NationalNews

സ്പൈസ് ജെറ്റിന് ശനിദശ,സ്പൈസ് ജെറ്റ് വിമാനത്തിന്റെ ക്യാബിനിൽ പുക ഉയർന്നതിനെ തുടർന്ന് ഹൈദരാബാ​ദിൽ അടിയന്തിരമായി ഇറക്കി

ഹൈദരാബാദ്: ഗോവയിൽ നിന്ന് പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനത്തിന്റെ ക്യാബിനിൽ പുക ഉയർന്നതിനെ തുടർന്ന് ഹൈദരാബാ​ദിൽ അടിയന്തിരമായി ഇറക്കി.  ബുധനാഴ്ച രാത്രിയാണ് ഹൈദരാബാദ് വിമാനത്താവളത്തിൽ വിമാനം ഇറക്കിയത്.

സംഭവത്തെക്കുറിച്ച് ഏവിയേഷൻ റെഗുലേറ്റർ ഡിജിസിഎ അന്വേഷണമാരംഭിച്ചെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്ത ശേഷം എമർജൻസി എക്സിറ്റ് വഴി യാത്രക്കാരെ ഇറക്കി. വിമാനത്തിൽ നിന്ന് ഇറങ്ങുമ്പോൾ യാത്രക്കാരന്റെ കാലിൽ ചെറിയ പോറലേറ്റതായി ഡിജിസിഎ ഉദ്യോഗസ്ഥൻ പറഞ്ഞു.

വിമാനത്തിൽ 86 യാത്രക്കാരുണ്ടായിരുന്നുവെന്നും അടിയന്തിര ലാൻഡിങ്ങിനെ തുടർന്ന് ബുധനാഴ്ച രാത്രി 11 മണിയോടെ ഒമ്പത് വിമാനങ്ങൾ വഴിതിരിച്ചുവിട്ടതായും ഹൈദരാബാദ് വിമാനത്താവള ഉദ്യോഗസ്ഥൻ പറഞ്ഞു. നിരന്തരമായ പ്രശ്നത്തെ തുടർന്ന് സ്പൈസ് ജെറ്റ് വിമാനങ്ങൾ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡിജിസിഎ) നിരീക്ഷണത്തിലാണ്. ഒക്‌ടോബർ 29 വരെ മൊത്തം വിമാനങ്ങളുടെ 50 ശതമാനം മാത്രമേ സർവീസ് നടത്താവൂവെന്നും എയർലൈൻസിന് നിർദേശം നൽകിയിരുന്നു. സംഭവത്തെക്കുറിച്ച് റെഗുലേറ്റർ അന്വേഷിക്കുകയാണെന്ന് വ്യാഴാഴ്ച ഡിജിസിഎ ഉദ്യോഗസ്ഥൻ പറഞ്ഞു. കോക്പിറ്റിൽ പുക ഉയർന്നതിനെ തുടർന്നാണ് വിമാനം അടിയന്തരമായി ഇറക്കിയതെന്ന് ഡിജിസിഎ ഉദ്യോഗസ്ഥർ പറഞ്ഞു. 

രാജ്യത്തെ സ്വകാര്യ എയര്‍ലൈൻസ് കമ്പനിയായ സ്പെസ്ജെറ്റുമായി ബന്ധപ്പെട്ട് ഉണ്ടായ വിമാനാപകടങ്ങൾ കണക്കിലെടുത്ത് വിമാന കമ്പനിയുടെ പ്രവർത്തനങ്ങൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലി ഹൈക്കോടതിയിൽ സ്വകാര്യ വ്യക്തി ഹര്‍ജി നല്‍കിയിരുന്നു.

യാത്രക്കാരുടെ സുരക്ഷയ്ക്ക് ഫലപ്രദമായ സംവിധാനം ഒരുക്കുന്നതിൽ കമ്പനി പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ദില്ലിയിലെ ഒരു അഭിഭാഷകൻ ഹൈക്കോടതിയെ സമീപിച്ചത്. സ്പൈസ് ജെറ്റ് വിമാനങ്ങളില്‍ തകരാറുകൾ ആവർത്തിക്കുന്ന പശ്ചാത്തലത്തില്‍ ഡി ജി സി എ നേരത്തെ കമ്പനിയോട് വിശദീകരണം തേടിയിരുന്നു.

സ്പൈസ് ജെറ്റ് വിമാനങ്ങൾ മാനദണ്ഡങ്ങൾ പാലിക്കുന്നതിലും നിയമപ്രകാരം സുരക്ഷ ഒരുക്കുന്നതില്‍ വീഴ്ച വരുത്തിയെന്നും ഡിജിസിഎ സ്പൈസ് ജെറ്റിന് നല്‍കിയ നോട്ടീസില്‍ പറയുന്നു. 18 ദിവസത്തിനിടെ 8 സ്പൈസ് ജെറ്റ് വിമാനങ്ങളില്‍ തകരാറുകൾ കണ്ടെത്തിയ സാഹചര്യത്തിലാണ് ഡിജിസിഎ നടപടി തുടങ്ങിയത്.

യാത്രക്കാരുടെ സുരക്ഷയാണ് പരമ പ്രധാനമെന്നും, സുരക്ഷയെ ബാധിക്കുന്ന ചെറിയ സംഭവങ്ങളിലും കർശനമായ അന്വേഷണവും നടപടിയുമുണ്ടാകുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും വ്യക്തമാക്കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button