FeaturedFootballHome-bannerNewsSports

യൂറോ കിരീടം സ്‌പെയിന്‌; കലാശപ്പോരിൽ ഇംഗ്ലണ്ടിനെ തകർത്തു,തുടര്‍ച്ചയായ രണ്ടാം ഫൈനല്‍ തോല്‍വി

ബെര്‍ലിന്‍: ഒരു വ്യാഴവട്ടത്തിനുശേഷം ഒരിക്കല്‍ക്കൂടി യുവേഫ യൂറോ ചാമ്പ്യന്‍ഷിപ്പിന്റെ കിരീട മധുരം രുചിച്ച് സ്‌പെയിന്‍. കലാശപ്പോരില്‍ ഇംഗ്ലണ്ടിനെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് തകര്‍ത്തത്. രണ്ടാം പകുതിയിലെ നിക്കോ വില്യംസിന്റെയും അവസാന മിനിറ്റുകളിലെ ഒയാര്‍സബലിന്റെയും ഗോളുകളാണ് സ്‌പെയിനിനെ തുണച്ചത്. ഇംഗ്ലണ്ടിനായി കോള്‍ പാല്‍മര്‍ ആശ്വാസ ഗോള്‍ നേടി. സ്‌പെയിനിന്റെ നാലാം യൂറോ കപ്പ് കിരീടമാണിത്. നാല് യൂറോ കിരീടങ്ങള്‍ നേടുന്ന ആദ്യ ടീമാണ് സ്‌പെയിന്‍.

ഗോള്‍ അകന്നുനിന്ന ആദ്യ പകുതിക്കുശേഷം കളത്തിലിറങ്ങി രണ്ട് മിനിറ്റിന് മുന്‍പേ സ്‌പെയിന്‍ ലീഡ് കണ്ടെത്തി. പതിനേഴുകാരന്‍ ലാമിന്‍ യമാലിന്റെ അസിസ്റ്റില്‍നിന്നാണ് ഗോള്‍ പിറന്നത്. ബോക്‌സിന്റെ വലതുവശത്തുനിന്ന് യമാല്‍ മറുപുറത്ത് ഓടിയെത്തുകയായിരുന്ന നിക്കോ വില്യംസിനെ ലക്ഷ്യംവെച്ച് നല്‍കിയ പന്ത് ഫലം കണ്ടു. വില്യംസിന് തന്റെ ഇടംകാലുകൊണ്ട് അനായാസം പന്ത് വലയിലെത്തിക്കേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളൂ. 47-ാം മിനിറ്റിലായിരുന്നു ഗോള്‍ (1-0).

ഇതോടെ യമാലിന്റെ ഈ യൂറോ കപ്പിലെ അസിസ്റ്റുകളുടെ എണ്ണം നാലായി. വില്യംസിന്റെ ടൂര്‍ണമെന്റിലെ രണ്ടാമത്തെ ഗോളും. ഒരു യൂറോ കപ്പ് ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലും സെമി ഫൈനലിലും ഫൈനലിലും ഗോളോ അസിസ്‌റ്റോ നേടുന്ന ആദ്യ താരമാവാനും യമാലിന് കഴിഞ്ഞു. വില്യംസിന്റെ ഗോളോടെ ഒരു യൂറോ കപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന ടീം എന്ന ഫ്രാന്‍സിന്റെ റെക്കോഡിനൊപ്പമെത്താനായി സ്‌പെയിനിന്. 14 ഗോളുകളാണ് സ്‌പെയിന്‍ നേടിയത്. 1984-ല്‍ ഫ്രാന്‍സ് നേടിയ 14 ഗോള്‍ റെക്കോഡിനൊപ്പമാണിത്.

