‘സുഖവാസം’ അവസാനിച്ചു; ശ്രീറാം വെങ്കിട്ടരാമന്‍ ജയിലിലേക്ക്
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ജയിലിലേക്ക്. ശ്രീറാമിന് ആശുപത്രി വാസം ആവശ്യമില്ലെന്ന് മജിസ്‌ട്രേറ്റ് വിധിച്ചതോടെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് സബ്ജയിലിലേക്ക് മാറ്റി. വൈകിട്ട് നാലോടെ പോലീസ് സംഘം കിംസ് ആശുപത്രിയിലെത്തിയാണ് ശ്രീറാമിനെ മെഡിക്കല്‍ കോളജിലേക്ക് മാറ്റാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിന് റിമാന്‍ഡില്‍ ‘സുഖവാസം’ എന്ന് വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് കിംസില്‍ നിന്ന് അദ്ദേഹത്തെ മാറ്റിയത്. സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ശ്രീറാമിനെ, മുഖാവരണം ധരിച്ച് സ്‌ട്രെച്ചറില്‍ കിടത്തിയാണു ആംബുലന്‍സില്‍ മെഡിക്കല്‍ കോളജിലേക്കു മാറ്റാനുള്ള നീക്കങ്ങള്‍ നടത്തിയത്.
എന്നാല്‍, യാത്രാമധ്യേ ശ്രീറാമിനെ വഞ്ചിയൂര്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയപ്പോഴാണ് ആശുപത്രി വാസം വേണ്ട എന്ന് മജിസ്‌ട്രേറ്റ് ഉത്തരവിട്ടത്. ആംബുലന്‍സില്‍ കയറിയാണ് മജിസ്‌ട്രേറ്റ് ശ്രീറാമിനെ കണ്ടത്. മജിസ്‌ട്രേറ്റിന്റെ ഉത്തരവ് വന്നതിനു പിന്നാലെ ശ്രീറാമിനെ ജയിലിലേക്ക് മാറ്റുകയായിരുന്നു.