കൊല്ലത്ത് അച്ഛന്‍ മരിച്ചതിന് പിന്നാലെ ഇളയ മകനും പനി ബാധിച്ച് മരിച്ചു; മൂത്ത മകന്‍ രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍, ആശങ്കയില്‍ വീട്ടുകാര്‍
കൊല്ലം: അച്ഛന്‍ മരിച്ചതിന് പിന്നാലെ ഇളയ മകനും പനി ബാധിച്ച് മരിച്ചു. മൂത്ത മകന്‍ രോഗലക്ഷണങ്ങളെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ നിരീക്ഷണത്തില്‍. പടിഞ്ഞാറെ കല്ലട കണത്താര്‍കുന്നം ജയേഷ് ഭവനത്തില്‍ വിജയകുമാരിയുടെയും പരേതനായ ജയകുമാറിന്റെയും മകന്‍ ജ്യോതിഷ് (16) ആണ് മരിച്ചത്. ശങ്കരമംഗലം എച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായിരുന്ന ജ്യോതിഷ് രാവിലെ സ്‌കൂളില്‍ വെച്ച് ഛര്‍ദ്ദിക്കുകയും തുടര്‍ന്ന് ബോധംകെട്ട് വീഴുകയുമായിരുന്നു. തുടര്‍ന്ന് കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പള്‍സ് റേറ്റില്‍ വ്യതിയാനം കണ്ടതോടെ ഉടനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയെ ഐസിയുവില്‍ പ്രവേശിപ്പിച്ചെങ്കിലും ഒരു മണിക്കൂറിനിടെ മരണത്തിന് കീഴടങ്ങുകയായിരിന്നു.
28 ദിവസം മുന്‍പാണ് ജയകുമാര്‍ പനി ബാധിച്ച് മരിച്ചത്. അച്ഛന്റെ മരണത്തിനു ശേഷം ചൊവ്വാഴ്ചയാണ് ജ്യോതിഷ് സ്‌കൂളില്‍ പോയി തുടങ്ങിയത്. പനിയുടെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ രാവിലെ മാതാവ് ജയകുമാരിയോടൊപ്പമാണ് സ്‌കൂളില്‍ എത്തിയത്. എന്നാല്‍ അച്ഛന്റെ മരണവുമായി ഇതിന് ബന്ധമില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. കുട്ടിയ്ക്ക് ഹൃദയസംബന്ധമായ പ്രശ്നങ്ങളുണ്ടെന്നാണ് സംശയിക്കുന്നതെന്നും ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ കുട്ടിയ്ക്ക് പനി ഉണ്ടായിരുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.
ജ്യോതിഷിന്റെ സഹോദരന്‍ ജയേഷും ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബോധരഹിതനായി വീണതിനെ തുടര്‍ന്നാണ് ജയേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സഹോദരന്റെ മരണവാര്‍ത്ത അറിഞ്ഞ ഞെട്ടലിലാണ് ജയേഷ് ബോധംകെട്ടത് എന്നാണ് ആശുപത്രിയുടെ വിലയിരുത്തല്‍. ജയേഷിനെ ശാരീരിക പരിശോധന നടത്തിയെന്നും പ്രശ്നങ്ങളൊന്നും കണ്ടെത്തിയില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
മൂന്ന് കേസുകള്‍ക്കും പരസ്പര ബന്ധമില്ലെന്നാണ് ആശുപത്രി വൃത്തങ്ങള്‍ പറയുന്നത്. കുട്ടികളുടെ അച്ഛന്‍ മദ്യപാനിയായിരുന്നെന്നും അദ്ദേഹം ന്യുമോണിയ ബാധിച്ചാണ് മരിച്ചതെന്നുമാണ് ആശുപത്രി അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. രാസപരിശോധനയ്ക്കായി ആന്തരിക അവയവങ്ങള്‍ ശേഖരിച്ചു. പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം മാത്രമേ ജ്യോതിഷിന്റെ മരണകാരണം വ്യക്തമാകൂ.