<p>തിരുവനന്തപുരം: ലോക്ക് ഡൗണിനെ തുടര്‍ന്ന് മുടങ്ങിയ എസ്എസ്എല്‍സി ഉള്‍പ്പെടെയുള്ള പരീക്ഷകളുടെ നടത്തിപ്പില്‍ അനിശ്ചിതത്വം തുടരുന്നു. കേന്ദ്ര സര്‍ക്കാര്‍ തീരുമാനം അനുസരിച്ചായിരിക്കും പരീക്ഷയിലും സ്‌കൂള്‍ തുറക്കലിലും അന്തിമ തീരുമാനമെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് അറിയിച്ചു.</p>
<p>കൊവിഡില്‍ രോഗ വ്യാപനത്തേത്തുടര്‍ന്ന് അക്കാദമിക് കലണ്ടറാകെ താളം തെറ്റിയിരുന്നു. പരീക്ഷകളെല്ലാം തീര്‍ന്ന് മധ്യവേനവലധിയും മൂല്യനിര്‍ണ്ണയവും തുടങ്ങേണ്ട സമയത്ത് എസ്എസ്എല്‍സിക്കും പ്ലസ്ടുവിനും മൂന്ന് പരീക്ഷകളാണ് ബാക്കിയുള്ളത്. കൊവിഡ് മൂലം സിബിഎസ്ഇ പരീക്ഷമാറ്റിയിട്ടും കേരളം ഒരു ദിവസം കൂടി പരീക്ഷ നടത്തിയിരുന്നു. പിന്നെയാണ് എല്ലാം നീട്ടിവെച്ചത്. ലോക്ക് ഡൗണിലെ ഇളവനുസരിച്ച് മാത്രമാണ് ഇനി തീരുമാനം ഉണ്ടാകുക.</p>
<p>ലോക്ക് ഡൗണില്‍ പരീക്ഷാനടത്തിപ്പിന് മാത്രം മൂന്ന് ദിവസത്തെ ഇളവ് കിട്ടിയാല്‍ സാമൂഹിക അകലം ഉറപ്പാക്കാനുള്ള ചില നിര്‍ദ്ദേശങ്ങള്‍ വിദ്യാഭ്യാസവകുപ്പിന്റെ പരിഗണനയിലുണ്ട്. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ രാവിലെ നടത്തി, പ്ലസ് വണ്‍ പരീക്ഷ ഉച്ചക്ക് ശേഷം എന്നാണ് ആലോചന. എന്നാല്‍ രോഗബാധ കൂടുതലുള്ള കാസര്‍കോട് അടക്കമുള്ള ഹോട്ട് സ്‌പോട്ട് ജില്ലകളില്‍ ഇളവ് നല്‍കുന്നതിലാണ് പ്രതിസന്ധി. ഇനിയുള്ള പരീക്ഷകളുടെ നടത്തിപ്പ്, മ്യൂല്യനിര്‍ണ്ണയത്തിനും ടാബുലേഷനുമായി ഏറ്റവും കുറഞ്ഞതായി വേണ്ടത് പതിനഞ്ച് ദിവസമാണ്. ജൂണില്‍ അക്കാദമിക് വര്‍ഷം തുടങ്ങാനാകുമോ എന്നു പോലും ഉറപ്പിക്കാനാകാത്ത സ്ഥിതിയാണിപ്പോള്‍.</p>