എന്റെ വീഡിയോയില്‍ അശ്ലീല തമ്പ്‌നെയിലുകള്‍ കുത്തികയറ്റി കാശ് ഉണ്ടാക്കി ജീവിക്കുന്ന കുറേപ്പേരുണ്ട്, ആ ചാനലുകള്‍ ഒന്നും എന്റെയല്ല; വിശദീകരണവുമായി ശ്രീലക്ഷ്മി അറയ്ക്കല്‍
തിരുവനന്തപുരം: തന്റെ വീഡിയോകള്‍ എടുത്ത് അശ്ലീല തമ്പ്നെയിലുകള്‍ ഉണ്ടാക്കി യൂട്യൂബില്‍ പോസ്റ്റ് ചെയ്ത് പ്രചരിപ്പിക്കുന്നതിനെതിരെ ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കല്‍. അതൊന്നും തന്റെ യൂട്യൂബ് ചാനലല്ലെന്നും ശ്രീലക്ഷ്മി അറയ്ക്കല്‍ വ്യക്തമാക്കുന്നു. തന്റെ യഥാര്‍ത്ഥ യൂട്യൂബ് ചാനലിന്റെയും അതിലെ ഉള്ളടക്കങ്ങളുടെയും ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു അവരുടെ പോസ്റ്റ്.
വിജയ് പി. നായര്‍ എന്ന യൂട്യൂബര്‍ സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തില്‍ വീഡിയോകള്‍ ചെയ്തതില്‍ പ്രതികരിച്ച് ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മിയും ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറക്കലും ദിയാ സനയും രംഗത്തെത്തിയിരുന്നു. വിജയ് പി നായരുടെ ശരീരത്തില്‍ കറുത്ത മഷി ഒഴിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ വിജയ് പി. നായര്‍ക്കെതിരെ പ്രതികരിച്ചതിന് പിന്നാലെ ശ്രീലക്ഷ്മി അറയ്ക്കലിനെതിരെ നിരവധിപേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ശ്രീലക്ഷ്മിയുടെ പേരിലുള്ള വ്യാജ യൂട്യൂബ് വീഡിയോകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ ഉള്‍പ്പെടെ പങ്കുവെച്ചു കൊണ്ടായിരുന്നു ഇവര്‍ രംഗത്തെത്തിയത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് തനിക്ക് ഒരു യൂട്യൂബ് ചാനല്‍ മാത്രമാണ് ഉള്ളതെന്ന് വ്യക്തമാക്കി ആ ചാനലിന്റെ പേരും കണ്ടന്റും പരസ്യമാക്കി ശ്രീലക്ഷ്മി രംഗത്തെത്തിയത്. യൂട്യൂബ് ചാനലില്‍ ടിക് ടോക്ക് വീഡിയോകളും അമ്മയുടെ രണ്ട് മൂന്നു കവിതകളും മാത്രമാണ് ഉളളതെന്നും ശ്രീലക്ഷ്മി വ്യക്തമാക്കി. തന്റെ ഫേസ്ബുക്ക് ലൈവില്‍ വന്ന് മോശമായി കമന്റിടുന്നവര്‍ മാന്യന്മാരും അവര്‍ക്ക് മറുപടി പറയുന്ന താന്‍ വേശ്യയുമാകുന്നതെങ്ങനെയാണെന്നും ശ്രീലക്ഷ്മി ഫേസ്ബുക്ക് കുറിപ്പില്‍ ചോദിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
എന്റെ വീഡിയോ എടുത്ത് അതില്‍ അശ്ലീല തമ്പ് നെയിലുകള്‍ കുത്തികയറ്റി കാശ് ഉണ്ടാക്കി ജീവിക്കുന്ന വേറേ കുറേ യൂട്യൂബേഴ്സിന്റെ വീഡിയോ നിങ്ങള്‍ കണ്ട് അത് എന്റെ ചാനലാണെന്ന് തെറ്റിദ്ധരിക്കേണ്ട.
എനിക്ക് ഒരു യൂടുബ് ചാനലുളളതില്‍ ടിക്ടോക്ക് വീഡിയോയും അമ്മയുടെ രണ്ട് മൂന്നു കവിതകളും മാത്രമാണ് ഉളളത്.
ലൈവില്‍ വന്ന് അണ്ടി എന്ന് നിങ്ങള്‍ പറയുമ്പോള്‍ ഞാന്‍ കശുവണ്ടിയേപറ്റിയും അണ്ടിക്കറിയേപറ്റിയും ഒക്കെയാണ് തിരിച്ച് പറയാറ്.
ലൈവില്‍ വന്ന് ‘ കളി ഉണ്ടോ ചേച്ചീ’ എന്ന് ചോദിക്കുമ്പോള്‍ തിരിച്ച് ഫുട്ബോളും ക്രിക്കറ്റും കളിക്കുന്ന കാര്യമാണ് ഞാന്‍ പറഞ്ഞത് .
സഹിക്കാന്‍ പറ്റാത്ത അവസരത്തില്‍ വല്ല തെറിയും പറഞ്ഞിട്ട് ഉണ്ടാകും.
ഈ ലൈവില്‍ വന്ന് അസഭ്യം പറയുന്നവരെല്ലാം മാന്യന്‍മാരും തിരിച്ച് സാധാരണ രീതിയില്‍ മറുപടി പറയുന്ന ഞാന്‍ നിങ്ങള്‍ക്ക് വേശ്യയും ആയത് എങ്ങനെയാണ് ?
നബി: എനിക്കുളള ആകെ ഒരു യൂ ട്യൂബ് ചാനലും അതിലെ കണ്ടന്റുകളും പോസ്റ്റ് ചെയ്യുന്നു.