ക്ലാസ് എടുക്കുന്നതിനിടെ ഡെസ്‌കില്‍ താളം പിടിച്ചു; സ്‌കൂള്‍ സൂപ്രണ്ട് വിദ്യാര്‍ത്ഥിയുടെ കരണത്തടിച്ചു
കായംകുളം: ക്ലാസ് എടുക്കുന്നതിനിടയില്‍ ഡെസ്‌കില്‍ താളം പിടിച്ച വിദ്യാര്‍ത്ഥിയെ സ്‌കൂള്‍ സൂപ്രണ്ട് മര്‍ദ്ദിച്ചതായി പരാതി. കരണത്തടിച്ചെന്ന വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ കായംകുളം കൃഷ്ണപുരം ടെക്നിക്കല്‍ ഹൈസ്‌കൂളിലെ സൂപ്രണ്ടിനെതിരെ പോലീസ് കേസെടുത്തു. കായംകുളം പോലീസാണ് വിദ്യാര്‍ഥിയുടെ മൊഴിയെടുത്ത ശേഷം കേസെടുത്തത്. സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ പത്തിയൂര്‍ മേനാന്പള്ളി ഗോകുലം വീട്ടില്‍ സരസന്റെ മകന്‍ അഭിഷേക് (16) ആണ് കായംകുളം താലൂക്കാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.
ഇന്നലെ രാവിലെ ടീച്ചര്‍ പഠിപ്പിച്ചു കൊണ്ടിരിക്കെ ഡെസ്‌കിന് മുകളില്‍ താളം പിടിച്ചതിന്റെ പേരില്‍ തന്നെ അതുവഴി വന്ന സൂപ്രണ്ട് ഷര്‍ട്ടില്‍ പിടിച്ച് ഓഫീസ് മുറിയില്‍ കൊണ്ടുവന്ന ശേഷം കൈ കൊണ്ട് കരണത്തടിച്ചെന്നാണ് അഭിഷേക് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്. നേരത്തെ ചെവിക്കു വേദനയുണ്ടായിരുന്ന വിദ്യാര്‍ഥിക്ക് ഇതോടെ വേദന ശക്തമായതിനേത്തുടര്‍ന്ന് മറ്റു വിദ്യാര്‍ഥികളും സംഭവമറിഞ്ഞെത്തിയ രക്ഷിതാക്കളും ചേര്‍ന്ന് അഭിഷേകിനെ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.