Home-bannerKeralaNews

കണ്‍സഷന്‍ ചോദിച്ച വിദ്യാര്‍ത്ഥിനിയെ സ്വകാര്യ ബസില്‍ നിന്ന് പെരുമഴയത്ത് റോഡില്‍ ഇറക്കിവിട്ടു

തിരുവനന്തപുരം: കണ്‍സഷന്‍ ചോദിച്ച വിദ്യാര്‍ത്ഥിനിയെ സ്വകാര്യ ബസില്‍ നിന്ന് പെരുമഴയത്ത് റോഡില്‍ ഇറക്കിവിട്ടതായി പരാതി. വെഞ്ഞാറമൂട് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയ്ക്കാണ് മോശം അനുഭവമുണ്ടായത്.

തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവമുണ്ടായത്. ആറ്റിങ്ങല്‍ ശ്രീപാദം സ്റ്റേഡിയം കോംപ്ലക്സില്‍ താമസിച്ച് കായിക പരിശീലനം നേടുന്ന കുട്ടിയ്ക്കാണ് ദുരനുഭവമുണ്ടായത്. വെഞ്ഞാറമൂട് ആറ്റിങ്ങല്‍ റൂട്ടില്‍ ഓടുന്ന അശ്വതി ബസില്‍ കയറിയ കുട്ടിയോട് ബസ് ജീവനക്കാര്‍ ഐ.ഡി.കാര്‍ഡ് കാട്ടണമെന്നും കാര്‍ഡില്ലെങ്കില്‍ കണ്‍സഷന്‍ അനുവദിക്കില്ലെന്നും പറഞ്ഞു.

പുതിയതായി പ്രവേശനമെടുത്തതിനാല്‍ കാര്‍ഡില്ലെന്ന് പറഞ്ഞപ്പോള്‍ എട്ട് രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ തന്റെ കൈയ്യില്‍ ആകെ 3 രൂപയെ ഉള്ളൂവെന്ന് പെണ്‍കുട്ടി പറഞ്ഞു. ആ മൂന്ന് രൂപയും വാങ്ങി ബസ് ജീവനക്കാരന്‍ വഴിയില്‍ ഇറക്കി വിട്ടുവെന്നാണ് പരാതി.

ശക്തമായ മഴയുണ്ടായിരുന്ന സമയത്ത് റോഡില്‍ നിന്നും കരയുന്ന പെണ്‍കുട്ടിയെ നാട്ടുകാര്‍ ശ്രദ്ധിച്ചു. തുടര്‍ന്ന് കുട്ടിയില്‍ നിന്ന് വിവരങ്ങള്‍ അറിഞ്ഞ നാട്ടുകാര്‍ രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. കുട്ടി നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button