ടെസ്റ്റ് ഡ്രൈവിനെന്ന് പറഞ്ഞ് കാറുമായി കടന്നു കളയുന്നതിനിടെ അപകടത്തില്‍പ്പെട്ടു; യുവാവ് പിടിയില്‍
പാലക്കാട്: ഒറ്റപ്പാലത്ത് മോഷ്ടിച്ചു കടത്താന്‍ ശ്രമിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. കാര്‍ കടത്തിക്കൊണ്ടു പോകാന്‍ ശ്രമിച്ച കണ്ണൂര്‍ നിര്‍മലഗിരി സ്വദേശി അദുള്‍ ജവാദിനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഒറ്റപ്പാലം വരോട് സ്വദേശി മുഹമ്മദാലിയുടെ കാര്‍ ടെസ്റ്റ് ഡ്രൈവിനെന്നു പറഞ്ഞാണ് അബ്ദുള്‍ ജവാദ് കൈക്കലാക്കിയത്. കാര്‍ വാങ്ങാനെന്നു വിശ്വസിപ്പിച്ചായിരുന്നു ടെസ്റ്റ് ഡ്രൈവ്.
ഉടമ മുഹമ്മദാലിയുടെ സുഹൃത്ത് അബു താഹിര്‍ കാറില്‍ കൂടെ പോയെങ്കിലും പനമണ്ണയില്‍ വച്ച് ഇയാളെ ഇറക്കിവിടുകയായിരുന്നു. എന്‍ജിന്‍ ചൂടാകുന്നുണ്ടെന്നും പുറത്തിറങ്ങി പരിശോധിക്കണമെന്നും ആവശ്യപ്പെട്ടാണ് അബു താഹിറിനെ പുറത്തിറക്കിയത്. ഇതിനു ശേഷം ജവാദ് കാറുമായി കടന്നുകളഞ്ഞു.
കുറ്റിക്കോടിനു സമീപം വച്ചാണു കാര്‍ ഓട്ടോറിക്ഷയിലും സ്‌കൂട്ടറിലും ഇടിച്ചു. അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരിക്കു പരുക്കേറ്റു. യുവാവിനെ സംഭവ സ്ഥലത്തു നിന്ന് പോലീസ് പിടികൂടി. ഇയാള്‍ മറ്റ് പല മോഷണക്കേസുകളിലും പങ്കാളിയാണോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.