NationalNewsTechnology

കൊളംബിയയില്‍ കത്തിച്ചാമ്പലായ കല്‍പ്പന ചൗള, അപ്പോളോ 1 ല്‍ എരിഞ്ഞടങ്ങിയ 7 ബഹിരാകാശ യാത്രികര്‍, 73 സെക്കണ്ടില്‍ കത്തിയമര്‍ന്ന ആകാശ ടൈറ്റാനിക് ചലഞ്ചര്‍; വിജയകഥകള്‍ മാത്രമല്ല ബഹിരാകാശയാത്രകള്‍ക്ക് പറയാന്‍ കണ്ണീരിന്റെ കഥകളും

വാഷിംഗ്ടണ്‍1: 969 ജൂലൈ 16 മനുഷ്യന്‍ ചന്ദ്രനില്‍ എത്തിയ വാര്‍ത്ത ലോകത്തെ അറിയിക്കാന്‍ തയ്യാറെടുത്ത അമേരിക്കന്‍ പ്രസിഡന്റ് റിച്ചാര്‍ഡ് നിക്സന്റെ കൈയില്‍ രണ്ട് പ്രസംഗങ്ങള്‍ ഉണ്ടായിരുന്നു. ഒന്ന് വിജയിച്ചാല്‍ പറയേണ്ട വാക്കുകള്‍, മറ്റേത് പരാജയപ്പെട്ടാല്‍ പറയേണ്ട അനുശോചനം! ” സമാധാനപൂര്‍വം പര്യവേക്ഷണം നടത്താന്‍ ചന്ദ്രനിലേക്ക പോയവര്‍, ചന്ദ്രന്റെ മടിത്തട്ടില്‍ തന്നെ അന്ത്യവിശ്രമം കൊള്ളണം എന്ന് വിധി നിശ്ചയിച്ചിരിക്കുന്ന. ധീരരായ ഇവര്‍ക്ക് അറിയാം, ജീവിതത്തെ സംബന്ധിച്ച പ്രതീക്ഷകള്‍ അസ്തമിച്ചെന്ന്. ഒപ്പം ഈ ജീവത്യാഗത്തിലുടെ മനുഷ്യരാശിക്ക് പ്രതീക്ഷകള്‍ നല്‍കാനുണ്ടെന്നും”- ഇങ്ങനെയുള്ള ഒരു അനുശോചന പ്രസംഗവും നിക്സന്റെ കൈയില്‍ ഉണ്ടായിരുന്നു. പക്ഷേ അത് വേണ്ടിവന്നില്ല എന്നത് ചരിത്രം.

ബഹിരാകാശയാത്രകള്‍ അങ്ങനെയാണ് ഏത് നിമിഷവും പരാജയപ്പെടാം. എപ്പോഴും മരണം കൂടെയുണ്ട്. അത് യാത്രികര്‍ക്കും നന്നായി അറിയാം. എന്നിട്ടും പുതിയ പുതിയ കണ്ടെത്തലുകള്‍ക്കായി, പുതിയ ആകാശങ്ങള്‍ തേടി, അവര്‍ സ്വമേധയാ രംഗത്തിറങ്ങുന്നു. എട്ടു ദിവസത്തെ ദൗത്യത്തിന് പോയി ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയ സുനിതയേയും ബുച്ച് വില്‍മോറും, 9 മാസത്തിനുശേഷം മടങ്ങിയെത്തുമ്പോള്‍ അതില്‍ ബഹിരാകാശ യാത്രികര്‍ക്ക് അത്ഭുതമൊന്നുമില്ല. കാരണം ഈ പണി അങ്ങനെയാണ്. മുന്‍ അപകടങ്ങളില്‍നിന്ന് പാഠം പഠിച്ച്, ബഹിരാകാശ യാത്രികരുടെ സുരക്ഷ നോക്കിയതുകൊണ്ടാണ് സുനിതയുടെ യാത്ര ഇത്രയും വൈകിയതും.

നാസയ്ക്ക് മുന്‍പിലുണ്ടായിരുന്നത് ലോകം നടുങ്ങിയ ചലഞ്ചറും കൊളംബിയയും അടക്കമുള്ള അപകടങ്ങളായിരുന്നു. ഈ ദുരന്തങ്ങള്‍ തന്നെയാണ് ബഹിരാകാശപര്യവേഷണങ്ങളില്‍ സുരക്ഷയെ കുറിച്ചുള്ള നാസയുടെ സമീപനത്തെയും സ്വാധീനിച്ചത്. കൊളംബിയ, ചലഞ്ചര്‍ ദുരന്തങ്ങളില്‍ നിന്ന് പഠിച്ച പാഠങ്ങള്‍ സുനിതയുടെയും, വില്‍മോറിന്റെയും തിരിച്ചുവരവ് വൈകിപ്പിക്കാനുള്ള നാസയുടെ തീരുമാനത്തെ വളരെയധികം സ്വാധീനിച്ചുവെന്ന് നാസ അഡ്മിനിസ്ട്രേറ്റര്‍ ബില്‍ നെല്‍സണ്‍ തന്നെ പറയുന്നുണ്ട്. നമ്മള്‍ ഫ്ളൈറ്റില്‍ പോവുന്നതുപോലെയുള്ള ഒരു യാത്രയല്ല, ബഹിരാകാശ യാത്ര. അതില്‍ അനിശ്ചിതത്വം എപ്പോഴുമുണ്ട്. നിരവധി മനുഷ്യസ്നേഹികളായ ധീരന്‍മ്മാരുടെ ജീവന്‍ ബലി നല്‍കിയാണ്, നാസയടക്കമുള്ള സ്പേസ് ഏജന്‍സികള്‍ ഇന്നുകാണുന്ന നിലയിലേക്ക് മാറിയത്.

