വീണ്ടും കര്‍ഷ ആത്മഹത്യ; ഇടുക്കിയില്‍ കര്‍ഷന്‍ സ്വയം വെടിവെച്ച് മരിച്ചു
പൂപ്പാറ: ഇടുക്കി പൂപ്പാറയില്‍ കര്‍ഷകന്‍ സ്വയം വെടിവെച്ച് മരിച്ചു. മുള്ളംതണ്ട് സ്വദേശി സന്തോഷാണ് സ്വയം വെടിവച്ച് ആത്മഹത്യ ചെയ്തത്. കടബാധ്യതയാണ് സന്തോഷിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് നാട്ടുകാരും അയല്‍വാസികളും പറയുന്നു. സ്വന്തമായി നാടന്‍തോക്ക് കൈവശമുള്ള സന്തോഷ് ഭാര്യയും മകനും കൃഷിയിടത്തിലേക്ക് പോയ സമയത്ത് സ്വയം നിറയൊഴിക്കുകയായിരുന്നു. തോക്ക് നിലത്തുകുത്തി കഴുത്തിന് നേരെ നിറയൊഴിക്കുകയായിരുന്നു എന്നാണ് പോലീസ് നിഗമനം. വെടിയുണ്ട വലത് കണ്ണ് തുളച്ച് തലച്ചോറും തകര്‍ത്തു. വീട്ടില്‍ സൂക്ഷിച്ചിരുന്ന തോക്കിന് ലൈസന്‍സ് ഇല്ലായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
ഒച്ച കേട്ട് നാട്ടുകാരും വീട്ടുകാരും ഓടി എത്തുകയപ്പോഴാണ് സംഭവം കാണുന്നത്. സന്തോഷിനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അരയേക്കര്‍ കൃഷിയിടത്തില്‍ വാഴ,കാപ്പി, ഏലം എന്നിവയാണ് കൃഷി ചെയ്തിരുന്നത്. ബാങ്കിലെ വായ്പയ്ക്ക് പുറമെ പലിശയ്ക്കും സന്തോഷ് കടമെടുത്തിരുന്നതായി അയല്‍വാസികള്‍ പറയുന്നു.
അടുത്തിടെ മരത്തില്‍നിന്ന് വീണ് നട്ടെല്ലിന് പരിക്കേറ്റ് ചികില്‍സയിലായിരുന്നു. സ്വന്തം കൃഷിയിടത്തിന് പുറമെ സ്ഥലം പാട്ടത്തിന് എടുത്തും കൃഷി ചെയ്തിരുന്നു. ശാന്തന്‍പാറ പോലീസ് സംഭവസ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ച് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. കോട്ടയം മെഡിക്കല്‍ കോളജില്‍ ഫൊറന്‍സിക് സംഘം പരിശോധന നടത്തിയശേഷം പോസ്റ്റ്മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പോലീസ് അറിയിച്ചു.