EntertainmentHealthNews

എസ്.പി.ബിയ്ക്ക് രോഗം പകര്‍ന്നതെവിടെ നിന്ന്? വ്യാജപ്രചാരണത്തിനെതിരെ ഗായിക മാളവിക രംഗത്ത്‌

ചെന്നൈ:താരങ്ങൾക്കെതിരെ ഉയരുന്ന സൈബർ ആക്രമണങ്ങൾക്ക് ഒരു കുറവും എല്ലാ എന്നതിന് മറ്റൊരു ഉദാഹരണം കൂടി. എസ് പി ബാലസുബ്രഹ്മണ്യത്തിന് കോവിഡ് ബാധിച്ചത് തെലുങ്കു ഗായിക മാളവികയിൽ നിന്നാണെന്ന ആരോപണം ഉയർന്നിരുന്നു. ഇത് ഉന്നയിച്ച് ഗായികയ്ക്കെതിരെ സൈബർ ആക്രമണം വ്യാപകമാകുകയായിരുന്നു. ഒരു തെലുങ്ക് ടെലിവിഷൻ പരിപാടിയിൽ പങ്കെടുത്തതിനു ശേഷമാണ് എസ്പിബിക്ക് കോവിഡ് ബാധിച്ചതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഇപ്പോൾ സൈബർ മാധ്യമങ്ങളിൽ ഉയർന്നത്. അതേ പരിപാടിയിൽ പങ്കെടുത്ത ഗായിക മാളവികയ്ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. എന്നാൽ അക്കാര്യം വകവയ്ക്കാതെ ഗായിക വീണ്ടും പരിപാടിയുടെ ഭാഗമായെന്നാണ് ഇപ്പോൾ ആക്ഷേപം ഉയരുന്നത് തന്നെ.

എന്നാൽ ഇക്കാര്യങ്ങൾ വാസ്തവവിരുദ്ധമാണെന്നും കോവിഡ് സ്ഥിരീകരിച്ചതിനു ശേഷം താൻ ടെലിവിഷൻ പരിപാടിയിൽ പങ്കെടുത്തിട്ടില്ലെന്നും എസ്പിബിക്ക് രോഗം സ്ഥിരീകരിച്ചതിനു ശേഷമാണ് തനിക്ക് വൈറസ് കണ്ടെത്തിയതെന്നും അറിയിച്ച് രംഗത്തു വന്നിരിക്കുകയാണ് ഗായികയായ മാളവിക. ഇത്തരത്തിൽ തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ ഉന്നയിച്ച് സമൂഹമാധ്യത്തിൽ പങ്കുവച്ച ദീർഘമായ കുറിപ്പിലൂടെ മാളവിക പ്രതികരണം നടത്തിയിരിക്കുന്നത്.

മാളവികയുടെ സമൂഹമാധ്യമ കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ:

‘ടെലിവിഷൻ പരിപാടിക്കു മുൻപാണ് എനിക്ക് കോവി‍ഡ് സ്ഥിരീകരിച്ചത് എന്നുള്ള വസ്തുതാവിരുദ്ധമായ ആരോപണമാണ് ഇപ്പോൾ ഉയരുന്നത്. ഞാനും എന്റെ സഹോദരിയും ചേർന്നാണ് പരിപാടി ആസൂത്രണം ചെയ്തത് എന്നു പോലും ചിലർ പറയുന്നു. എന്റെ സോഹോദരി ഗായികയല്ല. അവൾ അമേരിക്കയിലാണ് താമസിക്കുന്നത്. പിന്നെ എങ്ങനെ അവൾ ടെലിവിഷൻ പരിപാടിയിൽ പങ്കെടുക്കും? എസ്പിബി സാറിന്റെ എപ്പിസോഡ് ജൂലൈ 30നാണ് ചിത്രീകരിച്ചത്. അന്ന് ഞാൻ ഉൾപ്പെടെ നിരവധി ഗായകർ ആ പരിപാടിയുടെ ഭാഗമായിരുന്നു. എനിക്ക് അപ്പോൾ രോഗം ബാധിച്ചിട്ടുണ്ടായിരുന്നെങ്കിൽ തീർച്ചയായും അത് എന്റെ ഒപ്പമുണ്ടായിരുന്നവരിലേക്കും പടരുമായിരുന്നു.

