ബെര്‍ലിന്‍: ജര്‍മനിയില്‍ പൂര്‍ത്തിയായ യുവേഫ യൂറോ കപ്പിലെ ഏറ്റവും മികച്ച യുവ കളിക്കാരനായി സ്‌പെയിനിന്റെ മുന്നേറ്റ താരം ലാമിന്‍ യമാലിനെ തിരഞ്ഞെടുത്തു. ഫൈനലില്‍ ഇംഗ്ലണ്ടിനെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് സ്‌പെയിന്‍ കിരീടം ചൂടിയതിനു പിന്നാലെയാണ് യമാലിനെ യങ് പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് അവാര്‍ഡിന് തിരഞ്ഞെടുത്തത്. കഴിഞ്ഞദിവസമാണ് യമാലിന് 17 വയസ്സ് പൂര്‍ത്തിയായത്.
ഫൈനലില്‍ സ്‌പെയിനിന്റെ ആദ്യ ഗോള്‍ പിറന്നത് യമാലിന്റെ അസിസ്റ്റില്‍നിന്നായിരുന്നു. ബോക്സിന്റെ വലതുവശത്തുനിന്ന് യമാല്‍ മറുപുറത്ത് ഓടിയെത്തുകയായിരുന്ന നിക്കോ വില്യംസിനെ ലക്ഷ്യംവെച്ച് നല്‍കിയ പന്ത് ഫലം കണ്ടു. വില്യംസിന് തന്റെ ഇടംകാലുകൊണ്ട് അനായാസം പന്ത് വലയിലെത്തിക്കേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളൂ. 47-ാം മിനിറ്റിലായിരുന്നു ഗോള്‍. ഇതോടെ യമാലിന് ടൂര്‍ണമെന്റില്‍ നാല് അസിസ്റ്റും ഒരു ഗോളും സ്വന്തം പേരില്‍ ചേര്‍ക്കാനായി.
സെമി ഫൈനലില്‍ ഫ്രാന്‍സിനോട് ഒരു ഗോളിന് പിന്നില്‍ നില്‍ക്കേ, യമാല്‍ നേടിയ കിടിലന്‍ ഗോളാണ് സ്‌പെയിനിനെ കളിയിലെക്ക് തിരികെയെത്തിച്ചിരുന്നത്. 21-ാം മിനിറ്റില്‍ അല്‍വാരോ മൊറാട്ട നല്‍കിയ പന്തുമായി മുന്നോട്ടുകയറി ബോക്സിന് തൊട്ടുമുന്നില്‍നിന്ന് യമാല്‍ തൊടുത്ത ഷോട്ട് ഫ്രഞ്ച് വലയിലേക്ക് തിരിഞ്ഞിറങ്ങിയായിരുന്നു ഗോള്‍.. ഫ്രഞ്ച് ഡിഫന്‍ഡര്‍മാരെ ഡ്രിബിള്‍ ചെയ്തായിരുന്നു ഈ കുതിപ്പ്.
അതിനിടെ യമാല്‍ ബ്രസീല്‍ ഇതിഹാസം പെലെയുടെ മറ്റൊരു റെക്കോഡ് കൂടി മറികടന്നു. ബര്‍ലിനില്‍ നടന്ന 2024 യൂറോ കപ്പ് ഫൈനലില്‍ ഇറങ്ങിയതോടെ പുരുഷ ലോകകപ്പിലോ യൂറോ കപ്പിലോ കോപ്പ അമേരിക്കയിലോ ഫൈനലില്‍ ഇറങ്ങുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡാണ് സ്വന്തം പേരില്‍ ചേര്‍ത്തത്. 17 വയസ്സ് പൂര്‍ത്തിയായി ഒരു ദിവസത്തിന് ശേഷമാണ് യമാല്‍ ടീമിന്റെ സ്റ്റാര്‍ട്ടിങ് ഇലവനില്‍ ഉള്‍പ്പെടുന്നത്. 1958-ല്‍ 17 വയസ്സും 249 ദിവസവും പ്രായമുള്ളപ്പോഴാണ് പെലെ ബ്രസീലിനായി ലോകകപ്പിലിറങ്ങിയത്. 66 വര്‍ഷം പഴക്കമുള്ള ഈ റെക്കോഡാണ് യമാല്‍ മറികടന്നത്.