FeaturedHome-bannerNationalNews

മഹാദുരന്തമായി കുംഭമേള ; ഡല്‍ഹി സ്റ്റേഷനില്‍ വന്‍ തിക്കും തിരക്കും; മൂന്ന് കുട്ടികള്‍ അടക്കം 15 പേര്‍ക്ക് ദാരുണാന്ത്യം; മരണസംഖ്യ ഉയർന്നേക്കും

ന്യൂഡല്‍ഹി: ഡല്‍ഹി റെയില്‍വെ സ്‌റ്റേഷനില്‍ മഹാകുംഭമേളയ്ക്കായി പോകാന്‍ എത്തിയവരുടെ തിക്കിലും തിരക്കിലും പെട്ട് 15 പേര്‍ക്ക് ദാരുണാന്ത്യം. 10 സ്ത്രീകളും 3 കുട്ടികളും 2 പുരുഷന്മാരുമാണ് മരിച്ചതെന്ന് എല്‍എന്‍ജിപി ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു. മരണസംഖ്യ ഉയര്‍ന്നേക്കും. പരുക്കേറ്റ ഒട്ടേറെ പേരെ ആശുപത്രികളില്‍ എത്തിച്ചു.

പ്രയാഗ്രാജിലേക്ക് പോകാനുള്ള രണ്ടുട്രെയിനുകളില്‍ കയറാനായി അഭൂതപൂര്‍വ്വമായ തിരക്കായിരുന്നു സ്റ്റേഷനില്‍. എങ്ങനെയും ട്രെയിനില്‍ കയറിക്കൂടാന്‍ ആളുകള്‍ തിക്കി തിരക്കിയതോടെയാണ് ശനിയാഴ്ച രാത്രിയിലെ അനിഷ്ട സംഭവം.

ഉന്തിലും തള്ളിലും പെട്ട് നിരവധി പേര്‍ ബോധംകെട്ടുവീണു. ഇവരെ ആശുപത്രിയിലാക്കി. 14, 15 പ്ലാറ്റ്‌ഫോമുകളിലാണ് രാത്രി 8 മണിയോടെ നിയന്ത്രണാതീതമായ തിരക്ക് അനുഭവപ്പെട്ടത്. ട്രെയിന്‍ വരുമ്പോഴേക്കും വന്‍ജനക്കൂട്ടം ട്രെയിനില്‍ കയറിക്കൂടാന്‍ തിരക്കുകൂട്ടുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു.

എല്ലാവര്‍ക്കും ട്രെയിനില്‍ കയറാന്‍ കഴിയില്ലെന്ന തോന്നല്‍ വന്നതോടെയാണ് തിക്കും തിരക്കും ഉണ്ടായതെന്ന് അധികൃതര്‍ പറഞ്ഞു. രണ്ടു യാത്രക്കാര്‍ ബോധരഹിതരായി കിടക്കുന്നതും മറ്റുള്ളവര്‍ അവരെ സഹായിക്കാന്‍ ശ്രമിക്കുന്നതും വീഡിയോകളില്‍ കാണാം.

പ്രയാഗ്രാജ് എക്‌സ്പ്രസ് പ്ലാറ്റ്‌ഫോം നമ്പര്‍ 14 ല്‍ എത്തിയതോടെ, വന്‍ആള്‍ക്കൂട്ടമായിരുന്നു. സ്വതന്ത്ര സേനാനി എക്‌സപ്രസും ഭുവനേശ്വര്‍ രാജധാനിയും വൈകി ഓടുകയായിരുന്നു. ഈ ട്രെയിനുകളില്‍ കയറാന്‍ ഉള്ളവരും 12, 13, 14 പ്ലാറ്റ്‌ഫോമുകളില്‍ ഉണ്ടായിരുന്നു, ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

സ്ഥിതി നിയന്ത്രണവിധേയമാണെന്നു റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ സ്റ്റേഷനില്‍ വിന്യസിച്ചിട്ടുണ്ട്. സ്റ്റേഷനില്‍ തീര്‍ഥാടകരുടെ തിരക്ക് കുറയ്ക്കാന്‍ പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തും. സംഭവത്തില്‍ റെയില്‍വേ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു.

അടിയന്തര നടപടി കൈക്കൊള്ളാന്‍ ചീഫ് സെക്രട്ടറിക്കും കമ്മിഷണര്‍ക്കും ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ.സക്സേന നിര്‍ദേശം നല്‍കി. ലഫ്റ്റനന്റ് ഗവര്‍ണര്‍ എല്‍എന്‍ജിപി ആശുപത്രിയിലെത്തി പരുക്കേറ്റവരെ സന്ദര്‍ശിച്ചു.

ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടുക്കം രേഖപ്പെടുത്തി. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍ക്കൊപ്പമെന്ന് പറഞ്ഞ പ്രധാനമന്ത്രി, അധികൃതര്‍ സഹായങ്ങളെല്ലാം ഉറപ്പാക്കുന്നുണ്ടെന്നും പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker