മദ്യപിച്ചല്ല വാഹനമോടിച്ചത്; തനിക്കെതിരെ നടക്കുന്നത് മാധ്യമ വിചാരണയാണെന്ന് ശ്രീറാം വെങ്കിട്ടരാമന്‍ ഹൈക്കോടതിയില്‍
കൊച്ചി: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ മരണത്തിനിടയാക്കിയ കാറപകടം നടക്കുമ്പോള്‍ താന്‍ മദ്യപിച്ചല്ല വാഹനം ഓടിച്ചതെന്നു ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഹൈക്കോടതിയില്‍. രക്തപരിശോധനയില്‍ മദ്യത്തിന്റെ അംശം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കസ്റ്റഡിയില്‍ ചോദ്യം ചെയ്യണ്ട സാഹചര്യം നിലനില്‍ക്കുന്നില്ല. അന്വേഷണവുമായി സഹകരിക്കാന്‍ തയാറാണെന്നും ജാമ്യം റദ്ദാക്കുന്നത് അത്യപൂര്‍വ സാഹചര്യം ഉള്ളപ്പോള്‍ മാത്രമാണെന്നും ശ്രീറാം ഹൈക്കോടതിയില്‍ പറഞ്ഞു.
തനിക്കെതിരെ നടക്കുന്നത് മാധ്യമ വിചാരണയാണ്. കാറിന്റെ ഇടത് ഭാഗമാണ് തകര്‍ന്നത്. കൂടെ സഞ്ചരിച്ച യാത്രക്കാരിക്ക് പരിക്ക് ഇല്ലെന്നും ഇത് എങ്ങനെയെന്ന് പോലീസ് പരിശോധിക്കണമെന്നും ശ്രീറാം കോടതിയില്‍ ആവശ്യപ്പെട്ടു. വണ്ടി ഓടിച്ചത് ശ്രീറാം അല്ല എന്നാണോ പറയുന്നതെന്നും കോടതി ചോദിച്ചു. അത് അന്വേഷണ സംഘം വ്യക്തമാക്കട്ടെ എന്നായിരുന്നു ശ്രീറാമിന്റെ മറുപടി.