ഞാനും എന്റെ കുടുംബവും കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചു തന്നെയാണ് വീട്ടിൽ കഴിയുന്നത്. ലോക്ഡൗൺ തുടങ്ങിയ അന്നു മുതൽ എന്റെ ഭർത്താവ് വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്. പ്രായമായ എന്റെ മാതാപിതാക്കൾ കഴിഞ്ഞ 5 മാസമായി മുറിയില്‍ നിന്നും പുറത്തേയ്ക്കിറങ്ങിയിട്ടേയില്ല. യാതൊരു വിധത്തിലും കോവിഡ് ബാധിക്കാതിരിക്കാൻ വീട്ടിലെ ജോലിക്കാരിയെപ്പോലും ഞങ്ങൾ ഒഴിവാക്കി. ലോക്ഡൗൺ തുടങ്ങിയതിനു ശേഷം അഞ്ചു മാസങ്ങൾക്കു ശേഷമാണ് ഞാൻ വീട്ടില്‍ നിന്നും പുറത്തിറങ്ങിയത്. അത് ഈ ടെലിവിഷൻ പരിപാടിയുടെ ഷൂട്ടിനു വേണ്ടിയായിരുന്നു. എല്ലാ നിർദ്ദേശങ്ങളും നിയന്ത്രണങ്ങളും പാലിച്ചായിരുന്നു അത്.

എസ്പിബി സറിന് ഓഗസ്റ്റ് അഞ്ചിനും എനിക്ക് ഓഗസ്റ്റ് എട്ടിനും ആണ് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് എന്റെ മകൾക്കും മാതാപിതാക്കൾക്കും ഉൾപ്പെടെ രോഗബാധയുണ്ടെന്നു കണ്ടെത്തി. അച്ഛനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്റെ ഭര്‍ത്താവിനും ഡ്രൈവറിനും ഫലം നെഗറ്റീവ് ആണ്. ഞാനും എന്റെ കുടുംബാംഗങ്ങളും ഇപ്പോൾ വളരെ മോശപ്പെട്ട അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. അതിനിടയിൽ ദയവു ചെയ്ത് എന്നെക്കുറിച്ച് ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത്. ഇതിനെതിരെ ഞാൻ നിയമവഴി തേടിയിട്ടുണ്ട്. വ്യാജ സന്ദേശം പടച്ചുവിടുന്നവർക്കെതിരെ കർശനമായ നടപടിയുണ്ടാകും. പ്രയാസം നിറഞ്ഞ ഈ സമയത്ത് നിങ്ങളുടെ പ്രാർഥനയും അനുഗ്രഹവും എനിക്കാവശ്യമാണ്’.

അതേസമയം കോവിഡ് ബാധിച്ച എസ് പി ബാലസുബ്രഹ്മണ്യം ഇപ്പോഴും വെന്റിലേറ്ററിൽ തന്നെ തുടരുകയാണ്. അദ്ദേഹത്തിന്റെ ആരോഗ്യ നില ഇപ്പോൾ ഭദ്രമാണെന്നും സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്നും‌ ആശുപത്രി അധികൃതർ ഓരോ നിമിഷവും അറിയിച്ചുകൊണ്ടിരിക്കുകയാണ്. എസ്പിബിയുടെ രോഗമുക്തിക്കായി തമിഴ് സിനിമാ ലോകം കഴിഞ്ഞ ദിവസം പ്രത്യേക പ്രാർഥനയും നടത്തിയിരുന്നു. ഇതേതുടർന്ന് ഇളയരാജ, എ.ആർ.റഹ്മാൻ, രജനികാന്ത്, കമൽ ഹാസൻ, വൈരമുത്തു തുടങ്ങിയ നിരവധി പ്രമുഖർ ഈ പ്രാർഥനയുടെ ഭാഗമായിരുന്നു. ലോകമെമ്പാടുമുള്ള സ്നേഹിതരെ ക്ഷണിച്ച് സംവിധായകൻ ഭാരതിരാജയാണ് പ്രാർഥനായജ്ഞം സംഘടിപ്പിച്ചത് തന്നെ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker