ചെന്നൈ: അന്തരിച്ച പ്രശസ്ത ഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യത്തിന് കലാലോകം കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി നല്‍കി. ചെന്നൈയ്ക്ക് സമീപം തമാരപ്പാക്കത്തുള്ള എസ്പിബിയുടെ ഫാം ഹൗസില്‍ മൃതദേഹം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. ചെന്നൈ നഗരത്തില്‍ നിന്ന് 50 കിലോമീറ്റര്‍ മാറി തിരുവള്ളൂര്‍ ജില്ലയിലാണ് താമരപ്പാക്കം ഗ്രാമം.
വെള്ളിയാഴ്ച രാത്രി എട്ടോടെയാണ് കോടമ്പാക്കത്തെ വീട്ടില്‍ നിന്നു എസ്പിബിയുടെ ഭൗതികദേഹം താമരപ്പാക്കത്ത് എത്തിച്ചത്. താമരപ്പാക്കത്തേക്കുള്ള അവസാന യാത്രയില്‍ ഉടനീളം വഴിയരികില്‍ കാത്തുനിന്ന് ആരാധകര്‍ അദ്ദേഹത്തിന് ആദരാജ്ഞലി അര്‍പ്പിച്ചു. നേരത്തെ ഇന്നു രാവിലെ 11ഓടെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാകുമെന്ന് അറിയിച്ചിരുന്നെങ്കിലും അന്ത്യാജ്ഞലി അര്‍പ്പിക്കാനെത്തുന്നവരുടെ തിരക്ക് കാരണം ചടങ്ങുകള്‍ നീണ്ടുപോകുകയായിരുന്നു.
ശനിയാഴ്ച ഉച്ചയ്ക്ക് 12.30ഓടെ മൃതദേഹം സംസ്‌കരിച്ചു. ഫാം ഹൗസിലെ സ്ഥലത്തുനിന്ന് 500 മീറ്റര്‍ മാറി പ്രത്യേകം ക്രമീകരിച്ച സ്ഥലത്ത് പൊതുദര്‍ശനത്തിനുവച്ച ഭൗതികദേഹത്തില്‍ സിനിമ, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. ചലചിത്ര താരം റഹ്മാന്‍, സംവിധായകനായ ഭാരതിരാജ തുടങ്ങി നിരവധി പേര്‍ എസ്പിബിയ്ക്ക് അന്തിമോപചാരമര്‍പ്പിക്കാനെത്തി.
ഹൃദയാഘാതത്തെത്തുടര്‍ന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.04നായിരുന്നു അന്ത്യം. കൊവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് ഓഗസ്റ്റ് അഞ്ചിനായിരുന്നു ബാലസുബ്രഹ്മ ണ്യത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സെപ്റ്റംബര്‍ നാലിന് അദ്ദേഹം കൊവിഡ് മുക്തനായെങ്കിലും ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് വെന്റിലേറ്റര്‍, എക്‌മോ എന്നീ ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്. വ്യാഴാഴ്ചയോടെ ആരോഗ്യനില വഷളാകുകയായിരിന്നു.