അഹമ്മദാബാദ്: മാസങ്ങൾക്കു മുമ്പ് കൊല്ലപ്പെട്ടയാൾ ‘ജീവനോടെ’ വീട്ടിൽ തിരിച്ചെത്തി.കൊലക്കേസിൽ പ്രതികളായ സഹോദരമാർ ഇപ്പോഴും ജയിലിലാണ്. ഗുജറാത്തിലെ അഹമ്മദാബാദിനടുത്തുള്ള ഖാർപാഡ ഗ്രാമത്തിലാണ് സംഭവം.
ഇസ്രി പോലീസ് സ്റ്റേഷന്റെ പ്രദേശപരിധിയിലാണ് സംഭവം. തൊഴിലാളിയെ ഈശ്വർ മനാത്ത് കൊലചെയ്യപ്പെട്ട സംഭവത്തിലാണ് ഏറെ വിചിത്രമായ കാര്യങ്ങൾ നടന്നിരിക്കുന്നത്. ഈശ്വർ വീട്ടിൽ മടങ്ങിയെത്തിയ സംഭവം അറിഞ്ഞതോടെ ഗാന്ധിനഗർ ഇൻസ്പെക്ടർ ജനറൽ അഭയ് ചുദാസാമ ഇടപെട്ട് ഇസ്രി ഇൻസ്പെക്ടർ ആർ ആർ തബിയാദിനെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഇതേക്കുറിച്ച് അന്വേഷിക്കാനും ഉത്തരവിട്ടിട്ടുണ്ട്.
ഈ വർഷം ഫെബ്രുവരിയിൽ മോതി മോറി ഗ്രാമത്തിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ശരീരത്തിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെയും നാട്ടുകാരിൽ നിന്നുള്ള സ്ഥിരീകരണത്തിന്റെയും അടിസ്ഥാനത്തിൽ, ഇത് ഈശ്വർ മനാത്തിന്‍റെ ശരീരമാണെന്ന് പോലീസ് നിഗമനത്തിലെത്തി. മൃതശരീരത്തിന്റെ കാലിൽ ഒരു ഇരുമ്പ് വടി കണ്ടെത്തിയതോടെയാണിത്. ഈശ്വർ മനാത്തിന്റെ കാലിലും സമാനമായ ഒരു ഇരുമ്പു വടി ഉണ്ടായിരുന്നു.
കൊലചെയ്യപ്പെട്ടയാളെന്ന് കരുതി സംസ്ക്കരിച്ചത് ആരുടെ മൃതദേഹമാണെന്നാണ് ഇപ്പോൾ നാട്ടുകാരും വീട്ടുകാരും പരസ്പരം ചോദിക്കുന്നത്.