ന്യൂയോര്‍ക്ക്: ഈ വര്‍ഷത്തെ അവസാനത്തെ സൂപ്പര്‍മൂണ്‍ പ്രതിഭാസം ഇന്ന്. ഇന്ത്യയില്‍ വ്യാഴാഴ്ച വൈകിട്ട് 4.15-നാണ് സൂപ്പര്‍ ഫ്‌ളവര്‍ മൂണ്‍ ഏറ്റവും വ്യക്തമായി ദൃശ്യമാവുക. പൗര്‍ണമി രാത്രിയായതിനാല്‍ ഇന്നത്തെ സൂപ്പര്‍മൂണിന് തിളക്കവും വലിപ്പവും കൂടുതലായിരിക്കും. ഈ അപൂര്‍വ ദൃശ്യം വെള്ളിയാഴ്ച രാവിലെ വരെ കാണാനാകും.
വലിയ, തിളക്കമേറിയ പൂര്‍ണചന്ദ്രനെയാണ് കാണാനാവുക. പൂര്‍ണചന്ദ്രന്‍ ഭൂമിയുടെ ഭ്രമണപഥത്തോട് ഏറ്റവും അടുത്ത് വരുമ്പോഴാണ് സൂപ്പര്‍മൂണ്‍ പ്രതിഭാസം ഉണ്ടാകുന്നത്.
പൗര്‍ണമിയും സൂപ്പര്‍മൂണും ഒരുമിച്ച് വരുമ്പോള്‍ ചന്ദ്രനെ കൂടൂതല്‍ വലിപ്പത്തിലും തിളക്കത്തോടെയും കാണാനാകും. ലോകം മുഴുവന്‍ ഈ സൂപ്പര്‍മൂണ്‍ കാണാനാകുമെന്ന് നാസയിലെ ഗവേഷകര്‍ അറിയിച്ചു. മേഘങ്ങളില്ലാത്ത തെളിഞ്ഞ കാലാവസ്ഥയാണെങ്കില്‍ നഗ്‌നനേത്രങ്ങള്‍ കൊണ്ട് കാണാനാകും.
മെയ് മാസത്തിലെ സൂപ്പര്‍മൂണ്‍ ഫ്‌ളവര്‍ മൂണ്‍ എന്നാണ് അറിയപ്പെടുന്നത്. അമേരിക്കയില്‍ ഇത് വസന്തകാലമായതിനാലാണ് ഫ്‌ളവര്‍ മൂണ്‍ എന്ന് പേര് നല്‍കിയത്.
സാധാരാണ ഒരു വര്‍ഷം 12 ഫുള്‍ മൂണുകളാണുണ്ടാവുക. ഓരോ മാസവും ഒന്ന് വീതം. എന്നാല്‍ 2020-ല്‍ ഒക്ടോബറില്‍ രണ്ട് ഫുള്‍ മൂണ്‍ ഉണ്ടാകും. ഒക്ടോബര്‍ ഒന്നിനും ഒക്ടോബര്‍ 31-നുമാണിത് കാണാനാവുക. ഒരു മാസം രണ്ട് ഫുള്‍ മൂണ്‍ ഉണ്ടാകുന്നതിനെയാണ് ബ്ലൂ മൂണ്‍ എന്ന് വിളിക്കുന്നത്. ജ്യോതിശാസ്ത്രജ്ഞതനായ റിച്ചാര്‍ഡ് നോള്‍ ആണ് 1979-ല്‍ സൂപ്പര്‍മൂണ്‍ എന്ന പേര് ആദ്യമായി ഉപയോഗിച്ചത്.