തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ വിവിധ പട്ടികജാതി, പട്ടികവര്‍ഗ സംഘടനകളുടെ നേതൃത്വത്തില്‍ ഹര്‍ത്താലിന് ആഹ്വാനം. സംവരണം മൗലികാവകാശം അല്ലെന്ന സുപ്രീം കോടതി വിധിക്കെതിരെ നാളെ രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ ഹര്‍ത്താല്‍ ആചരിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.
സ്ഥാനക്കയറ്റത്തിന് സംവരണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിനോട് നിര്‍ദേശിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി വിധി പ്രസ്താവിച്ചിരുന്നു. വിധിക്കെതിരെ ചന്ദ്രശേഖര്‍ ആസാദ് നേതൃത്വം നല്‍കുന്ന ഭീം ആര്‍മിയാണ് നാളെ ദേശീയ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പട്ടികജാതി പട്ടികവര്‍ഗ സംവരണം അട്ടിമറിക്കുന്നതിന് എതിരെയും വിഷയത്തില്‍ പാര്‍ലമെന്റില്‍ നിയമ നിര്‍മ്മാണം ആവശ്യപ്പെട്ടു കൊണ്ടും ആണ് സംസ്ഥാനത്ത് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ ബന്ദിന് പിന്തുണയുമായി രംഗത്ത് വന്നിട്ടുണ്ട്.
അതേസമയം സംസ്ഥാനത്ത് അടിക്കടിയുണ്ടാകുന്ന ഹര്‍ത്താലുകള്‍ക്കെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി രംഗത്തെത്തിയിരുന്നു. മിന്നല്‍ ഹര്‍ത്താല്‍ പാടില്ലെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഇറക്കിയിരുന്നു. ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് ഏഴുദിവസത്തെ നോട്ടീസ് നല്‍കണമെന്ന് ഹൈക്കോടതിയുടെ ഉത്തരവില്‍ പറഞ്ഞിരുന്നു. സമരങ്ങള്‍ മൗലികാവകാശത്തെ ബാധിക്കുന്നതാകരുതെന്ന് ഹൈക്കോടതി പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കും ഉത്തരവ് ബാധകമാണ്. നാശനഷ്ടത്തിന് ഉത്തരവാദിത്തം ഹര്‍ത്താല്‍ നടത്തുന്ന രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും ഏറ്റെടുക്കണമെന്നും നഷ്ടപരിഹാര തുക അവരില്‍ നിന്ന് ഈടാക്കുമെന്നും ഹൈക്കോടതി പറഞ്ഞു.
അതേസമയം ഞായറാഴ്ച ചില സംഘടനകള്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സര്‍വീസുകള്‍ മുടക്കം കൂടാതെ നടത്തണമെന്നു കാണിച്ചു കെഎസ്ആര്‍ടിസി ഓപ്പറേഷന്‍സ് ഡപ്യൂട്ടി മാനേജര്‍ എല്ലാ ഡിപ്പോ അധികൃതര്‍ക്കും നോട്ടിസ് നല്‍കിയിട്ടുണ്ട്. സാധാരണ ഞായറാഴ്ച നടത്തുന്ന എല്ലാ സര്‍വീസുകളും നടത്തണം. വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലേക്കും ആവശ്യാനുസരണം സര്‍വീസ് നടത്തണം. ക്രമസമാധാന പ്രശ്‌നങ്ങളുണ്ടെങ്കില്‍ പൊലീസ് സഹായം തേടണമെന്നും സ്റ്റേറ്റ് സര്‍വീസുകള്‍ നിര്‍ബന്ധമായും നടത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും നോട്ടീസില്‍ പറയുന്നു.