പല കാലങ്ങളിലായി അമേരിക്കയുടെ കോടിക്കണക്കിന് ഡോളര്‍ ഉപയോഗിച്ച് നാസ നടത്തിയ പല ഗവേഷണങ്ങളുമാണ് ഇന്ന് സാറ്റലൈറ്റ് ടെക്ക്നോളജിയായി, ടെലിവിഷനായി, മൊബൈല്‍ സാങ്കേതികവിദ്യയായി ഒക്കെ ലോകത്തിലെ മൂഴുവന്‍ മനുഷ്യര്‍ക്കും പ്രയോജനപ്പെടുന്നത്. ആ രീതിയില്‍ നോക്കുമ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ ദാരിദ്രലഘൂകരണ സംഘടന കൂടിയാണിത്! നാസയുടെ കണ്ടെത്തലുകള്‍ക്ക് ഒന്നും പേറ്റന്റില്ല. ആര്‍ക്കും ഉപയോഗിക്കാവുന്ന ആ ഫ്രീ ടെക്ക്നോളജിയുടെ ചുവടുപിടിച്ചാണ്, ലോകം ഇന്ന് ഇത്രയും വളര്‍ന്നത്.

ഏകദേശം 150 പ്രാവശ്യം മനുഷ്യനെ ഭൂമിയുടെ ഭ്രമണപഥത്തില്‍ എത്തിച്ചിട്ടുണ്ട് നാസ. 1958-ല്‍ ഔദ്യോഗികമായി രൂപം കൊണ്ട നാസയുടെ ചരിത്രം നാഷണല്‍ അഡൈ്വസറി കമ്മറ്റി ഫോര്‍ എയ്റോനോട്ടിക്സിന്റെ (എന്‍.എ.സി.എ. ) രൂപീകരണത്തോടെയാണ് ആരംഭിക്കുന്നത്. വ്യോമയാനരംഗത്ത്, യൂറോപ്യന്‍ രാജ്യങ്ങളുടെ പിറകിലായിരുന്ന അമേരിക്കയെ മുന്നിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ ചാള്‍സ് ഡി. വാല്‍ക്കോട്ടിന്റെ നേതൃത്വത്തിലാണ് 1915-ല്‍ എന്‍.എ.സി.എ. രൂപംകൊള്ളുന്നത്. ‘വ്യോമയാനരംഗത്തെ പുരോഗതിക്കായി ഒരു സൈനികേതര ഏജന്‍സി’ എന്ന വാല്‍ക്കോട്ടിന്റെ ആശയമായിരുന്നു ഇതിന്റെ അടിത്തറ. എന്‍.എ.സി.എ. എന്ന 46 വര്‍ഷം പഴക്കമുള്ള ഗവേഷണസ്ഥാപനം ‘നാസ’യായി മാറുമ്പോള്‍ 4 പരിക്ഷണ ശാലകളും 80 തൊഴിലാളികളുമാണ് ഉണ്ടായിരുന്നത്.അന്ന് സോവിയറ്റ് യൂണിയനുമായുള്ള ശീതയുദ്ധത്തിന്റെ കാലമായിരുന്നു. അതുകൊണ്ടുതന്നെ ബഹിരകാശ നേട്ടങ്ങള്‍ എന്നത് ഓരോ അമേരിക്കക്കാരന്റെയും, ആവേശമായി. അമേരിക്കന്‍ ഇലക്ഷനുകളുടെ അജണ്ടപോലും, ചന്ദ്രയാത്ര മാറ്റിമറിച്ചു.

1958 ജനുവരി 31ന് എക്സ്‌പ്ലോറര്‍ 1 ഭ്രമണപഥത്തില്‍ എത്തിച്ചതോടെയാണ് നാസ അംഗീകരിക്കപ്പെടുന്നത്. നാസയുടെ തുടക്കം മുതല്‍ക്കെ ലക്ഷ്യമിട്ടത് മനുഷ്യനെ എങ്ങനെ വിജയകരമായി ബഹിരാകാശത്ത് എത്തിക്കാമെന്നായിരുന്നു. സോവിയറ്റ് യൂനിയനും ബഹിരാകാശ ഗവേഷണ രംഗത്തെ ഈ മത്സരയോട്ടത്തിനുണ്ടായിരുന്നു. ഈ യുദ്ധത്തില്‍, വേര്‍ണല്‍ വോണ്‍ വെര്‍ണലിന്റെ നേതൃത്വത്തിലുള്ള ജര്‍മന്‍ റോക്കറ്റ് പ്രോഗ്രാമിന്റെ പ്രവേശനം നിര്‍ണ്ണായകമായിരുന്നു. രണ്ടാം ലോക മഹാ യുദ്ധത്തിനു ശേഷം അമേരിക്കന്‍ പൗരന്‍ ആയ വെര്‍ണല്‍ ഇന്ന് ‘അമേരിക്കന്‍ ബഹിരാകാശ പരിപാടിയുടെ പിതാവായി അറിയപ്പെടുന്നു.

തുടര്‍ന്ന് അങ്ങോട്ട് നാസയുടെ കാലമായിരുന്നു. മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന അമേരിക്കയുടെ ആദ്യ സംരംഭം ‘പ്രോജെക്റ്റ് മെര്‍കുറി'(1958) എന്നാണ് അറിയപ്പെടുന്നത്. ഇതിന്റെ ഭാഗമായി 1961 മെയ് 5നു ‘ഫ്രീഡം 7’ എന്ന ഉപപരിക്രമണ ബഹിരാകാശ പേടകം പറപ്പിച്ചു കൊണ്ട് ‘അലന്‍ ഷെപാര്‍ഡ്’ ആദ്യ അമേരിക്കന്‍ ബഹിരാകാശ സഞ്ചാരിയായി. തുടര്‍ന്ന് 1962-ല്‍ ‘ഫ്രണ്ട്ഷിപ്പ്-7’എന്ന പേടകത്തില്‍ ഭൂമിയെ ചുറ്റി സഞ്ചരിച്ച (അഞ്ചേകാല്‍ മണികൂര്‍) ആദ്യ അമേരിക്കന്‍ എന്ന ബഹുമതി ജോണ്‍ ഗ്ലെന്‍ നേടിയെടുത്തു.

