
നെടുമ്പാശേരി: വഖഫ് ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ രേഖപ്പെടുത്തിയ ആശങ്കകള്‍ക്ക് എന്ത് അടിസ്ഥാനമാണുള്ളതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. മുസ്ലിങ്ങള്‍ക്ക് ഇതെല്ലാം കുഴപ്പമാണെന്നുള്ള ദുഷ്പ്രചരണമാണ് പാര്‍ലമെന്റിലെ വാദങ്ങളിലൂടെ എംപിമാര്‍ നടത്തിയതെന്നും സുരേഷ് ഗോപി പറഞ്ഞു. ജബൽപുരില്‍ വൈദികര്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകരോട് കേന്ദ്രമന്ത്രി കയര്‍ക്കുകയും ചെയ്തു.
‘കേരളത്തില്‍ നിന്നുള്ള എംപിമാര്‍ രേഖപ്പെടുത്തിയ ആശങ്കകള്‍ക്ക് എന്ത് അടിസ്ഥാനമാണുള്ളത്?. നിങ്ങള്‍ രാഷ്ട്രീയമൊന്നുമില്ലാത്ത, രാഷ്ട്രത്തിനോട് സ്‌നേഹമുള്ള, നല്ല ബുദ്ധിയും അറിവുമുള്ള, കുത്തിത്തിരിപ്പ് ഹൃദയത്തിലില്ലാത്ത വിചക്ഷണരോട് പോയി ചോദിക്കൂ. അവര്‍ വാദിച്ച കാര്യങ്ങള്‍ എന്തായിരുന്നുവെന്ന്. മുസ്ലിങ്ങള്‍ക്ക് ഇതെല്ലാം കുഴപ്പമാണെന്ന് പറഞ്ഞ് ഒരു ദുഷ്പ്രചരണമല്ലേ അവര്‍ അവരുടെ വാദങ്ങളിലൂടെ പാര്‍ലമെന്റില്‍ നടത്തിയത്.’ – സുരേഷ് ഗോപി പറഞ്ഞു.
പാര്‍ലമെന്റിലെ ചര്‍ച്ച പ്രധാനമാണെന്നും എന്തെങ്കിലും കുഴപ്പം കണ്ടോ എന്നും സുരേഷ് ഗോപി ചോദിച്ചു. ‘നിങ്ങള്‍ വെയ്റ്റൂ ചെയ്യൂ സര്‍, അങ്കലാപ്പ് ഉണ്ടാക്കാതെ. ഇത് വരുകയില്ല എന്ന് പറഞ്ഞ ആള്‍ക്കാരല്ലേ നിങ്ങള്‍. ജെപിസിയിലിട്ട് ഇത് കത്തിച്ചുകളയും എന്ന് പറഞ്ഞ ആളുകളല്ലേ നിങ്ങളെന്നും’ കേന്ദ്രമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ജബൽപുരിൽ വൈദികർ ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകർക്ക് നേരെ സുരേഷ് ഗോപി കയർത്തു. ‘നിങ്ങളാരാ? നിങ്ങളാരോടാണ് ചോദിക്കുന്നത്? വളരെ സൂക്ഷിച്ച് സംസാരിക്കണം. മാധ്യമം ആരാ? ഇവിടത്തെ ജനങ്ങളാണ് വലുതെന്ന് ‘ സുരേഷ് ഗോപി പറഞ്ഞു. ചോദ്യം പ്രസക്തമാണല്ലോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ മറുപടി പറഞ്ഞപ്പോള്‍ സൗകര്യമില്ല പറയാനെന്നും ജബല്‍പൂരില്‍ സംഭവിച്ചതിന് നിയമപരമായ നടപടിയെടുക്കുമെന്നും അദ്ദേഹം രോഷത്തോടെ പ്രതികരിച്ചു.
ഈ മറുപടിയാണല്ലോ പറയേണ്ടതെന്ന് മാധ്യമപ്രവർത്തകരുടെ മറുപടിക്ക് പിന്നാലെ സുരേഷ് ഗോപി പ്രകോപിതനായി.’അതങ്ങ് ബ്രിട്ടാസിന്റെ വീട്ടില്‍ കൊണ്ടുവെച്ചാ മതി’ എന്ന് കേന്ദ്രമന്ത്രി പറഞ്ഞു. കേരളത്തിലെ ഒരു സീറ്റ് പൂട്ടിക്കുമെന്ന് ബ്രിട്ടാസ് പറഞ്ഞതിനോട് എങ്ങനെ പ്രതികരിക്കുന്നുവെന്ന് ചോദിച്ചപ്പോള്‍ ‘അതിന് വേറൊരു അക്ഷരം മാറ്റണം അതിനകത്ത്’, എന്നാണ് സുരേഷ് ഗോപി മറുപടി നല്‍കിയത്.