സുരേഷ് ഗോപിക്ക് ഇന്ന് 61–ാം ജന്മദിനം
ന്യൂഡല്‍ഹി:നടനും രാജ്യസഭാ എം.പിയുമായ സുരേഷ് ഗോപിയ്ക്ക് ഇന്ന് 61ാം പിറന്നാള്‍.താരത്തിന്റെ 250-ാം സിനിമയുടെ ഫസ്റ്റ് ലുക്ക് ചിത്രം പുറത്തു വിട്ടു കൊണ്ടാണ് അണിയറ പ്രവര്‍ത്തകര്‍ ജന്മദിനം ആഘോഷം കൊഴുപ്പിച്ചിരിയ്ക്കുന്നത്.
പ്രശസ്ത നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിയ്ക്കുന്ന പുതിയ ചിത്രത്തില്‍ കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി സ്‌ക്രീനിലെത്തുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ മാത്യൂസ് തോമസാണ്. മധ്യ തിരുവതാംകൂറില്‍ നടക്കുന്ന കഥയുടെ രചന നിര്‍വഹിച്ചിരിക്കുന്നത് പ്രശസ്ത തിരക്കഥാകൃത്തായ ഷിബിന്‍ ഫ്രാന്‍സിസാണ്.
1965-ല്‍ പുറത്തിറങ്ങിയ ഓടയില്‍ നിന്ന് എന്ന സിനിമയിലൂടെ ബാലതാരമായാണ് സുരേഷ് ഗോപി അഭിനയ രംഗത്തെത്തുന്നത്. മികച്ച നടനുള്ള ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ നേടിയിട്ടുള്ള താരം ഇപ്പോള്‍ രാജ്യസഭാ എംപി കൂടിയാണ്. അഭിനയരംഗത്തെ ചെറിയ ഇടവേളയ്ക്കു ശേഷം ഇക്കൊല്ലം വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ അടുത്തിടെ മികച്ച തിരിച്ചുവരവാണ് സുരേഷ് ഗോപി നടത്തിയത്.തുടര്‍ച്ചയായ സിനിമകള്‍ പരാജയപ്പട്ടതോടെ സൂപ്പര്‍താര പദവി നഷ്ടമായെങ്കിലും ബി.ജെ.പിയിലൂടെ രാഷ്ട്രീയത്തില്‍ അരങ്ങേറി രാജ്യസഭാ എം.പിയായതോടെ സമസ്ത മേഖലകളിലും താരം സജീവമാണിപ്പോള്‍.
അതേസമയം, ആരാധകര്‍ക്കുള്ള പിറന്നാള്‍ സമ്മാനമായി നിഥിന്‍ രണ്‍ജിപണിക്കര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന കാവല്‍ എന്ന ചിത്രത്തിന്റെ ടീസര്‍ രാവിലെ സോഷ്യല്‍ മീഡിയയില്‍ റിലീസ് ചെയ്യും.ഇനി പതിനഞ്ചുദിവസത്തെ ചിത്രീകരണമാണ് കാവലിന് അവശേഷിക്കുന്നത്. ജൂലായില്‍ ചിത്രീകരണം പുനരാരംഭിക്കാനാണ് നീക്കം.