
പാലക്കാട്: രണ്ടാംവർഷ വിദ്യാർഥിയെ മർദിച്ച കേസിൽ ഒറ്റപ്പാലം എൻഎസ്എസ് കോളേജ് യൂണിയൻ ഭാരവാഹി ഉൾപ്പെടെ നാല് കെ.എസ്.യു നേതാക്കൾ അറസ്റ്റിൽ. കഴിഞ്ഞ ദിവസമാണ് ഹിസ്റ്ററി വിദ്യാർഥിയായ കാർത്തിക്കിനെ കെ.എസ്.യു. പ്രവർത്തകർ ക്രൂരമായി മർദിച്ചത്.
ഇൻസ്റ്റഗ്രാമിൽ കമന്റിട്ടതിനെത്തുടർന്നാണ് ഇത്തരത്തിൽ ക്രൂര മർദനമുണ്ടായത്. കോളേജ് യൂണിയൻ ഭാരവാഹികളായ ദർശൻ, കെഎസ്യു യൂണിറ്റ് ജോയിന്റ് സെക്രട്ടറി റഊഫ്, യൂണിറ്റ് വൈസ് പ്രസിഡന്റ സൂരജ്, കെഎസ്യു ഡിപ്പാർട്മെന്റ് പ്രസിഡന്റ് അഭിനേഷ് എന്നിവരേയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് താഴെ ചെയ്ത കമന്റ് ഇഷ്ടപ്പെടാത്തതാണ് മർദനത്തിന് കാരണം.
പരിക്കേറ്റ കാർത്തിക്കിനെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. കഴുത്തിനും കൈയ്ക്കുമാണ് മുറിവേറ്റിരിക്കുന്നത്. ഒറ്റപ്പാലം പോലീസിൽ നൽകിയ പരാതിയെത്തുടർന്നാണ് നാലുപേരെയും പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.