73-ാം മിനിറ്റില്‍ ഇംഗ്ലണ്ടിന്റെ മറുപടി ഗോളെത്തി. നിരന്തരമായ ഗോള്‍ശ്രമങ്ങള്‍ക്കൊടുവില്‍ കോള്‍ പാല്‍മറാണ് ഇംഗ്ലണ്ടിനെ ഒപ്പമെത്തിച്ചത്. കൊച്ച് സൗത്ത് ഗേറ്റ് രണ്ട് മിനിറ്റ് മുന്‍പ് മാത്രം ഗ്രൗണ്ടിലിറക്കിയ പാള്‍മറില്‍നിന്ന് ഉദ്ദേശിച്ച ഫലം ലഭിച്ചു. സ്വന്തം പകുതിയില്‍നിന്ന് വലതുവിങ്ങിലൂടെ ഇംഗ്ലണ്ട് നടത്തിയ മുന്നേറ്റം ബോക്‌സിനകത്തെത്തി. അവിടെനിന്ന് ബുകായോ സബുകായോ സാക ബോക്‌സിനകത്ത് ജൂഡ് ബെല്ലിങ്ങാമിന് പാസ് നല്‍കി. ബെല്ലിങ്ങാമിനെ മൂന്ന് സ്‌പെയിന്‍ താരങ്ങള്‍ പ്രതിരോധിച്ചതോടെ പന്ത് പിറകില്‍ ഓടിവന്ന പാല്‍മറിന് ബാക്ക് പാസ് നല്‍കി. സ്‌പെയിന്‍ പ്രതിരോധത്തെ വകഞ്ഞുകീറി പാല്‍മര്‍ അത് ബോക്‌സിന്റെ ഇടതുമൂലയില്‍ എത്തിച്ചു. സ്‌പെയിന്‍ ഗോള്‍ക്കീപ്പര്‍ സിമോണ്‍ ചാടിനോക്കിയെങ്കിലും ശ്രമം വിഫലമായി (1-1). ഗ്രൗണ്ടിലെത്തി തന്റെ രണ്ടാം ടച്ചില്‍തന്നെ ഗോള്‍ നേടാന്‍ കഴിഞ്ഞത് പാല്‍മറിന് നേട്ടമായി.

പക്ഷേ, ഈ തുല്യതക്ക് അധികം ആയുസ്സുണ്ടായില്ല. 83-ാം മിനിറ്റില്‍ സ്‌പെയിന്‍ രണ്ടാമതും നിറയൊഴിച്ചു. ഒയാര്‍സബല്‍ വകയായിരുന്നു ഇത്തവണത്തെ ഗോള്‍. ഇടതുവിങ്ങില്‍നിന്ന് കുക്കുറെല്ല ബോക്‌സിനകത്തേക്ക് നല്‍കിയ പാസ് ഒയാര്‍സബല്‍ ഓടിയെത്തി ഗോളാക്കി. നീങ്ങിക്കൊണ്ടിരുന്ന പന്തില്‍ കാല്‍ സ്പര്‍ശിപ്പിക്കേണ്ട കടമയേ ഒയാര്‍സബാലിനുണ്ടായിരുന്നുള്ളൂ (2-1). കുക്കുറെല്ലയുടെ പാസും ഒയാര്‍സബലിന്റെ ഓട്ടവും തമ്മിലെ തെറ്റാത്ത ധാരണയാണ് ഗോളിന് വഴിയൊരുക്കിയത്.

രാജകീയമായിത്തന്നെയാണ് സ്‌പെയിനിന്റെ കിരീട ധാരണം. ക്രൊയേഷ്യ, ഇറ്റലി, ജര്‍മനി, ഫ്രാന്‍സ്, ഇംഗ്ലണ്ട് തുടങ്ങിയ യൂറോപ്പിലെ വമ്പന്‍ ടീമുകളെ മറികടന്ന് തോല്‍ക്കാതെയാണ് കപ്പിലെത്തിയത്. 2012 ജൂലായ് ഒന്നിന് യുക്രൈനിലെ ക്വീവില്‍ ഇറ്റലിയെ തകര്‍ത്ത് കിരീടം നേടിയതില്‍പ്പിന്നെ സ്പെയിന്‍ നേടുന്ന ആദ്യ പ്രധാന ടൂര്‍ണമെന്റ് കിരീടം.

മറുവശത്ത് ഇംഗ്ലണ്ടിന് ഒരിക്കല്‍ക്കൂടി ഫൈനല്‍ക്കണ്ണീര്‍ രുചിക്കേണ്ടിവന്നു. ആദ്യ യൂറോ കപ്പ് കിരീടം ലക്ഷ്യം വെച്ചെത്തിയ ഇംഗ്ലണ്ടിന് അതിനായി ഇനിയും കാത്തിരിക്കണം. 1966-ല്‍ ലോകകപ്പ് നേടിയതില്‍പ്പിന്നെ ഇംഗ്ലണ്ട് ലോകകപ്പോ യൂറോ കപ്പോ നേടിയിട്ടില്ല. 2020-21ല്‍ ഫൈനലിലെത്തിയ ഇംഗ്ലണ്ട് അന്ന് ഇറ്റലിയോടാണ് പരാജയപ്പെട്ടത്. തുടര്‍ച്ചയായ രണ്ടാം യൂറോ കപ്പ് ഫൈനല്‍ തോല്‍വിയാണിത്.

89-ാം മിനിറ്റിലെ ഇംഗ്ലണ്ടിന് മികച്ചൊരവസരം സ്‌പെയിന്‍ ഗോള്‍ക്കീപ്പര്‍ ഉനായ് സിമോണും ഡാനി ഒല്‍മോറും തടഞ്ഞു. കോര്‍ണറില്‍നിന്നുള്ള നീക്കമാണ് സ്‌പെയിന്‍ അവിശ്വസനീയമാംവിധം തടഞ്ഞിട്ടത്. ഇരു ടീമും ശക്തമായ ആക്രമണവും പ്രതിരോധവുമായി മുന്നിട്ടുനിന്നതോടെ ആദ്യ പകുതിയില്‍ ഗോളൊന്നും പിറന്നില്ല. പക്ഷേ, രണ്ട് ടീമിനും എതിര്‍ ഗോള്‍മുഖത്ത് അപകടകരമായ നീക്കങ്ങള്‍ നടത്താനായി. 30-ാം മിനിറ്റില്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്‌ന് ഡെക്ലാന്‍ റൈസിനെ ഫൗള്‍ ചെയ്തതിന് മഞ്ക്കാര്‍ഡ് ലഭിച്ചു.

യമാലും വില്യംസും കളം നിറഞ്ഞ് കളിച്ചെങ്കിലും ഇരുവരെയും ആദ്യ പകുതിയില്‍ പിടിച്ചുകെട്ടാന്‍ ഇംഗ്ലണ്ടിനായി. കുക്കുറെല്ലയും ലാപോര്‍ട്ടയും നോര്‍മാന്‍ഡും കാര്‍വാജലും ചേര്‍ന്ന മതില്‍ പൊളിക്കുക ഇംഗ്ലണ്ടിന് പ്രയാസമായി. പ്രതിരോധത്തില്‍ സ്‌റ്റോണ്‍സ് മികച്ച രീതിയില്‍ നിലയുറപ്പിച്ചതിനാല്‍ ഇംഗ്ലണ്ട് കൂടുതല്‍ ഗോള്‍ വഴങ്ങാതെ രക്ഷപ്പെട്ടു. അതേസമയം ഇംഗ്ലണ്ട് പലതവണ സ്‌പെയിന്‍ ഗോള്‍മുഖം വിറപ്പിച്ചെങ്കിലും ഗോളിന്റെ ഭാഗ്യം അകന്നുനിന്നു.

മത്സരത്തിന്റെ തുടക്കംമുതല്‍തന്നെ ആക്രമണമാണെന്ന് ലക്ഷ്യമെന്ന് സ്‌പെയിന്‍ വ്യക്തമാക്കിയതാണ്. ആദ്യ പത്ത് മിനിറ്റില്‍ ഇംഗ്ലണ്ട് ചിത്രത്തില്‍പ്പോലുമുണ്ടായില്ല. സ്‌പെയിനിന്റെ കൈയിലായിരുന്നു പന്ത് കൂടുതല്‍ സമയവും. പക്ഷേ, ഇംഗ്ലണ്ട് ബോക്‌സ് കടക്കാന്‍ സ്‌പെയിനിനായില്ല. സ്‌പെയിനിന്റെ നീക്കങ്ങള്‍ മധ്യത്തില്‍ നിന്നു. പത്ത് മിനിറ്റിനുശേഷം ഇംഗ്ലണ്ട് ആക്രമണ ശൈലിയിലേക്ക് നീങ്ങി. ഇതോടെ കളി മുറുകി. തുടര്‍ന്ന് രണ്ട് ടീമും നിരവധി ഗോളവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഭാഗ്യം കൂടെക്കൂടിയില്ല. സ്‌പെയിനിന്റെ ഗോള്‍മുഖം പലതവണയാണ് ഇംഗ്ലണ്ട് വിറപ്പിച്ചത്. പക്ഷേ, ഒന്നുപോലും ലക്ഷ്യത്തിലെത്തിക്കാനായില്ല. മറുവശത്ത് സ്‌പെയിനും ഗോള്‍ നേടുന്നതില്‍ നിരന്തരമായി പരാജയപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker