അമ്പലപ്പുഴ പാൽപ്പായസത്തിന്റെ പേരുമാറ്റം, ദേവസ്വം ബോർഡിന്റെ അന്തിമ തീരുമാനം ഇതാണ്
ആലപ്പുഴ: അമ്പലപ്പുഴ പാല്‍പ്പായസത്തിന്റെ പേരുമാറ്റുമെന്ന പ്രചാരണം തെറ്റിദ്ധാരണ മൂലമാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍. അമ്പലപ്പുഴ പാല്‍പ്പായസത്തിന് പേറ്റന്റിന് കൊടുത്ത കൂട്ടത്തില്‍ ഗോപാലകഷായം എന്ന പേര്‍ കൂടി കൊടുക്കാനാണ് ആലോചിച്ചത്. അതിന്റെ ആവശ്യമില്ലെന്നാണ് നാട്ടുകാരുടെ തീരുമാനമെങ്കില്‍ അതിനുവേണ്ടി വാശിപിടിക്കില്ല. പാല്‍പ്പായസത്തിന്റെ പേര് മാറ്റാന്‍ അറിഞ്ഞോ അറിയാതെയോ ദേവസ്വം ബോര്‍ഡ് തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അമ്പലപ്പുഴ ക്ഷേത്രത്തോടും പാല്‍പ്പായസത്തോടുമുള്ള വിശ്വാസ്യത പലരും മുതലെടുക്കുന്നത് കണ്ടിട്ടാണ് അമ്പലപ്പുഴ പേറ്റന്റ് എടുക്കാന്‍ തീരുമാനിച്ചത്. പല സദ്യകളിലും അമ്പലപ്പുഴ പാല്‍പ്പായസമെന്ന് തെറ്റിദ്ധാരണയുണ്ടാക്കി പായസം വിതരണം നടത്തുന്നുണ്ട്. ക്ഷേത്രത്തിലെ നിവേദ്യമെന്ന ധാരണയുണ്ടാക്കി പായസം വില്‍പ്പന നടത്തുന്നവരുണ്ട്. അത്തരം മുതലെടുപ്പ് തടയുന്നതിനുള്ള ശ്രമമല്ലാതെ മറ്റൊന്നും ദേവസ്വം ബോര്‍ഡ് ആലോചിച്ചിട്ടില്ലെന്നും പ്രസിഡന്റ് വ്യക്തമാക്കി.