മഞ്ജുവാര്യറെ കണ്ടപ്പോള്‍ മകന്‍ അമ്മയെ മറന്നു! പിന്നീട് സംഭവിച്ചത്
തിരുവനന്തപുരം: മഞ്ജു വാര്യറുടെ സിനിമാ ചിത്രീകരണത്തില്‍ മുഴികി മകന്‍ അമ്മയുടെ കാര്യം മറന്നു പോയി. മലയിന്‍കീഴാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വിളവൂര്‍ക്കാവ് സ്വദേശികളായ അമ്മയും മകനും പെന്‍ഷന്‍ വിവരം തിരക്കാനായാണ് മലയിന്‍കീഴിലെ ട്രഷറിയിലെത്തിയത്. അമ്മ അകത്തേക്ക് പോയപ്പോള്‍ മകന്‍ പുറത്ത് നില്‍ക്കുകയായിരുന്നു. എന്നാല്‍ ട്രഷറിയിലെ നടപടികളെല്ലാം പൂര്‍ത്തിയാക്കി അമ്മ പുറത്തിറങ്ങിയപ്പോള്‍ മകനെ കാണാനായില്ല. ഓര്‍മ്മക്കുറവുള്ള അമ്മയാവട്ടെ മകനെ കാത്തിരുന്ന് വലഞ്ഞു. മൊബൈല്‍ ഫോണില്ലാത്തതിനാല്‍ മകനെ വിളിച്ച് നോക്കാനും സാധിച്ചില്ല.
ഒടുവില്‍ അമ്മ വീട്ടിലേക്ക് പോകാനായി ഓട്ടോ പിടിച്ചു. എന്നാല്‍, വീട് നില്‍ക്കുന്ന സ്ഥലം ഓര്‍ത്തെടുക്കാനായില്ല. ഓട്ടോയില്‍ ഏറെ നേരം പ്രദേശത്ത് കറങ്ങിയെങ്കിലും ഫലമുണ്ടായില്ല. ഇതോടെ ഡ്രൈവര്‍ മലയിന്‍കീഴ് കരിപ്പൂരിന് സമീപം ഇറക്കിവിട്ടു. വഴിയരികില്‍ നിസ്സഹായയായി നില്‍ക്കുന്ന അമ്മയോട് നാട്ടുകാര്‍ വിവരം തിരക്കുകയും പോലീസിനെ വിളിച്ചുവരുത്തുകയുമായിരുന്നു. കൈവശം ഉണ്ടായിരുന്ന പേപ്പറുകള്‍ പരിശോധിച്ച പോലീസ് മകന്റെ ഫോണ്‍ നമ്പര്‍ കണ്ടെത്തി. അപ്പോഴാണ് മകന്‍ ട്രഷറിയുടെ സമീപത്തു തന്നെ ഉണ്ടെന്നും അവിടെയുള്ള മലയിന്‍കീഴ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര പരിസരത്ത് മഞ്ജു വാര്യര്‍ നായികയായ സിനിമയുടെ ഷൂട്ടിങ് കണ്ടു നില്‍ക്കുകയായിരുന്നുവെന്നും അറിഞ്ഞത്. അമ്മയെ സ്റ്റേഷനിലേക്കു കൂട്ടി കൊണ്ടു വന്ന പോലീസ് മകനെ അങ്ങോട്ടു വിളിച്ചു വരുത്തി ഒന്ന് നന്നായി ഉപദേശിച്ചാണ് പറഞ്ഞുവിട്ടത്.