ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചു. നാഷണല്‍ ഹെറാള്‍ഡ് ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്കും രാഹുല്‍ഗാന്ധിക്കും ഇ.ഡി നോട്ടീസ് അയച്ചതിന് പിലെയാണിത്. ജൂണ്‍ എട്ടിനായിരുന്നു സോണിയാഗാന്ധിയോട് ഹാജരാവാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ സോണിയ ഗാന്ധി എന്‍ഫോഴ്‌സ്‌മെന്റിന് മുന്നില്‍ ചോദ്യം ചെയ്യലിനായി ഹാജരാകുമെന്ന് കോണ്‍ഗ്രസ് വാക്താവ് രണ്‍ദീപ് സിങ് സുര്‍ജെവാല അറിയിച്ചു.
ചെറിയ പനിയുണ്ട്. കോവിഡ് ലക്ഷണം കാണിക്കുന്നതിനാല്‍ സ്വയം നിരീക്ഷണത്തില്‍ പോയി. വൈദ്യപരിശോധന ആവശ്യമുണ്ടെന്നും സുര്‍ജേവാല അറിയിച്ചു. രാഹുല്‍ഗാന്ധിയോട് ജൂണ്‍ രണ്ടിനാണ് ഹാജരാവാന്‍ പറഞ്ഞതെങ്കിലും വിദേശത്തായതിനാല്‍ അസൗകര്യം അറിയിച്ചിട്ടുണ്ട്.
യങ് ഇന്ത്യന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡ്(എ.ജെ.എല്‍)ആണ് നാഷണല്‍ ഹെറാള്‍ഡിന്റെ പബ്‌ളിഷര്‍മാര്‍. എ.ജെ.എല്ലിനെ യങ് ഇന്ത്യന്‍ പ്രൈവറ്റ് ലിമിറ്റഡ് ഏറ്റെടുത്തതില്‍ ചതി, ഗൂഢാലോചന, വിശ്വാസവഞ്ചന തുടങ്ങിയവ നടന്നുവെന്നാണ് കേസ്. അതേസമയം പണമിടപാട് നടന്നിട്ടില്ലെന്നും ശമ്പളവും മറ്റും കൊടുത്തുതീര്‍ക്കുന്നതിന് കടം, ഒഹരികളാക്കി മാറ്റുക മാത്രമാണുണ്ടായതെന്നുമാണ് കോണ്‍ഗ്രസ് പറയുന്നത്.
കള്ളപ്പണ നിരോധന നിയമത്തിലെ ക്രിമിനല്‍ വകുപ്പുകളുടെ അടിസ്ഥാനത്തില്‍ സോണിയയുടെയും രാഹുലിന്റെയും മൊഴി രേഖപ്പെടുത്താനാണ് നോട്ടീസ് അയച്ചിരിക്കുന്നത് എന്നാണ് ഇ.ഡി. ഉദ്യോഗസ്ഥരുടെ ഭാഷ്യം. അന്വേഷണത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പവന്‍ ബന്‍സാല്‍ തുടങ്ങിയവരെ ഈയടുത്ത് ഇ.ഡി. ചോദ്യം ചെയ്തിരുന്നു.