HealthKeralaNews

സ്ഥിതിഗതികള്‍ അതീവഗുരുതം,91 സാമ്പിളുകളില്‍ 51 പോസിറ്റീവ്,രാജ്യത്തെ ആദ്യ സമൂഹവ്യാപന ഇടമായി കേരളം

തിരുവനന്തപുരം:തലസ്ഥാനത്തെ പൂന്തുറ, പുല്ലുവിള മേഖലയില്‍ സാമൂഹിക വ്യാപനമുണ്ടായതായി കണ്ടെത്തിയെന്ന് മുഖ്യമന്ത്രി. കൊവിഡ് രോഗവ്യാപനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഗുരുതരമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഒരു പ്രദേശത്ത് സാമൂഹിക വ്യാപനം നടന്നുവെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കേരളം.

ഗുരുതരമായ രോഗബാധയുണ്ടായ മുംബൈ, ദില്ലി എന്നീ നഗരങ്ങളിലൊന്നും സര്‍ക്കാരുകള്‍ പക്ഷേ സാമൂഹിക വ്യാപനം ഉണ്ടെന്ന് സമ്മതിച്ചിരുന്നില്ല. അവിടത്തെ ചില മുതിര്‍ന്ന ആരോഗ്യ പ്രവര്‍ത്തകരും ഉദ്യോഗസ്ഥരും വിവിധ മാധ്യമങ്ങളോട് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നെന്ന് മാത്രം.

സംസ്ഥാനത്ത് ആദ്യമായി സാമൂഹിക വ്യാപനമുണ്ടായതായി സംസ്ഥാനസര്‍ക്കാര്‍ കണ്ടെത്തിയ ക്ലസ്റ്ററുകളാണ് പൂന്തുറയും പുല്ലുവിളയും. തീരമേഖലയില്‍ അതിവേഗത്തില്‍ രോഗവ്യാപനമുണ്ടാവുകയാണ്. കരിങ്കുളം പഞ്ചായത്തിലെ പുല്ലുവിളയില്‍ 91 സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ 51 പേര്‍ ഇന്ന് പോസിറ്റീവായതായി കണ്ടെത്തി. പൂന്തുറ ആയുഷ് കേന്ദ്രത്തില്‍ 50 പേര്‍ക്ക് നടത്തിയ ടെസ്റ്റില്‍ 26 എണ്ണവും പോസിറ്റീവായി. പുതുക്കുറിശ്ശിയില്‍ 75 ല്‍ 20 പോസിറ്റീവ്. അഞ്ചുതെങ്ങില്‍ 87 ല്‍ 15 പോസിറ്റീവ്. രോഗവ്യാപനം തീവ്രമായതിന്റെ ലക്ഷണമാണിത്. പൂന്തുറ, പുല്ലുവിള തുടങ്ങിയ പ്രദേശങ്ങളില്‍ സാമൂഹിക വ്യാപനമെന്ന് വിലയിരുത്തല്‍. ഇത് നേരിടുന്നതിന് എല്ലാ സംവിധാനങ്ങളെയും യോജിപ്പിച്ച് മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേരളം ഗുരുതരമായ സ്ഥിതിവിശേഷത്തിലേക്കാണ് കടക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. രാജ്യത്ത് പൊതുവില്‍ ഗുരുതര സാഹചര്യമാണ് നിലനില്‍ക്കുന്നത്. കേരളത്തിലും ഇത് മറ്റൊരു ഘട്ടത്തിലേക്ക് കടക്കുന്നു. തിരുവനന്തപുരത്ത് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ന് പോസിറ്റീവായ 246 കേസുകളില്‍ 2 പേര്‍ മാത്രമാണ് വിദേശത്ത് നിന്ന് എത്തിയത്. 237 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതില്‍ മൂന്ന് പേരുടെ ഉറവിടം അറിയില്ല. ഇത് അസാധാരണ സാഹചര്യമാണ്. തീര പ്രദേശങ്ങളില്‍ പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടി വരും. നാളെ അത് വേണ്ടി വരും, പക്ഷേ ഇന്ന് പ്രഖ്യാപിക്കുന്നില്ല എന്നും മുഖ്യമന്ത്രി പറയുന്നു.

പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി തീര മേഖലയെ മൂന്ന് സോണുകളാക്കും. അഞ്ച് തെങ്ങ് – പെരുമാതുറ ഒരു സോണാകും. പെരുമാതുറ- വിഴിഞ്ഞം രണ്ടാം സോണ്‍, വിഴിഞ്ഞം-ഊരമ്പ് മൂന്നാം സോണ്‍ എന്നിങ്ങനെയാണ് സോണുകള്‍. പൊലീസിന്റെ നേതൃത്വത്തില്‍ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക സംവിധാനത്തിന് രൂപം നല്‍കി. ഇതിന്റെ ചുമതലയുള്ള സ്‌പെഷല്‍ ഓഫീസര്‍ തിരുവനന്തപുരം കമ്മീഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായ ആയിരിക്കും. പ്രത്യേക കണ്‍ട്രോള്‍ റൂം ഉണ്ടാകും. വിവിധ വകുപ്പുകള്‍ ചേര്‍ന്ന് സംയുക്ത ആലോചനയും പ്രവര്‍ത്തനവും നടക്കും.

അഞ്ച് തെങ്ങ് മുതല്‍ പെരുമാതുര വരെയുള്ള ചുമതല ട്രാഫിക് സൗത്ത് എസ്പി ബി കൃഷ്ണകുമാര്‍, പെരുമാതുറ മുതല്‍ വിഴിഞ്ഞം വരെയുള്ള ചുമതല വിജിലന്‍സ് എസ്പി എ ഇ ബൈജുവിനുമാണ്. കാഞ്ഞിരംകുളം മുതല്‍ പൊഴിയൂര്‍ വരെയുള്ള ചുമതല പൊലീസ് ട്രെയിനിംഗ് കോളേജ് പ്രിന്‍സിപ്പല്‍ കെ എല്‍ ജോണ്‍കുട്ടിയുടെ നിയന്ത്രണത്തിലാകും. മൂന്ന് മേഖലകളിലേക്കും ഡിവൈഎസ്പിമാരെയും നിയോഗിക്കും. ജനമൈത്രി പൊലീസും സഹായിക്കും. ഈ രീതി നടപ്പാക്കുക എന്നതാണ് ഉദ്ദേശം. ഈ സോണുകളില്‍ ഓരോന്നിലും രണ്ട് മുതിര്‍ന്ന ഐഎഎസ് ഓഫീസര്‍മാര്‍ വീതം ഇന്‍സിഡന്‍ന്റ് കമാന്‍ഡര്‍മാരായി നിയോഗിക്കും.

സമൂഹവ്യാപനമുണ്ടായ ഇടങ്ങളില്‍ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്.

സോണ്‍ 1 – ഹരികിഷോര്‍, യു വി ജോസ്, സോണ്‍ 2 – എം ജി രാജമാണിക്യം, ബാലകിരണ്‍, സോണ്‍ 3 – വെങ്കിടേശപതി, ബിജു പ്രഭാകര്‍. ഇതിന് പുറമേ ആവശ്യം വന്നാല്‍ ശ്രീവിദ്യ, ദിവ്യ അയ്യര്‍ എന്നിവരെയും നിയോഗിക്കും.

ആരോഗ്യകാര്യങ്ങള്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടക്കും. ഓരോ ടീമിലും ഡോക്ടര്‍മാരും ഉണ്ടാകും. തീരമേഖലയില്‍ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ നിശ്ചിത സമയം തുറക്കും. മത്സ്യബന്ധനത്തിന് നിയന്ത്രണം തുടരും. അരിയും ഭക്ഷ്യധാന്യങ്ങളും വില്‍ക്കാന്‍ സിവില്‍ സപ്ലൈസ് യൂണിറ്റുണ്ടാകും. പൂന്തുറ പാല്‍ സംസ്‌കരണ യൂണിറ്റ് തുടര്‍ന്ന് പ്രവര്‍ത്തിക്കും.

ഇവിടെ പ്രത്യേകലോക്ക്ഡൗണ്‍ മാനദണ്ഡങ്ങളുണ്ടാകും. ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ തിരുവനന്തപുരത്ത് പെട്ടെന്ന് പൂര്‍ത്തിയാക്കും. കണ്ടെയ്ന്‍മെന്റ് സോണില്‍ ജനം പുറത്തിറങ്ങരുത്. അവശ്യ സാധനങ്ങള്‍ ലഭ്യമാക്കും. തീരദേശത്ത് ആളുകളുടെ സഞ്ചാരം ഒഴിവാക്കണം. കരിങ്കുളത്ത് ഒരാഴ്ച സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഉണ്ടാകും.

കഠിനംകുളം, ചിറയിന്‍കീഴ് പഞ്ചായത്തുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker