‘പുരുഷന്മാരെപ്പോലെ തന്നെ മദ്യം വാങ്ങാനും കുടിക്കാനുമുള്ള അവകാശം സ്ത്രീകള്‍ക്കുമുണ്ട്’ രാം ഗോപാല്‍ വര്‍മ്മക്കെതിരെ സോന മഹാപത്ര
വിവാദങ്ങളുടെ തോഴനായ സംവിധായകന്‍ രാം ഗോപാല്‍ വര്‍മക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഗായികയും ഗാനരചതിയാവുമായ സോന മഹാപത്ര. മദ്യം വാങ്ങാനായി വരിയില്‍ നില്‍ക്കുന്ന സ്ത്രീകളുടെ ചിത്രം രാം ഗോപാല്‍ വര്‍മ ട്വീറ്റ് ചെയ്ത് പരിഹസിച്ചിരുന്നു. ഇതിനെതിരെയാണ് സോന രംഗത്ത് വന്നത്.
അസ്ഥാനത്തുള്ള സദാചാരവാദവും ലിംഗപരമായ വേര്‍തിരിവുമാണ് രാംഗോപാല്‍ വര്‍മയുടെ ട്വീറ്റലുള്ളതെന്ന് സോന പറയുന്നു.”വൈന്‍ ഷോപ്പിനുള്ള മുന്‍പിലുള്ള വരി നോക്കൂ. കുടിയന്‍മാരായ പുരുഷന്‍മാരില്‍ നിന്ന് സ്ത്രീകളെ സംരക്ഷിക്കാന്‍ ഒരുപാട് പേരുണ്ട് ‘ – ഇതായിരുന്നു രാംഗോപാല്‍ വര്‍മയുടെ ട്വീറ്റ്.
”അത്യാവശ്യമായി വിദ്യാഭ്യാസം നേടേണ്ടവരുടെ വരിയില്‍ നിങ്ങള്‍ വളരെ പെട്ടന്ന് ചേരണം. അത് നിങ്ങളുടെ ട്വീറ്റില്‍ നിന്ന് അസ്ഥാനത്തുള്ള സദാചാരവാദത്തിന്റെയും ലിംഗപരമായ വേര്‍തിരിവിന്റെയും രൂക്ഷഗന്ധം വമിക്കുന്നത് എങ്ങനെയാണെന്ന് മനസ്സിലാക്കിത്തരും. പുരുഷന്മാരെപ്പോലെ തന്നെ മദ്യം വാങ്ങിക്കാനും കുടിക്കാനുമുള്ള അവകാശം സ്ത്രീകള്‍ക്കുമുണ്ട്. എന്നാല്‍ മദ്യപിച്ച് അക്രമാസക്തരാകാന്‍ ആര്‍ക്കും അവകാശമില്ല” – സോന കുറിച്ചു.