32.8 C
Kottayam
Thursday, May 9, 2024

‘അതെ ഞാന്‍ പോലീസാണ്.. ഹൃദയം കല്ലാക്കാന്‍ വിധിക്കപ്പെട്ടവന്‍’; അഗ്നിക്കിരയായ സഹപ്രവര്‍ത്തകയുടെ ശരീരം പരിശോധിക്കേണ്ടി വന്ന എസ്.ഐയുടെ കരളലിയിപ്പിക്കുന്ന കുറിപ്പ്

Must read

കോട്ടയം: കേരളക്കര വളരെ ഞെട്ടലോടെയാണ് വള്ളിക്കുന്നം സ്‌റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥ സൗമ്യയുടെ ദാരുണ കൊലപാതകത്തെ കണ്ടത്. നേരിട്ട് ഒരു പരിചയം പോലും ഇല്ലാതിരുന്നിട്ടും ഒട്ടുമിക്ക മലയാളികളുടെ മനസില്‍ നിന്നും ഇപ്പോഴും ആ മുഖം മാഞ്ഞിട്ടില്ല. അതേമസയം സൗമ്യയുടെ വേര്‍പാടില്‍ നിന്നും മുക്തരാകാതെ വേദന കടിച്ചമര്‍ത്തി കഴിയുകയാണ് സഹപ്രവര്‍ത്തകര്‍. അതിനിടെ അഗ്നിക്കിരയായ സഹപ്രവര്‍ത്തകയുടെ ശരീരം പരിശോധിക്കേണ്ട ചുമതലകൂടി വഹിക്കേണ്ടി വരുന്ന അവസ്ഥ അഭിമുഖീകരിക്കേണ്ടി വന്നാലോ. സഹപ്രവര്‍ത്തകയുടെ അഗ്നിക്കരിയായ ശരീരം പരിശോധിക്കേണ്ടി വന്ന ദുരവസ്ഥയെ ഗതികേടായാണ് എസ്.ഐ ഷൈജു ഇബ്രാഹിം വിവരിച്ചിരിക്കുന്നത്. സഹപ്രവര്‍ത്തകയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു തുടങ്ങുന്ന കുറിപ്പില്‍ ഹൃദയം കല്ലാക്കാന്‍ വിധിക്കപ്പെട്ടവന്‍ എന്നും സ്വയം പരാമര്‍ശിക്കുന്നു.
കുറിപ്പിന്റെ പൂര്‍ണരൂപം

പ്രീയ സഹപ്രവര്‍ത്തകക്ക് ആദരാഞ്ജലി…

ഒപ്പം ജോലി ചെയ്തിരുന്ന ഒരാളുടെ വിയോഗം അത്രമേല്‍ വിഷമത്തിലാഴ്ത്തുന്നു.. എന്നും പുഞ്ചിരിയോടെ, ഊര്‍ജ്ജസ്വലയായി മാത്രം കണ്ടിരുന്ന ആ സഹപ്രവര്‍ത്തകയുടെ അഗ്നിക്കിരയായ ശരീരം പരിശോധിക്കേണ്ട ചുമതലകൂടി വഹിക്കേണ്ടി വരുന്ന അവസ്ഥയെ കുറിച്ച് ചിന്തിക്കാനാവുമോ…
ഒരു പക്ഷേ പോലീസ് എന്ന വിഭാഗത്തിന് മാത്രം അനുഭവിക്കേണ്ടി വരുന്ന ഗതികേട്… ‘അതെ ഞാന്‍ പോലീസാണ്.. ഹൃദയം കല്ലാക്കാന്‍ വിധിക്കപ്പെട്ടവന്‍’. ഇന്‍ക്വസ്റ്റ് തുടങ്ങി തീരും വരെയും പോസ്റ്റ്മോര്‍ട്ടം സമയത്തും മരവിച്ച മനസ്സില്‍ ആവര്‍ത്തിച്ച് മന്ത്രിച്ചതും അത് തന്നെയായിരുന്നു… ‘അതെ ഞാന്‍ പോലീസാണ് ‘
ശരിക്കും എന്നെ യൂണിഫോം താങ്ങി നിര്‍ത്തുകയായിരുന്നു… വല്ലാത്ത കരുത്താണ് അത് നമുക്ക് തരുന്നത്. കണ്ണുകള്‍ നനയാതെ, കൈ വിറക്കാതെ, ശബ്ദം ഇടറാതെ കരുത്ത് പകരുന്ന ശക്തമായ സംവിധാനം…
അതേ പോലീസിന്റെ ഭാഗമായ ഒരുവന്‍ തന്നെ ഹേതുവായി എന്നത് എന്റെ വേദനയുടെ ആഴം കൂട്ടുന്നു…
വാര്‍ത്താ ചാനലുകളില്‍ സൗമ്യ എന്നോട് ഇതിനെ കുറിച്ച് പറഞ്ഞിരുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നപ്പൊള്‍ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല.. കൂടെ ജോലി ചെയ്യുന്ന ഒരാളുടെ വിഷമം കേള്‍ക്കുക എന്നത് എന്റെ ഉത്തരവാദിത്വമല്ലേ.. ഒരു തവണ എങ്കിലും എന്നോട് പറഞ്ഞിരുന്നെങ്കില്‍, തീര്‍ച്ച ഇങ്ങനൊന്നും സംഭവിക്കില്ലായിരുന്നു… ഈ ചിന്ത എന്നെ വല്ലാതെ വേട്ടയാടുന്നു…
മൂന്ന് കുരുന്നുകള്‍ക്ക് നഷ്ട്ടമായ മാതൃത്വത്തിന് പകരമാകില്ല ഒന്നും എന്നറിയാം എങ്കിലും ഇനിയും ഇത്തരത്തിലുള്ള സാഹചര്യങ്ങളും സംഭവങ്ങളും ഉണ്ടാകാതിരിക്കാന്‍, കരുതലിന്റെ കാവലാളാവാന്‍ നമുക്ക് കൈകോര്‍ക്കാം…
ഷൈജു ഇബ്രാഹിം
എസ്എച്ഒ
വള്ളികുന്നം
പോലീസ് സ്റ്റേഷന്‍

 

https://www.facebook.com/shaiju.ebrahim/posts/10214922161676427

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week