ന്യൂഡല്‍ഹി: ഇലക്ട്രിസിറ്റി ബില്‍ അടയ്ക്കുന്നതിനെ ച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ മകന്‍ അച്ഛന്റെ കഴുത്ത് അറുത്തുകൊന്നു. ഡല്‍ഹിയിലെ രണ്‍ഹോലയിലാണ് സംഭവം. 52 കാരനായ രമേശ് ചന്ദ് ചൗഹാനാണ് കൊല്ലപ്പെട്ടത്.
കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ 25 കാരനായ മകന്‍ ഉമേഷ് ചൗഹാനെ പോലീസ് അറസ്റ്റ് ചെയ്തു. യുപിയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് ഇയാള്‍ പിടിയിലായത്.
പെട്രോള്‍ പമ്പ് ജീവനക്കാരനായിരുന്നു രമേശ് ചൗഹാന്‍. അഞ്ചുകൊല്ലം മുമ്പ് ഭാര്യ മരിച്ചതോടെ ഇയാള്‍ ജോലി ഉപേക്ഷിച്ചു. പിന്നീട് തന്റെ മൂന്നുനില കെട്ടിടം വാടകയ്ക്ക് കൊടുത്തു കിട്ടുന്ന പണം കൊണ്ടായിരുന്നു കഴിഞ്ഞിരുന്നത്.
ഉമേഷ് ചൗഹാനും അച്ഛനും തമ്മില്‍ നല്ല രസത്തിലായിരുന്നില്ലെന്ന് പോലീസ് പറയുന്നു. അമ്മ മരിക്കുന്നതിന് കാരണം അച്ഛന്‍ വേണ്ട രീതിയില്‍ പരിചരിക്കാത്തതുകൊണ്ടാണെന്നായിരുന്നു ഉമേഷ് പറഞ്ഞിരുന്നത്. ഇതടക്കമുള്ള വിഷയങ്ങളുന്നയിച്ച് വീട്ടില്‍ എന്നും വഴക്ക് ഉണ്ടാകാറുള്ളതായി അയല്‍വാസികള്‍ പറയുന്നു.
സംഭവം ദിവസം ഇലക്ട്രിസിറ്റി ബില്‍ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പ്രകോപിതനായ ഉമേഷ് കത്തിയെടുത്ത് അച്ഛന്റെ കഴുത്ത് അറുത്ത് കൊലപ്പെടുത്തുകയായിരുന്നു. പോലീസ് സംശയിക്കുന്നതായി മനസ്സിലാക്കിയതോടെ ഇയാള്‍ മുങ്ങുകയായിരുന്നു.