ആണ്‍തുണ പഴങ്കഥ; സിംഗിൾ സ്ത്രീകൾ പുരുഷൻമാരേക്കാൾ സന്തുഷ്ടരെന്ന് പഠനം
കൊച്ചി:പങ്കാളികളില്ലാത്ത സ്ത്രീകളെ ജീവിതത്തില്‍ ഒറ്റപ്പെട്ടവരും വിഷമം അനുഭവിക്കുന്നവരുമായാണ് സമൂഹം ചിത്രീകരിക്കുന്നത്. വിവാഹിതയും അമ്മയുമായാല്‍ മാത്രമേ സ്ത്രീയുടെ ജീവിതം പൂര്‍ണമാകൂ എന്നുമാണ് സമൂഹത്തിന്റെ കാഴ്ച്ചപ്പാട്. മുപ്പതുകള്‍ കഴിഞ്ഞിട്ടും സിംഗിളായി ജീവിക്കുന്നവരെ പരിഹസിക്കുന്ന തരത്തിലുള്ള നിരവധി പോസ്റ്റുകളും കമന്റുകളും സോഷ്യല്‍ മീഡിയയിലും പ്രത്യക്ഷപ്പെടാറുണ്ട്.
എന്നാല്‍ സിംഗിളായവര്‍ അനുഭവിക്കുന്നത് അതിരില്ലാത്ത ആനന്ദമാണെന്നാണ് പുതിയൊരു പഠനം കണ്ടെത്തിയിരിക്കുന്നത്. പ്രത്യേകിച്ച് സിംഗിളായി ജീവിക്കുന്ന സ്ത്രീകള്‍ പങ്കാളികളുള്ളവരേക്കാളും സിംഗിളായ പുരുഷനേക്കാളും സന്തുഷ്ടരാണെന്ന് സോഷ്യല്‍ സൈക്കോളജിക്കല്‍ ആന്റ് പേഴ്‌സണാലിറ്റി സയന്‍സ് പുറത്തുവിട്ട പഠനത്തില്‍ പറയുന്നു.
അവിവാഹിതരായ സ്ത്രീകള്‍ക്ക് അവരുടെ റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ്, ജീവിതം, ലൈംഗികാനുഭവങ്ങള്‍ എന്നിവയിലെല്ലാം ഉയര്‍ന്ന തോതില്‍ സംതൃപ്തി അനുഭവപ്പെടുന്നതായാണ് പഠനത്തിലെ കണ്ടെത്തല്‍. അതേസമയം അവിവാഹിതരായ പുരുഷന്‍മാരേക്കാള്‍ സ്ത്രീകള്‍ക്ക് ഒരു പ്രണയബന്ധത്തിലാകാനുള്ള ആഗ്രഹം കുറവാണെന്നും പഠനം വിലയിരുത്തുന്നു.
പങ്കാളികളുള്ള വ്യക്തികളുടെ അനുഭവങ്ങളും മാനസികാവസ്ഥയും കൂടി പരിഗണിച്ചാണ് ഗവേഷകര്‍ ഈ പഠനം നടത്തിയത്. സിംഗിള്‍ഹുഡ് ഒരു പ്രധാനപ്പെട്ട റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ആണെന്നത് അംഗീകരിക്കപ്പെടാത്തതിനെ കുറിച്ചും പഠനത്തില്‍ പരാമര്‍ശമുണ്ട്.
2020നും 2023നും ഇടയില്‍ നടത്തിയ പത്ത് പഠനങ്ങളില്‍ നിന്നുള്ള വിവരങ്ങളും ഗവേഷകര്‍ പുതിയ പഠനത്തിനായി ശേഖരിച്ചു. ഡേറ്റ കളക്ഷന്റെ സമയത്ത് പ്രണയ ബന്ധങ്ങളില്‍ അല്ലാതിരുന്ന 5491 പേരെയും പഠനത്തില്‍ ഉള്‍പ്പെടുത്തി. പുരുഷന്‍, സ്ത്രീ എന്നിങ്ങനെ വേര്‍തിരിച്ചാണ് സാംപിളുകളെടുത്തത്. 18നും 75നും ഇടയില്‍ പ്രായമുള്ളവരേയാണ് പഠനവിധേയമാക്കിയത്.