മെര്‍ക്കുറി പ്രൊജക്റ്റ് വിജയകരമായതിനു ശേഷം നാസയുടെ കണ്ണുകള്‍ ചന്ദ്രനില്‍ പതിഞ്ഞത്. അതിനായി ‘പ്രൊജക്റ്റ് ജെമിനി’ എന്ന പദ്ധതി ആവിഷ്‌കരിച്ചു. പത്തോളം ദീര്‍ഘ സമയ ബഹിരാകാശ യാത്രകള്‍ സംഘടിപ്പിച്ചു. ഇതില്‍ ആദ്യത്തെത് 1965 മാര്‍ച്ച് 23 ന് ഗസ് ഗ്രിസോം, ജോണ്‍ യങ്ങ് എന്നിവരെയും കൊണ്ട് പറന്നത് ‘ജെമിനി-3 ആയിരുന്നു. തുടര്‍ന്നാണ് അപ്പോളോ പ്രോഗ്രാം ഉണ്ടായത്. 1969 ജൂലായ് 21-ന് നീല്‍ ആംസ്ട്രോങ്, എഡ്വിന്‍ ആള്‍ഡ്രിന്‍ എന്നിവര് ചന്ദ്രനില്‍ കാലുകുത്തിയതോടെ നാസയുടെ കീര്‍ത്തിലോകമെമ്പാടും പരന്നു.

അതിനുശേഷവും ലോകത്തെ ഞെട്ടിച്ച പലപരിപാടികളും നാസ നടത്തി. ഇതിലൊന്നായിരുന്നു ഭൂപരിക്രമണപഥത്തിലേക്ക് അയച്ച ആദ്യ അമേരിക്കന്‍ സ്പേസ് സ്റ്റേഷനായ സ്‌കൈലാബ്. തുടര്‍ന്ന് ഇന്റര്‍ നാഷ്ണല്‍ സ്പേസ് സ്റ്റേഷനില്‍വരെ ( ഐഎസ്എസ്) നാസയുടെ ശക്തമായ ഇടപെടലുകളുണ്ട്. ഭൂമിക്ക് വളരെ അടുത്ത ഭ്രമണപഥത്തില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരു ഗവേഷണശാലയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം. 1998-ല്‍ ആണ് ഈ നിലയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. ഭൂമിയില്‍നിന്നും നഗ്നനേത്രങ്ങള്‍ക്കോണ്ട് കാണാവുന്ന ഈ നിലയം 386.24 കിലോമീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുകയും 28000 കി.മി വേഗത്തില്‍ സഞ്ചരിക്കുകയും ചെയ്യുന്നു. പ്രധാനമായും മൈക്രോ ഗ്രാവിറ്റിയില്‍ നടത്തുന്ന ശാസ്ത്രീയ പരീക്ഷണങ്ങള്‍ക്ക് വേണ്ടിയാണ് നിലയം നിര്‍മിച്ചത്. നാസ മാത്രമല്ല ഇതിലുളളത്. 16 രാഷ്ട്രങ്ങള്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നു. ഇപ്പോള്‍ വീണ്ടും മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള ശ്രമത്തിലാണ് നാസ.

ഇങ്ങനെ ഒരുപാട് നേട്ടങ്ങളുടെ ചരിത്രം ഉണ്ടെങ്കിലും, ഒരുപാട് ദുരന്തങ്ങളിലുടെയും പരാജയങ്ങളിലുടെയും നാസ കടന്നുപോയിട്ടുണ്ട്. ഓരോ ദുരന്തങ്ങളില്‍നിന്നും അവര്‍ ഒരുപാട് പഠിക്കുകയും ചെയ്യുന്നു. ബഹിരാകാശയാത്രക്ക് പോവുന്ന ഓരോ സഞ്ചാരിക്കും അറിയാം, അവര്‍ അത് എഴുതി ഒപ്പിട്ടുകൊടുക്കുന്നതാണ്, ഏത് നിമിഷവും അപ്രതീക്ഷിത ദുരന്തം വന്നെത്താമെന്ന്. എന്നിട്ടും അവര്‍ പുതിയ അറിവുകള്‍ തേടിയുള്ള മനുഷ്യന്റെ യാത്രയില്‍ പങ്കാളികളാവുന്നു. സ്വന്തം ജീവന്‍ ഹോമിച്ചും ലോകത്തിന് വലിയ നേട്ടങ്ങള്‍ ഉണ്ടാക്കിക്കൊടുക്കാന്‍ ശ്രമിക്കുന്നു.

ഭൂപരിക്രമണപഥത്തിലേക്ക് അയച്ച ആദ്യ അമേരിക്കന്‍ സ്പേസ് സ്റ്റേഷന്‍ ആണ് സ്‌കൈലാബ്. 75-ടണ്‍ ഭാരമുള്ള ഈ സ്പേസ് സ്റ്റേഷന്‍ 1973 മുതല്‍ 1979 വരെ പ്രവര്‍ത്തനസജ്ജമായിരുന്നു. 1973-ലും 74-ലും ആയി ബഹിരാകാശസഞ്ചാരികള്‍ ഇതു സന്ദര്‍ശിച്ചിട്ടുണ്ട്. സൗരയൂഥത്തിലെ ഗുരുത്വാകര്‍ഷണ വ്യതിയാനം പഠിക്കുക എന്നതായിരുന്നു ലക്ഷ്യം. മൈക്രോഗ്രാവിറ്റിയേക്കുറിച്ച് പഠിക്കുന്ന ഒരു പരീക്ഷണശാലയും സോളാര്‍ ഒബ്സര്‍വേറ്ററിയും ഇതില്‍ സജ്ജമാക്കിയിരുന്നു. എന്നാല്‍ രാഷ്ട്രീയകാരണങ്ങളും, ഫണ്ടിങ്ങിന്റെ പ്രശ്നവുംമൂലം ഇതിനെ ശരിയായി കൊണ്ടുപോകാന്‍ നാസക്ക് കഴിഞ്ഞില്ല. ആ സമയാണ് സ്‌കൈലാബ് താഴേക്ക് വീണ് ലോകം അവസാനിക്കുമെന്നുമൊക്കെ അഭ്യൂഹങ്ങള്‍ പരന്നത്. പക്ഷേ ഒന്നും ഉണ്ടായില്ല. 1979-ല്‍ ഭൗമാന്തരീക്ഷത്തില്‍ പ്രവേശിച്ച സ്‌കൈലാബ് കത്തിത്തകര്‍ന്നു

