NationalNewsPoliticsRECENT POSTS

ഇടക്കാല അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന് നേതാക്കള്‍; നിരസിച്ച് സോണിയ

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജി വച്ചതിന് പിന്നാലെ ഇടക്കാല അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യം സോണിയ ഗാന്ധി തള്ളി. കര്‍ണാടകത്തിലും ഗോവയിലും കടുത്ത പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ പാര്‍ട്ടിക്ക് പ്രസിഡന്റില്ലാത്തതു കൂടുതല്‍ ദോഷം ചെയ്യുമെന്ന സാഹചര്യത്തിലാണ് ഒരു വിഭാഗം നേതാക്കള്‍ ഇടക്കാല അധ്യക്ഷ പദവി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് സോണിയ ഗാന്ധിയെ സമീപിച്ചത്. എന്നാല്‍ പദവി സ്വീകരിക്കാനാവില്ലെന്ന് സോണിയ വ്യക്തമാക്കിയതായി ഉന്നത കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. 72-കാരിയായ അവര്‍ കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി പ്രവര്‍ത്തനങ്ങളിലടക്കം സജീവമാണെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ടെന്ന് പാര്‍ട്ടി നേതാക്കള്‍ പറയുന്നു.

ഒരിക്കല്‍ പാര്‍ട്ടി അധ്യക്ഷയായ താന്‍ ഇടക്കാലത്തേക്കാണെങ്കിലും ആ സ്ഥാനത്തേക്കില്ലെന്ന് സോണിയ അറിയിച്ചതായാണ് വിവരം. രാഹുല്‍ ഗാന്ധിക്ക് മേല്‍ വീണ്ടും സമ്മര്‍ദ്ദം ചെലുത്തണമെന്ന നേതാക്കളുടെ ആവശ്യവും സോണിയ തള്ളി. കര്‍ണ്ണാടക ഗോവ പ്രതിസന്ധി രൂക്ഷമായതോടെ അധ്യക്ഷ പദവിയിലേക്കുള്ള ചര്‍ച്ചകളും മുന്നോട്ട് പോകുന്നില്ല.

ബിജെപിക്കെതിരെ പാര്‍ലമെന്റില്‍ പ്രതിഷേധം നടത്തിയതൊഴിച്ചാല്‍ ഇപ്പോഴത്തെ വിഷമവൃത്തത്തില്‍ നിന്ന് പുറത്തുകടക്കുന്നതിനുള്ള ഒരു വഴിയും കോണ്‍ഗ്രസിന് മുന്നിലില്ല. പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ പോലും നേതാക്കള്‍ ഒത്തുകൂടുന്നില്ല. നയിക്കാനാളില്ലാത്ത പാര്‍ട്ടിയില്‍ നിന്ന് ഇനിയും കൊഴിഞ്ഞുപോക്ക് ഉണ്ടാകുമോയെന്ന ചോദ്യവും ഉയരുന്നു. കര്‍ണ്ണാടകത്തിലും,ഗോവയിലുമുണ്ടായ തിരിച്ചടി കോണ്‍ഗ്രസ് ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലും ആവര്‍ത്തിച്ചേക്കുമെന്ന് ബിജെപി നേതാക്കള്‍ മുന്നറിയിപ്പ് നല്‍കുന്നുമുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker