26.3 C
Kottayam
Saturday, April 20, 2024

പുറത്താക്കപ്പെട്ടതിന് ശേഷം വീട്ടിലെ കറന്റ് ബില്ല് അടക്കാന്‍ വരെ ഏറെ ബുദ്ധിമുട്ടി; തുറന്ന് പറഞ്ഞ് ശ്രീശാന്ത്

Must read

കൊച്ചി: നീണ്ട ഇടവേളയ്ക്ക് ശേഷം കളിക്കളത്തിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത്. ആജീവനാന്ത വിലക്ക് ഏഴു വര്‍ഷമായി കുറച്ചതോടെ ക്രിക്കറ്റ് ലോകത്ത് വീണ്ടും സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് ശ്രീശാന്ത്. ക്രിക്കറ്റില്‍ നിന്ന് പുറത്തായ ശേഷവും ശ്രീശാന്ത് സിനിമയില്‍ അഭിനയിക്കുകയും ചാനല്‍ പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിന്റെ കാരണം വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് താരം.

ക്രിക്കറ്റില്‍ നിന്ന് വിലക്കിയ കാലത്ത് ജീവിക്കാന്‍ വേണ്ടിയാണ് സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയതെന്നും റിയാലിറ്റി ഷോകളില്‍ പങ്കെടുത്തതെന്നും ശ്രീശാന്ത് മനോരമ ഓണ്‍ലൈനിനോട് പറഞ്ഞു. വീട്ടിലെ കറന്റ് ബില്ലടക്കാന്‍ വരെ താന്‍ കഷ്ടപ്പെടുന്ന സ്ഥിതിയുണ്ടായെന്നും ശ്രീശാന്ത് പറഞ്ഞു. ‘പുറത്താക്കപ്പെട്ട ക്രിക്കറ്റ് കളിക്കാരന്‍ വീട്ടിലെ കറന്റ് ബില്ലടയ്ക്കാന്‍ വരെ ബുദ്ധിമുട്ടിയ അവസ്ഥയുണ്ടായി. അത്തരം പ്രതിസന്ധികളോട് പടവെട്ടിയ കാലത്ത് സംഭവിച്ചതാണിതെല്ലാം,’ ശ്രീശാന്ത് പറഞ്ഞു.

വീണ്ടും ക്രിക്കറ്റ് ലോകത്തേക്ക് തിരിച്ചെത്താനൊരുങ്ങുന്ന താരം രഞ്ജി ടീമില്‍ അവസരം ലഭിക്കാന്‍ ഫിറ്റ്നസ് തെളിയിക്കാനുള്ള ശ്രമത്തിലാണ്. അടുത്തിടെ അന്തരിച്ച കോബി ബ്രയന്റിനെയും ബാസ്‌കറ്റ് ബോള്‍ ഇതിഹാസം മൈക്കല്‍ ജോര്‍ദാനെയും പരിശീലിപ്പിച്ച ടിം ഗ്രോവറാണ് ശ്രീശാന്തിന്റെയും ഗുരു. തനിക്കിതെല്ലാം അരങ്ങേറ്റ മത്സരത്തിനുള്ള ഒരുക്കം പോലൊയാണ് തോന്നുന്നതെന്നും ശ്രീശാന്ത് പറഞ്ഞു.

പുലര്‍ച്ചെ എഴുന്നേല്‍ക്കുന്ന താരം യോഗ ചെയ്യുന്നുണ്ടെന്നും നാലുമണിക്കൂര്‍ ബോളിംഗ് പരിശീലിക്കുകയും രണ്ടു മണിക്കൂര്‍ ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുകയും ചെയ്യുന്നുണ്ട്. തുടര്‍ന്ന് മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനായി ഓണ്‍ലൈന്‍ ക്ലാസുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും താരം വ്യക്തമാക്കുന്നു.

ആത്മഹത്യചെയ്ത ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത് തന്റെ അടുത്ത സുഹൃത്തായിരുന്നുവെന്ന് ശ്രീശാന്ത് പറഞ്ഞു. മുംബൈയിലാണ് അവസാനമായി തങ്ങള്‍ കണ്ടെതെന്നും താരം പറഞ്ഞു. വിഷാദത്തെക്കുറിച്ചും ഒറ്റപ്പെടലിനെക്കുറിച്ചുമുള്ള വാര്‍ത്തകള്‍ വരുമ്പോള്‍ താന്‍ കടന്നു പോയ അവസ്ഥകളെക്കുറിച്ച് ഇപ്പോള്‍ പേടിയോടെ ഓര്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മൂന്നുനാലു തവണ താന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നും ശ്രീശാന്ത് വെളിപ്പെടുത്തി. കുടുംബവും സുഹൃത്തുക്കളും നല്‍കിയ ആത്മവിശ്വാസമാണ് തന്നെ സഹായിച്ചതെന്നും ശ്രീശാന്ത് പറഞ്ഞു. 2013ല്‍ വാതുവെപ്പ് വിവാദത്തെ തുടര്‍ന്നാണ് ബിസിസിഐ ശ്രീശാന്തിന് വിലക്കേര്‍പ്പെടുത്തുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week