പക്ഷേ സ്‌കൈലാബിന് മാത്രമല്ല, ഏത് ബഹികാശ വിക്ഷേപണത്തിനും റിസ്‌ക്കുണ്ട്. മനുഷ്യനെ ചന്ദ്രനില്‍ എത്തുക എന്ന ലക്ഷ്യത്തോടെ അമേരിക്ക തുടങ്ങിയ അപ്പോളോ ദൗത്യത്തിന്റെ തുടക്കം തന്നെ വലിയ ദുരന്തമായിരുന്നു. ഗ്രീക്ക് പുരാണത്തിലെ സൂര്യദേവന്‍ അപ്പോളോയെ അവലംബിച്ചാണ് ഐതിഹാസികമായ ചാന്ദ്രയാത്രാപദ്ധതിക്ക് അപ്പോളോ പദ്ധതി എന്നു പേരിട്ടത്. യു.എസ്. പ്രസിഡന്റ് ഐസനോവറിന്റെ കാലത്താണ് അപ്പോളോ പദ്ധതിയുടെ പ്രാഥമിക രൂപരേഖ തയ്യാറാക്കപ്പെട്ടത്. ചന്ദ്രനെയും ചാന്ദ്രമണ്ഡലത്തേയും കുറിച്ച് മെര്‍ക്കുറി – ജെമിനി പദ്ധതികള്‍, യു.എസ്.എസ്.ആറിന്റെ ലൂണാര്‍ പദ്ധതിധ തുടങ്ങിയവ നല്‍കിയ അറിവുകള്‍ അടിസ്ഥാനമാക്കി പ്രാതികൂലഘടകങ്ങളെ അതിജീവിക്കാന്‍ സാധിക്കുന്നവിധത്തിലാണ് അപ്പോളോ വാഹനങ്ങള്‍ രൂപകല്പന ചെയ്തത്.

സത്യത്തില്‍ സോവിയറ്റ് യൂണിയനെ വെല്ലണം എന്ന അമേരിക്കന്‍ പ്രസിഡന്റ് കെന്നഡിയുടെ ദൃഢ നിശ്ചയമായിരുന്നു ഈ പ്രൊജക്റ്റിന്റെ ഊര്‍ജം. അമേരിക്കയുടെ ബഹിരാകാശ ദൗത്യങ്ങള്‍ ഒന്നൊന്നായി പിഴക്കുകയും, സോവിയറ്റ് യൂണിയന്‍ അടിച്ച് കയറിവരികയും ചെയ്യുന്ന കാലമായിരുന്നു അത്. ആ സമയത്ത് കെന്നഡി പ്രഖ്യാപിച്ചു-” ചന്ദ്രനില്‍ ആളെ ഇറക്കുകയും, തിരികെ ഭൂമിയില്‍ സുരക്ഷിതമായി എത്തിക്കയും ചെയ്യുന്ന ആദ്യരാജ്യം അമേരിക്കയായിരിക്കും”. പ്രസിഡന്റ് പറഞ്ഞതിന് വില കൊടുക്കേണ്ടിവന്നത് നാസയാണ്. അവര്‍ രാപ്പകലില്ലാതെ ശ്രമിച്ചു. ആദ്യത്തെ പത്ത് പരിശ്രമങ്ങള്‍ക്ക് ശേഷമാണ് ഒന്ന് വിജയിച്ചത്.

ആദ്യത്തെ അപ്പോളോ വാഹനം 1967 ജനുവരി 27-നു പ്രയാണ സജ്ജമായി. 14 ദിവസം ബഹിരാകാശത്തില്‍ ഭൂമിയെ ചുറ്റി പറക്കാനാണ് അപ്പോളോ 1 തയ്യാറാക്കിയത്. വെര്‍ജില്‍ ഗ്രിസ്സം, എഡ്വേര്‍ഡ് വൈറ്റ് ,റോജര്‍ ചാഫി എന്നിവര്‍ കയറിയ അപ്പോളോ വാഹനം പക്ഷേ ദുരന്തത്തിലേക്കാണ് പോയത്. പരീക്ഷണത്തിനിടയില്‍ തീ പിടിച്ചതോടെ, മൂന്നു ബഹിരാകാശയാത്രികരും എരിഞ്ഞു ചാമ്പലായി. ഈ ദുരന്തം അപ്പോളോ പദ്ധതിയെ സാരമായി ബാധിച്ചു. വൈദ്യുത ബന്ധങ്ങള്‍ക്കു നേരിട്ട തകരാറുകളാണ് പ്രശ്നമായത്. ഓക്സിജന്‍ ടോക്സിസിറ്റി എന്ന് ഇത് പിന്നീട് വിലയിരുത്തപ്പെട്ടു.

20 മാസള്‍ക്കുശേഷം വീണ്ടും നാസ ശ്രമിച്ചു. അപ്പോളോ 6വരെയുള്ള ദൗത്യങ്ങള്‍ ആളില്ലാതെയുള്ള പരീക്ഷണ പറക്കലുകളായിരുന്നു. എഴും, എട്ടും ദൗത്യങ്ങളില്‍ മനുഷ്യനെ ഉള്‍പ്പെടുത്തി. അപ്പോളോ 8ലെ സഞ്ചാരികള്‍ മനുഷ്യനെ ചന്ദ്രന്റെ ഭ്രമണപഥത്തില്‍ എത്തിച്ചു. പത്താമത്തെ ദൗത്യത്തോടെ ചന്ദ്രനില്‍ ഇറങ്ങുന്നതൊഴിച്ച് എല്ലാം പുര്‍ത്തിയാക്കി. ചന്ദ്രോപരിതലത്തിന് ഏതാനും കിലോമീറ്റര്‍ അടുത്തവരെ എത്തിയ അപ്പോളോ 10 ആണ് ചാന്ദ്രദൗത്യം യാഥാര്‍ത്ഥ്യമാവുമെന്ന് വിശ്വാസത്തിന് ആക്കം കൂട്ടിയത്. തുടര്‍ന്നാണ് ചരിത്രം കുറിച്ച 11ാം ദൗത്യമുണ്ടായത്. 1969-ല്‍ നീല്‍ ആംസ്ട്രോങ്ങും, എഡ്വിന്‍ ആല്‍ഡ്രിനും, മൈക്കല്‍ കോളിന്‍സും, ഫ്ളോറിഡ ഐലന്‍ഡില്‍നിന്ന് യാത്ര തിരിക്കുമ്പോള്‍, 10ലക്ഷത്തോളം പേരാണ് അവര്‍ക്ക് ആശംസ നേരാനെത്തിയത്! അവര്‍ ചരിത്രം കുറിക്കുകയും ചെയ്തു.

