ഇടുക്കി: ഡോക്ടറെ കയ്യേറ്റം ചെയ്‌തെന്ന പരാതിയില്‍ ഇസ്രായേലില്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കേസെടുത്തു. കൊവിഡ് മാനദണ്ഡം പാലിക്കണമെന്ന് ഡോക്ടര്‍ പറഞ്ഞതാണ് ഇവരെ പ്രകോപിപ്പിച്ചത്. സൗമ്യയുടെ ഭര്‍ത്താവ് സന്തോഷ്, സഹോദരന്‍ സജി, സൗമ്യയുടെ സഹോദരന്‍ സജേഷ് എന്നിവര്‍ക്കെതിരെ കഞ്ഞിക്കുഴി പോലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്.
ആശുപത്രിയില്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിക്കാത്തത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് സംഭവമെന്നാണ് ആരോപണം. ചേലച്ചോട് സിഎസ്‌ഐ ആശുപത്രിയിലെ ഡോക്ടര്‍ അനൂപിനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തിന് പിന്നാലെ ഡോക്ടര്‍ അനൂപ് തങ്കമണിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഡോക്ടര്‍ അപമര്യദയായി പെരുമാറിയത് ചോദ്യം ചെയ്യുക മാത്രമാണുണ്ടായതെന്നാണ് സന്തോഷിന്റെയും വിശദീകരണം.
അതേസമയം കൊല്ലപ്പെട്ട സൗമ്യ സന്തോഷിന് ആദരസൂചക പൗരത്വം(ഓണററി സിറ്റിസണ്‍ഷിപ്പ്)നല്‍കാനൊരുങ്ങി ഇസ്രയേല്‍. ഇസ്രയേലിലെ ജനങ്ങള്‍ വിശ്വസിക്കുന്നത് സൗമ്യ ഓണററി സിറ്റിസണ്‍ ആണെന്നാണ്. സൗമ്യയെ തങ്ങളില്‍ ഒരാളായാണ് അവര്‍ കാണുന്നതെന്ന് ഇന്ത്യയിലെ ഇസ്രയേല്‍ എംബസി ഉന്നത ഉദ്യോഗസ്ഥന്‍ റോണി യെദീദിയ ക്ലീന്‍ ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
ആദരസൂചക പൗരത്വം നല്‍കാന്‍ തീരുമാനിച്ച ഇസ്രയേലിന്റെ നടപടിയെ സൗമ്യയുടെ കുടുംബം സ്വാഗതം ചെയ്തു. ഭാര്യക്ക് ലഭിച്ച മഹത്തായ അംഗീകാരമായാണ് ഇസ്രയേലിന്റെ തീരുമാനത്തെ കാണുന്നതെന്ന് സൗമ്യയുടെ ഭര്‍ത്താവ് സന്തോഷ് പ്രതികരിച്ചു. മകന്‍ അഡോണിന്റെ സംരക്ഷണം സംബന്ധിച്ച കാര്യങ്ങളെ കുറിച്ചും എംബസി ഉദ്യോഗസ്ഥര്‍ അറിയിച്ചതായും സന്തോഷ് കൂട്ടിച്ചേര്‍ത്തു.