കൊച്ചി: തിരുവനന്തപുരം വിമാനത്താവളം സ്വകാര്യ കമ്പനിക്ക് നല്‍കുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. കേന്ദ്ര നടപടി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നല്‍കാനുള്ള തീരുമാനത്തില്‍ സര്‍ക്കാര്‍ വീണ്ടും നിയമ നടപടികള്‍ക്ക് തയാറാവുകയാണ്.
നിലവില്‍ കേന്ദ്രസര്‍ക്കാര്‍ അദാനി ഗ്രൂപ്പിന് നല്‍കിയ തീരുമാനം സ്റ്റേ ചെയ്യണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. വിമാനത്താവളം സ്വകാര്യ വത്കരിക്കുന്നതിനെതിരെ സര്‍ക്കാര്‍ നേരത്തെ നല്‍കിയ അപ്പീലില്‍ പുതിയ ഉപഹര്‍ജിയാണ് സമര്‍പ്പിച്ചിരിക്കുന്നത്. എജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം.
വിമാനത്താവളം നടത്തിപ്പ് അദാനിക്ക് കൈമാറുന്നതിനെതിരെ നിയമസഭ പ്രമേയം പാസാക്കുന്നതിന് ഇന്നലെ തീരുമാനമായിരുന്നു. മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷി യോഗത്തിലാണ് തീരുമാനമുണ്ടായത്. വിമാനത്താവളം വിട്ടുനല്‍കേണ്ടതില്ലെന്ന് യോഗത്തില്‍ പൊതു വികാരം ഉയര്‍ന്നു. കേസില്‍ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും ആവശ്യമുയര്‍ന്നു.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പും മേല്‍നോട്ടവും അദാനി എന്റര്‍പ്രൈസസിനെ ഏല്‍പ്പിക്കാന്‍ കേന്ദ്രമന്ത്രിസഭ എടുത്ത തീരുമാനം പിന്‍വലിക്കണമെന്ന് സര്‍വകക്ഷി യോഗം ആവശ്യപ്പെട്ടു. സര്‍വകക്ഷിയോഗത്തില്‍ ബിജെപി ഒഴികെ എല്ലാ കക്ഷികളും വിമാനത്താവള സ്വകാര്യവത്കരണത്തെ എതിര്‍ത്തു. നിയമ നടപടികള്‍ തുടരുന്നതിനൊപ്പം ഒറ്റക്കെട്ടായി ഈ വിഷയത്തില്‍ മുന്നോട്ടുപോകാന്‍ യോഗം തീരുമാനിച്ചു.