പക്ഷേ നാസ നിര്‍ത്തിയില്ല. അപ്പോളൊ 20വരെയുള്ള മിഷന്‍ അവര്‍ പ്രഖ്യാപിച്ചു. അപ്പോളോ 13 ഒഴികെയുള്ള ആറ് ദൗത്യങ്ങളും വിജയമായി. പത്തുപേര്‍ പിന്നെയും ചന്ദ്രനില്‍ ഇറങ്ങി. പക്ഷേ അപ്പോളോ 13ന്റെത് അസാധാരണമായ ഒരു രക്ഷാദൗത്യവുമായിരുന്നു. അതിന്റെ മുന്നില്‍നോക്കിയാല്‍ ഇന്ന് സുനിത വില്യംസിന്റെ റെസ്‌ക്യൂ ഒന്നും ഒന്നുമല്ല. 1970 ഏപ്രില്‍ 11-ന് ഇന്ത്യന്‍ സമയം രാത്രി 12.43 നാണ് അപ്പോളോ 13 പുറപ്പെട്ടത്. ജയിംസ് ലോവല്‍, ഫ്രെഡ് ഹൈസ്, ജാക്ക് സൈ്വഗര്‍ എന്നിവരായിരുന്നു യാത്രക്കാര്‍. ഓക്സിജന്‍ ടാങ്കിന്റെ പുറത്തെ പാളി പൊട്ടിത്തെറിച്ചതുമൂലം ചന്ദ്രനിലേക്കുള്ള യാത്ര തുടരാന്‍ നവൃത്തിയില്ലാതെ ഏപ്രില്‍ 17-ന് അവര്‍ പസഫിക്ക് സമുദ്രത്തില്‍ ഇറങ്ങി. പക്ഷേ ഇവരെ അവിടെനിന്ന് അതിവിദഗ്ധമായി തിരിച്ചുകൊണ്ടുവന്നു. മാര്‍ഗ്ഗമദ്ധ്യേ അപകടം പിണഞ്ഞാലും ഒരു ബഹിരാകാശ വാഹനത്ത തിരിച്ചുകൊണ്ടുവരാന്‍ സാധിക്കുമെന്ന് വ്യക്തമാക്കുന്നതായിരുന്നു അപ്പോളോ 13-ന്റെ തിരിച്ചെത്തല്‍.

1970-80 കളിലാണ് സ്പേസ് ഷട്ടില്‍ എന്ന ആശയത്തില്‍ നാസ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നത്. 1985-ഓടെ നാല് സ്പേസ് ഷട്ടില്‍ നിര്‍മ്മിക്കാനും നാസക്ക് കഴിഞ്ഞു. തുടര്‍ച്ചയായി വീണ്ടും വീണ്ടും വിക്ഷേപിക്കാവുന്ന ബഹിരാകാശ വാഹനങ്ങളാന്നു സ്പേസ് ഷട്ടിലുകള്‍. 1981 ഏപ്രില്‍ 12 നായിരുന്നു, ആദ്യ സ്പേസ് ഷട്ടിലായ കൊളംബിയയുടെ വിക്ഷേപണം. 1986-ല്‍ ‘ചലഞ്ചര്‍’ വിക്ഷേപിച്ചുവെങ്കിലും അത് ദുരന്തമായി.

ആകാശത്തെ ടൈറ്റാനിക്ക് ദുരന്തമെന്നാണ്, 1986, ജനുവരി 28ന് ഉണ്ടായ ചലഞ്ചര്‍ ദുരന്തത്തെ വിശേഷിപ്പിക്കുന്നത്്്. കാരണം ടൈറ്റാനിക്കിനെപ്പോലെ ചലഞ്ചറും ഒരിക്കലും തകരില്ല എന്നും അത് ഒരു പെര്‍ഫക്റ്റ് പേടകമാണെന്നും, സൃഷ്ടാക്കാള്‍ക്ക് അഭിപ്രായമുണ്ടായിരുന്നു. പക്ഷേ വിക്ഷേപണത്തറയില്‍ നിന്നും ഉയര്‍ന്നു പൊങ്ങി 73 സെക്കന്റിനു ശേഷം അത് ദുരന്തത്തില്‍ കലാശിച്ചു. വാഹനത്തിലെ ഏഴു ബഹിരാകാശ സഞ്ചാരികളും മരിച്ചു!

ഇന്ന് ലോക ബഹിരാകാശ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളില്‍ ഒന്നായാണ് ചലഞ്ചര്‍ ദുരന്തം കണക്കാക്കുന്നത്. ചലഞ്ചറെന്ന സ്പേസ് ഷട്ടില്‍ ഓര്‍ബിറ്റര്‍, ഫ്ളോറിഡയിലെ കേപ് കാനവറലില്‍നിന്നാണ് വിക്ഷേപിച്ചത്. സ്പാര്‍ട്ടന്‍ ഹാലി സ്പേസ്‌ക്രാഫ്റ്റ് എന്ന പേടകത്തെയും, ട്രാക്കിങ്ങ് ആന്‍ഡ് ഡേറ്റ റിലേ സാറ്റലൈറ്റ് എന്ന ഉപഗ്രഹത്തെയും ബഹിരാകാശത്ത് എത്തിക്കാനുള്ള ദൗത്യവുമായിട്ടാണ് ചലഞ്ചര്‍ പോയത്. ബഹിരാകാശ യാത്രക്കായി നാസ നടത്തിയ ഒരു മത്സരം ജയിച്ചാണ്, ക്രിസ്റ്റ് മക്കോലിഫായിയെന്ന, അധ്യാപിക ഈ സംഘത്തിലെത്തിയത്. സ്പേസിലെ അനുഭവം തന്റെ കുട്ടികളോട് പറയുക എന്നതായിരുന്നു അവരുടെ യാത്രയുടെ ഉദ്ദേശം. പക്ഷേ അവരും ചാമ്പലായി.

