29.5 C
Kottayam
Tuesday, May 7, 2024

രാജ്കുമാറിനെ നാട്ടുകാര്‍ മര്‍ദ്ദിച്ചിരുന്നില്ലെന്ന് കൂട്ടുപ്രതി മഞ്ജു,സ്ഥാപന ഉടമ മലപ്പുറംകാരനെന്ന് രാജ്കുമാര്‍ പറഞ്ഞു,5 കോടിയോളം രൂപ കൊണ്ടുപോയത് അജ്ഞാതകേന്ദ്രത്തിലേക്കെന്നും മഞ്ജു

Must read

നെടുങ്കണ്ടം:നെടുങ്കണ്ടത്ത് കസ്റ്റഡിയില്‍ മരിച്ച രാജ്കുമാറിനെ ഇടുക്കി പുളിയന്‍മലയില്‍വെച്ച് പോലീസിന് കൈമാറുമ്പോള്‍ നാട്ടുകാര്‍ മര്‍ദ്ദിച്ചിരുന്നില്ലെന്ന് ചിട്ടി തട്ടിപ്പ് കേസിലെ കൂട്ടുപ്രതിയായ മഞ്ജു.അറസ്റ്റിലായശേഷം ജാമ്യത്തില്‍ പുറത്തിറങ്ങിയ മഞ്ജു മാധ്യമങ്ങളോട് സംസാരിയ്ക്കുകയായിരുന്നു.നാട്ടുകാരില്‍ നിന്നും പിരിച്ചെടുത്ത പണം കുട്ടിക്കാനെത്തെ ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നാണ് രാജ്കുമാര്‍ അറിയിച്ചത്. എന്നാല്‍ പണം ബാങ്കില്‍ നിക്ഷേപിച്ചില്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് രാജ്കുമാറിനെ പോലീസിലേല്‍പ്പിച്ചത്.

സ്ഥാപനത്തിലെ ജീവനക്കാരിയായി തനിയ്ക്ക് ഹരിത ചിട്ടി തട്ടിപ്പ് കേസില്‍ യാതൊരു പങ്കുമില്ലെന്ന് കേസിലെ മൂന്നാം പ്രതിയായ മഞ്ജു പറഞ്ഞു. പണം നല്‍കിയവര്‍ക്ക് രസീത് നല്‍കുക മാത്രമാണ് താന്‍ ചെയ്തത്. ഇടപാടുകാരില്‍ നിന്ന് പൈസ പിരിച്ചിരുന്നത് രണ്ടാം പ്രതി ശാലിനിയാണെന്നും മഞ്ജു മാധ്യമങ്ങളോട് പറഞ്ഞു.

രാജ്കുമാറിനെയും ശാലിനിയെയും ഒരുമാസത്തെ പരിചയമേ തനിക്ക് ഉള്ളു. നാട്ടുകാരില്‍ നിന്ന് 15 ലക്ഷത്തോളം രൂപ മാത്രമേ പിരിച്ചെടുത്തിട്ടുള്ളു. പിടികൂടുമ്പോള്‍ ശാലിനിയുടെ പക്കല്‍ 2 ലക്ഷത്തി 35000 രൂപയും രാജ്കുമാറിന്റെ പക്കല്‍ 75000 രൂപയുമാണ് ഉണ്ടായിരുന്നത്.

വണ്ടിപ്പെരിയാറ്റിലാണ് താമസമെന്നാണ് രാജ്കുമാറും ശാലിനിയും പറഞ്ഞത്. ഇവരെ കുമളിയിലോ പുളിയന്മലയിലോ വാഹനത്തില്‍ കൊണ്ടാക്കിയിരുന്നത് തന്റെ ഭര്‍ത്താവാണ്. അവിടെ നിന്ന് വേറെ വാഹനത്തില്‍ കയറി പോകുമെന്നാണ് അവര്‍ പറഞ്ഞിരുന്നത്.

മലപ്പുറത്താണ് ഹെഡ് ഓഫീസ് എന്നും നാസര്‍ എന്ന അഭിഭാഷകനാണ് മുതലാളി എന്നുമാണ് ഇരുവരും തന്നോടും സ്ഥാപനത്തിലെ മറ്റു ജീവനക്കാരോടും പറഞ്ഞിരുന്നത്. കുട്ടിക്കാനം, ഏറ്റുമാനൂര്‍, മൂലമറ്റം എന്നിവിടങ്ങളിലേക്കുള്ള ബാങ്കുകളില്‍ രാജ്കുമാര്‍ സ്ഥിരമായി പോകാറുണ്ടായിരുന്നു.

രണ്ട് ലക്ഷം രൂപയുടെ ഫര്‍ണിച്ചര്‍ വാങ്ങുകയും വീട് വാടകയ്ക്ക് എടുക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് തനിക്ക് സംശയം ബലപ്പെട്ടത്. ഭര്‍ത്താവിനോട് ഈ സംശയങ്ങള്‍ പങ്കുവച്ചു. അടുത്ത ദിവസം രാവിലെ ഇവരെ നേരില്‍ക്കണ്ട് പണത്തിന്റെ കാര്യം അന്വേഷിച്ചു. വായ്പ കൊടുത്തില്ലെങ്കില്‍ നാട്ടുകാര്‍ പ്രശ്‌നമുണ്ടാക്കുമെന്നും പറഞ്ഞു.നാല് കോടി 63 ലക്ഷം രൂപ ബാങ്കിലുണ്ടെന്നും പേടിക്കേണ്ട കാര്യമൊന്നുമില്ലെന്നും രാജ്കുമാര്‍ പറഞ്ഞു.

തുടര്‍ന്നാണ് കുട്ടിക്കാനത്തെ ബാങ്കിലേക്ക് പോയത്. പഞ്ചായത്തംഗം ആലീസും മറ്റ് ചില നാട്ടുകാരും തങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. ബാങ്ക് മാനേജരുടെ കാബിനിലേക്ക് രാജ്കുമാറും ശാലിനിയും മാത്രമാണ് കയറിയത്. സംശയം തോന്നി താന്‍ വീണ്ടും ഒറ്റയ്ക്ക് ചെന്ന് അന്വേഷിച്ചപ്പോഴാണ് ബാങ്ക് അക്കൗണ്ട് അപ്പോള്‍ മാത്രമാണ് തുടങ്ങിയതെന്ന് അറിഞ്ഞത്. അടുത്ത ദിവസം പൈസ ആ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ആകുമെന്നാണ് മാനേജരോട് രാജ്കുമാര്‍ പറഞ്ഞതെന്നും അറിഞ്ഞു.

പുളിയന്‍മലയില്‍ വച്ച് നാട്ടുകാര്‍ കൈമാറിയപ്പോള്‍ രാജ്കുമാറിനെ പൊലീസ് മര്‍ദ്ദിച്ചു. നാട്ടുകാര്‍ രാജ്കുമാറിനെ മര്‍ദ്ദിച്ചിട്ടില്ല. പട്ടംകോളനി സഹകരണ ബാങ്കിലെ അക്കൗണ്ട് സംബന്ധിച്ച് തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. 13 വര്‍ഷം മുമ്പാണ് പട്ടംകോളനി ബാങ്കില്‍ അക്കൗണ്ട് തുടങ്ങിയത്. ഗോപകൃഷ്ണനെതിരെ ഉയരുന്ന ആരോപണങ്ങളും അടിസ്ഥാനമില്ലാത്തതാണെന്നും മഞ്ജു മാധ്യമങ്ങളോട് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week