താന്‍ ജയില്‍ ഡി.ജി.പി ആയിരുന്നപ്പോള്‍ ഇങ്ങനൊന്നും സംഭവിച്ചിട്ടില്ല; ഋഷിരാജ് സിംഗിനെതിരെ ആര്‍. ശ്രീലേഖ
തിരുവനന്തപുരം: ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗിനെതിരെ പരോക്ഷ വിമര്‍നവുമായി മുന്‍ ജയില്‍ ഡി.ജി.പി ആര്‍. ശ്രീലേഖ. താന്‍ ജയില്‍ മേധാവിയായിരുന്നപ്പോള്‍ ഒരുതരത്തിലുള്ള അനധികൃത വസ്തുക്കളും ജയിലിനുള്ളില്‍ കയറ്റിയിരുന്നില്ലെന്ന് ശ്രീലേഖ വ്യക്തമാക്കി.
ഇപ്പോള്‍ ജയിലുകളില്‍ നിന്ന് ഫോണുകള്‍ പിടിക്കുന്നു, കഞ്ചാവ് കണ്ടെടുക്കുന്നു, ജയിലുകളില്‍ ആള്‍ക്കാര്‍ മരിക്കുന്നു, സ്ത്രീകള്‍ ജയില്‍ ചാടുന്നു തുടങ്ങിയ വാര്‍ത്തകള്‍ കാണുമ്പോള്‍ വിഷമം തോന്നുന്നു. ജയിലുകള്‍ മാതൃകാപരമാക്കുന്നതില്‍ തന്റെ പ്രവര്‍ത്തനകാലത്ത് വലിയ മുന്നേറ്റമുണ്ടായി, എന്നാല്‍ തനിക്ക് ഈഗോ കുറവായതിനാല്‍ പബ്ലിസിറ്റിക്ക് ശ്രമിച്ചില്ലെന്നും ശ്രീലേഖ പറഞ്ഞു.
ആര്‍. ശ്രീലേഖയുടെ ഫേസ്ബുക്ക് പോസ്റ്റ്
2019 ജൂണ്‍ 11 വരെ മാത്രമേ ഞാന്‍ ജയില്‍ ഡി.ജി.പി. ആയിരുന്നിട്ടുള്ളൂ. രണ്ടുവര്‍ഷവും അഞ്ചുമാസവും ഞാന്‍ അവിടെയുണ്ടായിരുന്ന അത്രയും സമയം യാതൊരു പ്രശ്‌നങ്ങളുമില്ലാതെ പോയിരുന്ന വകുപ്പാണ്.
ആയിരത്തിലധികം തടവുകാരെ മാനസിക പരിവര്‍ത്തനംനടത്തി പുതിയ തൊഴില്‍ പരിശീലിപ്പിച്ചു സമൂഹത്തില്‍ പുനരധിവസിപ്പിച്ച ചാരിതാര്‍ഥ്യം വളരെയുണ്ട്. 2017 ജനുവരിയില്‍ മുന്നൂറില്‍ അധികം വനിതാ തടവുകാര്‍ ഉണ്ടായിരുന്നപ്പോള്‍ ഞാന്‍ ചാര്‍ജ് വിടുമ്‌ബോള്‍ വെറും 82 പേര്‍ മാത്രം. കേരള ചരിത്രത്തില്‍ ആദ്യമായി തടവുകാരുടെ എണ്ണം ആയിരത്തോളം കുറഞ്ഞതും ആ സമയത്താണ്.
ഒരുതരത്തിലുള്ള അനധികൃത വസ്തുക്കളും അതേവരെ ജയിലിനുള്ളില്‍ ആരും കടത്തിയിട്ടില്ല. അഥവാ കണ്ടെത്തിയാല്‍ ഉടന്‍തന്നെ അതതു പോലീസ് സ്റ്റേഷനുകളില്‍ കേസ് എടുത്തിട്ടുമുണ്ട്. മൂന്നാംമുറ ഒരു കാരണവശാലും ഉണ്ടാവാതെ ശ്രദ്ധിച്ചിട്ടുണ്ട്. ഏതെങ്കിലും തടവുകാരനെ അവശനിലയില്‍ കണ്ടാല്‍ ഉടന്‍തന്നെ ചികിത്സ ലഭ്യമാക്കിയിട്ടിട്ടുമുണ്ട്. എന്നാല്‍ ഇതൊന്നും പത്രക്കാരോട് പറയേണ്ട കാര്യങ്ങളായി എനിക്ക് തോന്നിയിട്ടില്ല. ഈഗോ അല്പം കുറവായതിനാല്‍ പബ്ലിസിറ്റിയില്‍ വലിയ താത്പര്യവുമില്ല.
ഇപ്പോള്‍ 12-ന് തിരുവനന്തപുരം സെന്‍ട്രല്‍ ജയില്‍ നിന്ന് റെയ്ഡ് നടത്തി അനധികൃത വസ്തുക്കള്‍ പിടിക്കുന്നു, തുടര്‍ന്ന് കണ്ണൂര്‍, വിയ്യൂര്‍ ജയിലുകളില്‍നിന്ന് തുടര്‍ച്ചയായി ഫോണുകള്‍, കഞ്ചാവ് തുടങ്ങിയവ പിടിക്കുന്നു, വീണ്ടും വീണ്ടും റെയ്ഡുകളില്‍ ഇതുതന്നെ ആവര്‍ത്തിച്ചു പിടിക്കുന്നു എന്നിങ്ങനെ വാര്‍ത്തകള്‍ വായിക്കുമ്‌ബോള്‍ വിഷമം തോന്നുന്നു.
അതിലേറെ വിഷമം ജയിലുകളില്‍ ആള്‍ക്കാര്‍ മരിക്കുന്നു, സ്ത്രീകള്‍ ജയില്‍ ചാടുന്നു എന്നീ വാര്‍ത്തകള്‍ ഉണ്ടാവുമ്പോഴാണ്. എവിടെ ജോലി ചെയ്യുമ്പോഴും നൂറുശതമാനം ആത്മാര്‍ഥതയോടെയും ജനങ്ങള്‍ക്കും സര്‍ക്കാരിനും വകുപ്പിനും പരമാവധി നന്മമാത്രം ലാക്കാക്കി പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിഷമം തോന്നുക സ്വാഭാവികമാണല്ലോ’