ഭര്‍ത്താവിന്റെ അമിത ലഹരി ഉപയോഗം; തിരുവനന്തപുരത്ത് കത്തെഴുതി വെച്ചശേഷം 23കാരി ആത്മഹത്യ ചെയ്തു
കിളിമാനൂര്‍: ഭര്‍ത്താവിന്റെ അമിത ലഹരി ഉപയോഗത്തില്‍ മനംനൊന്ത് കത്തെഴുതി വെച്ച ശേഷം രണ്ടു കുട്ടികളുടെ അമ്മയായ യുവതി തൂങ്ങി മരിച്ചു. കിളിമാനൂര്‍ വെള്ളല്ലൂര്‍ മുട്ടച്ചല്‍ വല്ലക്കോട് വിനീത ഭവനില്‍ വിജയകുമാര്‍- രാധാ ദമ്പതികളുടെ മകള്‍ വിനീത ( 23) ആണ് മരിച്ചത്. വീടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്.
അഞ്ച് വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. നാലും ഒന്നരയും വയസുള്ള രണ്ടു പെണ്‍കുട്ടികളാണ് വിനീതയ്ക്ക്. അമിതമായി ലഹരിക്കടിമയായ ഭര്‍ത്താവിനെ ഒരു തരത്തിലും നിയന്ത്രിക്കാന്‍ കഴിയാത്തതിലുള്ള മനോവിഷമത്തില്‍ കഴിഞ്ഞ കുറച്ച് നാളുകളായി ഭര്‍ത്താവും കുട്ടികളുമൊത്ത് മാതാപിതാക്കളുടെ വീട്ടിലായിരുന്നു വിനീത താമസിച്ചു വന്നിരുന്നത്.
സംഘം ചേര്‍ന്നുള്ള ഭര്‍ത്താവിന്റെ അമിത ലഹരി ഉപയോഗത്തില്‍ സഹികെട്ട വിനീത ഭര്‍ത്താവിനെ വകവരുത്തുന്നതിനെ കുറിച്ചുപോലും ചിന്തിച്ചിരുന്നതായി ആത്മഹത്യ കുറിപ്പില്‍ പറയുന്നു. എന്നാല്‍, അത് കുട്ടികളുടെ ഭാവി ജീവിതത്തിന് കളങ്കമാകുമെന്നതിനാല്‍ പിന്‍തിരിയുകയായിരുന്നുവത്രെ. ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ മൃതദേഹ പരിശോധന നടത്തും. ഭര്‍ത്താവ്: സുധീഷ്, മക്കള്‍: സുരക്ഷിത, സുകൃത. സംഭവത്തില്‍ കിളിമാനൂര്‍ പോലീസ് കേസെടുത്തു.