തിരുവനന്തപുരം: കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ചിരിക്കുന്ന എസ്എസ്എല്‍സി, ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ മെയ് 10നുശേഷം നടത്താന്‍ ആലോചിക്കുന്നു. ലോക്ക്ഡൗണ്‍ മെയ് മൂന്നിന് അവസാനിക്കുകയാണെങ്കില്‍ പത്തുദിവസത്തിനകം പരീക്ഷകള്‍ നടത്താനുള്ള ഒരുക്കത്തിലാണ് വിദ്യാഭ്യാസ വകുപ്പ്.
എന്നാല്‍ സാഹചര്യങ്ങള്‍ വിലയിരുത്തിയശേഷമേ ഇതു സംബന്ധിച്ച് തീരുമാനത്തിലെത്തൂ. എസ്എസ്എല്‍സിക്ക് മൂന്നും പ്ലസ്ടുവിന് നാലും പരീക്ഷകളാണ് ഇനി നടക്കാനുള്ളത്. ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗത്തില്‍ ഇതു സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ നടക്കും.
സംസ്ഥാനത്തിന് പുറത്തും പല കേരള സിലബസ് പഠിപ്പിക്കുന്ന നിരവധി സ്‌കൂളുകളുണ്ട്. ലക്ഷദ്വീപിലും ഗള്‍ഫിലും കേരള സിലബസിലുള്ള സ്‌കൂളുകളുണ്ട്. ഇവിടുത്തെ സാഹചര്യം കൂടി പരിഗണിച്ചാവും ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുക്കുക.
എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ പൂര്‍ത്തിയാക്കി കുട്ടികള്‍ക്ക് ഉപരിപഠനത്തിന് അവസരമൊരുക്കാനാണ് സര്‍ക്കാരും വിദ്യാഭ്യാസവകുപ്പിന്റെയും തീരുമാനം. എസ്എസ്എല്‍സി പരീക്ഷ രാവിലെയും പ്ലസ് ടു പരീക്ഷ ഉച്ചയ്ക്കും നടത്താനാണ് നിലവിലെ ധാരണ.