വിക്ഷേപണം തുടങ്ങി 73 സെക്കന്‍ഡുകള്‍ കുഴപ്പമില്ലാതെ കടന്നുപോയി. അപ്പോഴേക്കും പേടകം 14 കിലോമീറ്റര്‍ ഉയര്‍ത്തതിലെത്തിയിരുന്നു. പിന്നീട് ഒരു പൊട്ടിത്തറി. കണ്‍ട്രോള്‍ സെന്റിലുള്ളവര്‍ ഞെട്ടിത്തരിച്ചു നോക്കിയപ്പോഴേക്കും ചലഞ്ചര്‍ തകര്‍ന്ന് തരിപ്പണമായി മേഘസമാനമായി മാറിയിരുന്നു. അന്റ്ലാന്റിക്ക് സമുദ്രത്തിലേക്കാണ് പേടകത്തിന്റെ ശേഷിപ്പുകള്‍ വീണത്. വലിയ തോതില്‍ തിരിച്ചലുകള്‍ നടത്തിയെങ്കിലും, യാത്രസംഘത്തിന്റെ ഒരു വിവരവും ലഭിച്ചില്ല. ദീര്‍ഘകാലത്തിന് ശേഷമാണ് പേടകത്തിന്റെ അവശിഷ്ടങ്ങള്‍ ലഭിച്ചത്.

ഈ ദുരന്തത്തോടെ വലിയ പ്രതിഷേധമാണ് നാസക്കെതിരെ ഉണ്ടായത്. നിരവധി സാങ്കേതിക തടസ്സങ്ങള്‍ വിക്ഷേപണത്തിന് മുമ്പ് ഉണ്ടായിരുന്നു. പലതവണ വിക്ഷേപണം മാറ്റി. ഒടുവില്‍ നിശ്ചയിച്ച യാത്രക്ക് തലേന്ന് ഫ്ളോറിഡയിലാകമാനം ശക്തമായ ശീതതരംഗം അടിച്ചിരുന്നു. എന്നിട്ടും എന്തുകൊണ്ട് വിക്ഷേപണം മാറ്റിവെച്ചില്ല എന്നൊക്കെ ചോദിച്ച മാധ്യമങ്ങള്‍ നാസയെ നിര്‍ത്തിപ്പൊരിച്ചു. പക്ഷേ അതും പിന്നീട് ബഹിരകാശയാത്രാ സുരക്ഷയില്‍ നിര്‍ണ്ണായകമായ പല പാഠങ്ങളും നല്‍കി. ചലഞ്ചറിന്റെ തകര്‍ച്ചക്ക് കാരണം എന്തെന്ന് പിന്നീട് നാസ കണ്ടെത്തുകയും ചെയ്തു.

വലതുഭാഗത്തെ ഖര ഇന്ധന റോക്കറ്റ് ബൂസ്റ്ററിന്റെ ഒരു സന്ധിയിലെ ഒ-റിങ്ങ് സീലില്‍ ഉണ്ടായ ചോര്‍ച്ചയായിരുന്നു പ്രശ്നം. ഇതിനെത്തുടര്‍ന്ന് വലതുഭാഗത്തെ സന്ധി തകരുകയും ബൂസ്റ്ററിന്നുള്ളില്‍ നിന്ന് തീവ്രമര്‍ദ്ദത്തില്‍ പുറത്തെത്തിയ ഉയര്‍ന്ന താപനിലയുള്ള വാതകം പുറമേയുള്ള ഇന്ധന ടാങ്കിന്ന് സാരമായ കേടുപാടുകള്‍ വരുത്തി ഒരു പൊട്ടിത്തെറിയില്‍ കലാശിക്കുകയും ചെയ്തു. പുറമേക്ക് നിസ്സാരമെന്നു തോന്നാവുന്ന ഈ വളരെ ചെറിയ ഒരു ഘടകഭാഗത്തിന്റെ തകരാറ് ചരിത്രത്തിലെ ഏറ്റവും വലിയ ബഹിരാകാശ ദുരന്തങ്ങളിലൊന്നിന് കാരണമായി. അതാണ് ബഹിരാകാശയാത്രയുടെ ഏറ്റവും വലിയ അപകട സാധ്യത. ഒരു പൊടി മതി കാര്യങ്ങള്‍ ആകെ അട്ടിമറിക്കാന്‍.

ചലഞ്ചറിനുശേഷം ലോകത്തെ നടുക്കിയ ബഹികാശ ദുരന്തമായിരുന്നു, കൊളംമ്പിയ ദുരന്തം. ഇന്ത്യയെ തീരാവേദനയിലാഴ്ത്തിയ ദുരന്തമായിരുന്നു ഇത്. 2003 ജനുവരിയില്‍ പറന്നുയര്‍ന്ന കൊളംബിയ ദൗത്യം രണ്ടാഴ്ച പിന്നിട്ട് 2003 ഫെബ്രുവരി 1 ന് ഭൂമിയില്‍ തിരിച്ചിറങ്ങുന്നതിനിടെ ദുരന്തം ചിറകുവിരിച്ചിറങ്ങി. വാഹനത്തിലുണ്ടായിരുന്ന ഇന്ത്യയുടെ കല്‍പന ചൗള ഉള്‍പ്പെടെയുള്ള എഴ് യാത്രക്കാരുടെ ആകാശ സ്വപ്നങ്ങളാണ് അവിടെ പൊലിഞ്ഞത്. പേടകത്തിന്റെ ഇടതുചിറകിന്റെ താപകവചത്തിന് സംഭവിച്ച കേടുപാടാണ് അപകടത്തിന് കാരണമായത്. ഭൗമാന്തരീക്ഷത്തിലേക്കുള്ള തിരിച്ചിറക്കത്തില്‍ ഉയര്‍ന്ന താപനിലയില്‍ ചിറകിന് തീപിടിച്ചു കത്തിത്തുടങ്ങി. ഭൂമിയില്‍ നിന്നു രണ്ടരലക്ഷം അടി മുകളില്‍ ശബ്ദവേഗത്തിന്റെ 23 ഇരട്ടിയില്‍ സഞ്ചരിക്കുകയായിരുന്ന കൊളംബിയ തകര്‍ന്നു തുടങ്ങി. മിനുട്ടുകള്‍ക്കു ശേഷം കൊളംബിയ ഒരു അഗ്നിഗോളമായി കത്തിയമര്‍ന്നു.