വ്യാപകമാകുന്ന ഗ്രോ ഡൈവോഴ്‌സ്
വിവാഹ മോചനങ്ങളെ ഒരു വ്യക്തിയുടെ പരാജയമായിട്ടാണ് മുമ്പൊക്കെ കണ്ടിരുന്നതെങ്കില്‍ ഇന്ന് അതല്ല സ്ഥിതി. ഒരുമിച്ച് മുന്നോട്ട് പോകാന്‍ കഴിഞ്ഞില്ലെങ്കില്‍ പരസ്പര സമ്മതത്തോടെ ആരോഗ്യകരമായി തന്നെ ബന്ധം അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന കാഴ്ചപ്പാടിലേക്ക് സമൂഹം മാറിത്തുടങ്ങിയിട്ടുണ്ട്. യുവാക്കളില്‍ ഇത് ഇന്ന് സ്വാഭാവികമായ ഒരു കാര്യമായി മാറിയിട്ട് കാലങ്ങളായി. ഇപ്പോഴിതാ നമ്മുടെ നാട്ടില്‍ ഗ്രോ ഡൈവോഴ്‌സുകളും വര്‍ദ്ധിക്കുകയാണെന്നാണ് കണക്കുകള്‍ പറയുന്നത്.
എന്താണ് ഗ്രേ ഡൈവോഴ്‌സ്: വിവാഹം കഴിച്ച് അധികം കാലം കഴിയുന്നതിന് മുമ്പ് വിവാഹബന്ധം വേര്‍പ്പെടുത്തുന്നതാണ് കൂടുതലായും സംഭവിക്കുന്നത്. എന്നാല്‍ കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയാകുകയോ അല്ലെങ്കില്‍ വിവാഹം കഴിഞ്ഞ് 15 വര്‍ഷമെങ്കിലും ഒരുമിച്ച് ജീവിച്ചതിന് ശേഷം വേര്‍പിരിയുന്നതോ ആണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. ഇതിന് പല കാരണങ്ങളുണ്ട്. പങ്കാളിയില്‍ നിന്ന് ലഭിക്കേണ്ട പരിഗണനയും സ്‌നേഹവും മാനസികവും ശാരീരികവുമായ അടുപ്പം ഇല്ലാതാകുന്നതാണ് പ്രധാന കാരണം.
സ്വന്തം ഭാര്യയില്‍ നിന്നോ ഭര്‍ത്താവില്‍ നിന്നോ ആഗ്രഹിക്കുന്ന പരിഗണന കിട്ടാതെ വരുമ്പോള്‍ മറ്റൊരു പങ്കാളിയെ തേടുന്നത് നമ്മുടെ സമൂഹത്തിലും വര്‍ദ്ധിച്ചുവരികയാണ്. 40 പിന്നിടുമ്പോള്‍ പുരുഷനും സ്ത്രീയും മറ്റൊരു പങ്കാളിയെ തേടുന്നതിന് പിന്നിലെ കാരണവും സ്വന്തം വീട്ടില്‍ കിട്ടാത്ത പരിഗണന തന്നെയാണ്. പങ്കാളിയുമായുള്ള അകല്‍ച്ച നിസഹായതയിലേക്കും വേദനയിലേക്കുമാണ് സാധാരണയായി ഒരു വ്യക്തിയെ തള്ളിവിടാറുള്ളത്. ഇത് അയാളുടെ വ്യക്തിപരമായ ജീവിതത്തേയും സാമൂഹിക ജീവിതത്തേയും വരെ മോശമായി ബാധിക്കാം.
40 പിന്നിട്ട സ്ത്രീകളെ സംബന്ധിച്ച് അവരിലുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനം അരക്ഷിത അവസ്ഥയെന്ന ചിന്താഗതി വര്‍ദ്ധിപ്പിക്കും. ഈ കാരണംകൊണ്ട് തന്നെ ഈ പ്രായത്തിലാണ് വൈകാരികസാന്ത്വനം കൂടുതല്‍ ആഗ്രഹിക്കുന്നതും. അതുകൊണ്ട് തന്നെ ഈ സമയത്തെ അവഗണനയും അടുപ്പമില്ലായ്മയും സ്ത്രീകള്‍ അംഗീകരിക്കില്ല. അത്തരം സാഹചര്യങ്ങളിലാണ് മറ്റൊരു പങ്കാളിയെ തേടാനുള്ള സാദ്ധ്യതയും വര്‍ദ്ധിക്കും.
പുരുഷന്‍മാരിലും സമാനമായി തന്നെയാണ് കാര്യങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ബന്ധങ്ങളില്‍ വ്യത്യസ്തതപുലര്‍ത്താന്‍ കഴിയാതെ വരികയും സംരക്ഷണവും പരിചരണവും സ്‌നേഹവും നല്‍കാന്‍ ദമ്പതിമാര്‍ക്ക് കഴിയാതെ വരുമ്പോള്‍ ആണ് ഗ്രേ ഡൈവോഴ്‌സിലേക്ക് കാര്യങ്ങള്‍ എത്തുക. േ്രഗ ഡൈവോഴ്‌സിലേക്ക് നയിക്കുന്നതും പലപ്പോഴും ഇത്തരത്തില്‍ പരസ്പരം പരിഗണനയും കരുതലും പ്രായം കൂടിയെന്ന ധാരണയില്‍ ഇല്ലാതെ വരുമ്പോഴാണ്.