കൊച്ചി: ചെല്ലാനത്തെ ജനങ്ങള്‍ നേരിടുന്ന കടലാക്രമണ ഭീഷണിയ്ക്ക് അടിയന്തിര പരിഹാരമുണ്ടാക്കാന്‍ രാഷ്ട്രപതി റാം നാഥ് കോവിന്ദ് ചീഫ് സെക്രട്ടറിയ്ക്ക് നിര്‍ദ്ദേശം നല്‍കി. ചെല്ലാനത്തെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ എഡ്ഗര്‍ സെബാസ്റ്റിയന്‍ രാഷ്ട്രപതിയോട് സഹായം അഭ്യര്‍ത്ഥിച്ച് കൊണ്ട് എഴുതിയ കത്തിനെ തുടര്‍ന്നാണ് നടപടി. തകര്‍ന്നുകിടക്കുന്ന കടല്‍ഭിത്തി നന്നാക്കി ജനങ്ങളെ കടല്‍ക്ഷോഭത്തില്‍ നിന്നും സംരക്ഷിക്കുകയെന്നത് വാഗ്ദാനങ്ങളില്‍ മാത്രം ഒതുങ്ങുന്ന സാഹചര്യത്തിലാണ് എഡ്ഗര്‍ രാഷ്ട്രപതിയ്ക്ക് കത്തെഴുതിയത്.
തന്റെ നാട് നേരിടുന്ന കൊവിഡ് പ്രതിസന്ധിയും അതിനൊപ്പം കടലാക്രമണ ഭീതിയും എഡ്ഗര്‍ തന്റെ കത്തിലൂടെ രാഷ്ട്രപതിയെ അറിയിച്ചു. കഴിഞ്ഞ 19 മുതല്‍ ഉണ്ടായ കടലാക്രമണത്തില്‍ ചെല്ലാനത്തെ ആറോളം വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചിരുന്നു. പ്രദേശത്തെ 400 ലധികം വീടുകളിലേക്ക് കടല്‍ ജലം ഇരച്ചുകയറി.
കൊവിഡ് ഭീതി തീവ്രമായി നിലനില്ക്കുന്ന സാഹചര്യത്തില്‍ ചെല്ലാനം നിവാസികള്‍ക്ക് മുന്നില്‍ കടലും വന്‍ ഭീഷണിയായി മാറി. തകര്‍ന്ന കടല്‍ഭിത്തിയുള്ള ഭാഗങ്ങളില്‍ ജിയോ ട്യൂബുകളും ബാഗുകളും മഴക്കാലത്തിന് മുന്നേ സ്ഥാപിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതേവരെ പ്രാവര്‍ത്തികമായിട്ടില്ല.