ബഹിരാകാശ യാത്രകള്‍ നേട്ടങ്ങളായി മാത്രമല്ല കലാശിക്കുകയെന്നും, നൊടിയിടയില്‍ ദുരന്തപര്യവസായിയായി മാറിയേക്കാമെന്ന യാഥാര്‍ഥ്യം വെളിപ്പെടുത്തിയ ദുരന്തമായിരുന്നു, ലാന്‍ഡിങിന് വെറും 16 മിനിറ്റ് മുന്‍പ് സംഭവിച്ച കൊളംബിയ ദുരന്തം. ഇതും നാസക്കെതിരെ വലിയ പ്രതിഷേധമുണ്ടാക്കി. ഇടതുചിറകിലെ പ്രശ്നം യാത്രികരെ അറിയിച്ച് വേണമെങ്കില്‍ പരിഹാരമുണ്ടാക്കാമായിരുന്നെന്നും അതല്ലെങ്കില്‍ കൊളംബിയ ദൗത്യ സംഘത്തെ രണ്ടാഴ്ച കൂടി ബഹിരാകാശത്ത് നിര്‍ത്തി പിന്നീടുള്ള ദൗത്യമായ അറ്റ്‌ലാന്റിസിന്റെ സഹായത്തോടെ അറ്റകുറ്റപ്പണി നടത്താനും നാസയ്ക്ക് അവസരമുണ്ടായിരുന്നെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ബഹിരാകാശ പര്യവേഷണങ്ങളില്‍ നാസ പരിഹരിക്കേണ്ടിയിരുന്ന കാര്യമായ പോരായ്മകള്‍ ഈ സംഭവങ്ങള്‍ എടുത്തുകാണിക്കുകയായിരുന്നു.

ഈ മുന്‍ അനുഭവങ്ങളില്‍നിന്ന് ഒരുപാഠം പഠിച്ചതുകൊണ്ടാണ് നാസ, സുനിതയുടെയും വില്‍മോറിന്റെയും കാര്യത്തില്‍ അങ്ങേയറ്റത്തെ ജാഗ്രത കാട്ടിയത്.ചലഞ്ചര്‍- കൊളംബിയ ദുരന്തങ്ങളില്‍ നാസ പഠിച്ച ആദ്യത്തെ പാഠമാണ് ‘സേഫ്റ്റി ഫസ്റ്റ്’. ഇതിനെ തുടര്‍ന്ന നാസ തങ്ങളുടെ സുരക്ഷാ പ്രോട്ടോക്കോളുകളെ തന്നെ പുനര്‍നിര്‍മ്മിക്കുകയുണ്ടായി. ഇതിലെ ഏറ്റവും വലിയ മേന്‍മ പ്രശ്നങ്ങള്‍ ചെറുതോ വലുതോ ആകട്ടെ ഇവയെ കുറിച്ച് യാത്രികരുമായി സജീവ ആശയവിനിമയം നടത്തുക എന്നതായിരുന്നു. സുനിത വില്യംസിന്റെ തിരിച്ചുവരവിലും നാസയുടെ കൃത്യമായ ആശയ വിനിമയം പ്രകടമാണ്. ഒടുവില്‍ സ്റ്റാര്‍ലൈനറിന് പകരം സ്പേസ്എക്സ് ക്രൂ ഡ്രാഗണ്‍ ഉപയോഗിക്കാനുള്ള തീരുമാനം കൈക്കൊള്ളാന്‍ നാസയ്ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. തിരിച്ചെത്തിക്കാന്‍ ഉദ്ദേശിച്ചിരുന്ന ബോയിംഗ് സ്റ്റാര്‍ലൈനര്‍ ബഹിരാകാശ പേടകത്തെക്കുറിച്ചുള്ള സുരക്ഷാ ആശങ്കകളെ തുടര്‍ന്നാണ് ദൗത്യം ഇത്രയും നാള്‍ നീട്ടിവച്ചിരുന്നത്. എന്നാല്‍ അത് നാസയുടെ ദൗര്‍ബല്യമല്ലെന്നതാണ് എന്നത് ഈ വിജയകരമായ തിരിച്ചിറക്കം വെളിവാക്കുന്നത്. ഒപ്പം സുരക്ഷയോടുള്ള നാസയുടെ പ്രതിബദ്ധതതയും.

സുനിതയും വില്‍മോറും തിരിച്ചെത്തിയതോടെ അവരുടെ സുരക്ഷ സംബന്ധിച്ച ആകാംക്ഷകള്‍ക്ക് വിരാമമായെങ്കിലും, ഇതിന്റെ പേരില്‍ അമേരിക്കയില്‍ മറ്റൊരു വിവാദം ശക്തിപ്പെടുകയാണ്. അത് ബോയിങ് കമ്പനിയുടെ സ്റ്റാര്‍ലൈനര്‍ പേടകവും, ആ പേടകത്തില്‍ സുനിതയെയും വില്‍മോറിനെയും ബഹിരാകാശ നിലയത്തിലേക്ക് അയക്കാനുള്ള നാസയുടെ തീരുമാനവുമായി ബന്ധപ്പെട്ടതാണ്. സുനിതയും വില്‍മോറും 287 ദിവസം ബഹിരാകാശ നിലയത്തില്‍ പെടാനിടയായ സംഭവത്തിന്റെ വേരുകള്‍ തേടിപ്പോയാല്‍, സ്വന്തമായി ബഹിരാകാശ വാഹനമില്ലാത്ത നാസയുടെ ചരിത്രത്തിലേക്കാണ് നമ്മള്‍ എത്തുക.

