്രജ്ഞന്റെ സഹായം തേടിയിരുന്നതായി പോലീസ് പറഞ്ഞു.മുംബൈയിലെ കൂപ്പര്‍ ആശുപത്രിയിലാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്.