1973 ആയിരുന്നു അമേരിക്കയുടെ അപ്പോളോ ദൗത്യം അവസാനിച്ചത്. അതോടെ നാസ സ്വന്തമായി ബഹിരാകാശ വാഹനമില്ലാത്ത ഏജന്‍സിയായി. 1981 ല്‍ സ്പേസ്ഷട്ടില്‍ പ്രോഗ്രാം തുടങ്ങും വരെ അതായിരുന്നു സ്ഥിതി. അതേസമയം, 1967 ല്‍ രംഗത്തെത്തിയ, സോവിയറ്റ് യൂണിയന്റെ വിശ്വസ്തമായ സോയുസ് വാഹനം പ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടിരുന്നു.

2011 വരെ ബഹിരാകാശത്ത് ആളെ അയക്കാനും സാധനങ്ങള്‍ എത്തിക്കാനും നാസക്ക് സ്പേസ്ഷട്ടിലുകള്‍ ഉണ്ടായിരുന്നു. സ്പേസ് ഷര്‍ട്ടിലുകളുടെ പ്രവര്‍ത്തനം 2011 ല്‍ നിര്‍ത്തിയതോടെ നാസ വീണ്ടും ബഹിരാകാശ വാഹനമില്ലാത്ത ഏജന്‍സിയായി. അതിനിടെ, 1998 ല്‍ നിര്‍മ്മാണം ആരംഭിച്ച അന്താരാഷ്ട്ര ബഹിരാകാശ നിലയം 2011 ആയപ്പോഴേക്കും പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തനസജ്ജമായി. ദൗര്‍ഭാഗ്യവശാല്‍ ആ സമയത്താണ് നാസ വാഹനം ഇല്ലാത്ത ഏജന്‍സിയായി വീണ്ടും മാറുന്നത്. ബഹിരാകാശ നിലയത്തിന്റെ നിര്‍മ്മാണത്തില്‍ നേതൃത്വപരമായ പങ്കുവഹിക്കുന്ന നാസയ്ക്ക് സ്വന്തം യാത്രികരെ നിലയത്തില്‍ എത്തിക്കാന്‍ റഷ്യയുടെ വാഹനത്തിന് വാടക നല്‍കേണ്ട അവസ്ഥയായി.

ആ പ്രതിസന്ധി തരണം ചെയ്യാന്‍ നാസ കണ്ടെത്തിയ മാര്‍ഗം രണ്ട് പ്രൈവറ്റ് കമ്പനികള്‍ക്ക് ബഹിരാകാശ വാഹനം നിര്‍മ്മിക്കാന്‍ കരാര്‍ നല്‍കുക എന്നതായിരുന്നു. ഇലോണ്‍ മസ്‌കിന്റെ സ്പേസ് എക്സ്, ബോയിങ് എന്നീ കമ്പനികള്‍ക്കാണ് നാസ 2014 ല്‍ കരാര്‍ നല്‍കിയത്. ബഹിരാകാശ വാഹനം വികസിപ്പിക്കാന്‍ സ്പേസ്എക്സിന്ത ന് 260 കോടി ഡോളര്‍ കോണ്‍ട്രാക്ട് നല്‍കിയപ്പോള്‍, പരിചയസമ്പന്നത കൂടുതലുള്ള കമ്പനി എന്ന നിലയില്‍ ബോയിങ്ങിന് 420 കോടി ഡോളര്‍ നല്‍കി.

സ്പേസ് എക്സ് കമ്പനി ആറ് വര്‍ഷം കൊണ്ട് അവരുടെ ഡ്രാഗണ്‍ വാഹനം വികസിപ്പിച്ചു. 2020 മുതല്‍ നാസ തങ്ങളുടെ ബഹിരാകാശ സഞ്ചാരികളെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിക്കുന്നത് ഡ്രാഗണ്‍ പേടകത്തിലാണ്. അതേസമയം, ബോയിങ് കമ്പനിക്ക് പത്ത് വര്‍ഷമായിട്ടും ഒരു ഫുള്‍ പ്രൂഫ് വാഹനം വികസിപ്പിക്കാനായില്ല. അവര്‍ രൂപം നല്‍കിയ ബഹിരാകാശ വാഹനമാണ് സ്റ്റാര്‍ലൈനര്‍. 2022 വരെ ആളില്ലാതെ സ്റ്റാര്‍ലൈനറില്‍ നടത്തിയ പരീക്ഷണങ്ങളില്‍ മൂന്നില്‍ രണ്ട് ഭാഗവും പരാജയമായിരുന്നു. അക്കാര്യം അവഗണിച്ച് 2024 ജൂണ്‍ അഞ്ചിന് സുനിതയെയും വില്‍മോറിനെയും ആ പേടകത്തില്‍ നാസ അയച്ചത് പിഴവായിരുന്നുവെന്നാണ് പറയുന്നത്.

സുനിതാ വില്ല്യംസിന്റെ ബഹിരാകാശ യാത്ര രാഷ്ട്രീയ വിവാദമാക്കുകയാണ് ട്രംപും ഇലോണ്‍ മസ്‌ക്കും ചെയ്തത്. ബൈഡന്‍ ഭരണകൂടം അവരെ ബഹിരാകാശത്ത് ഉപക്ഷേിച്ചുവെന്ന് നേരത്തെ മസ്‌ക്ക് പറഞ്ഞത് ട്രംപ് ഏറ്റുപിടിച്ചിരുന്നു. പക്ഷേ ഇത് ബഹിരകാശത്തുവെച്ചുതന്നെ സുനിതയുടെ സഹയാത്രികന്‍ വില്‍മോര്‍ നിഷേധിച്ചിരുന്നു. സുനിതയുടെ അമ്മ ബോണി പറയുന്നത് നോക്കുക-” ഇത് ശാസ്ത്രമാണ്. അവര്‍ സാധാരണമായി ചെയ്യുന്നതെന്തോ അതാണ് അവര്‍ ചെയ്യുന്നത്. അത് രാഷ്ട്രീയവത്കരിച്ചുവെന്ന് സുനിതയും, വില്‍മോറും ചിന്തിക്കുമെന്ന് എനിക്ക് തോന്നുന്നില്ല.’- ബോണി കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker