യുദ്ധത്തില്‍ നിന്ന് മടങ്ങിയെത്തിയ യോദ്ധാവിനെപ്പോലെ ജയില്‍ മോചന ആഘോഷങ്ങള്‍, ആ കുഞ്ഞ് ഇപ്പോഴും അത്യാസന്ന നിലയിലാണെന്നോർക്കണമെന്ന് സോഷ്യല്‍ മീഡിയ; മറുപടിയുമായി അല്ലു അര്‍ജുന്‍
ഹൈദരാബാദ്: തെലുങ്ക് സൂപ്പര്‍താരം അല്ലു അര്‍ജുനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം. ജാമ്യം ലഭിച്ച് ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ തുടങ്ങിയ ആഘോഷങ്ങളാണ് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചത്. നിരവധി താരങ്ങള്‍ അല്ലുവിനെ വീട്ടിലെത്തി സന്ദര്‍ശിച്ചിരുന്നു.
ഇതില്‍ നടന്‍ വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പം ചിരിച്ചുല്ലസിക്കുന്ന അല്ലുവിന്റെ ചിത്രവും പുറത്തുവന്നിരുന്നു. റാണ ദഗ്ഗുബതി, സുരേഖ, സുകുമാര്‍ തുടങ്ങി നിരവധി പേരാണ് അല്ലുവിനെ കാണാനെത്തിയത്.
കൂടാതെ അല്ലുവും ഭാര്യയും മക്കളും നടനും അമ്മാവനുമായ ചിരഞ്ജീവിയെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദര്‍ശിച്ചിരുന്നു. ചിരഞ്ജീവിക്കൊപ്പം നില്‍ക്കുന്ന അല്ലുവിന്റേയും ഭാര്യയുടേയും ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തു. ഇതോടെയാണ് ആരാധകര്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്.
പുഷ്പ-2 പ്രദര്‍ശനത്തിനിടെ അല്ലു അര്‍ജുന്‍ തിയേറ്ററിലെത്തിയതിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലുംപെട്ട് ഒരു യുവതി മരിച്ചിരുന്നു. ഇവരുടെ മകന്‍ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ തുടരുകയാണ്. ഇത് ചൂണ്ടിക്കാട്ടിയാണ് ആരാധകരുടെ വിമര്‍ശനം.
തിയേറ്ററിലുണ്ടായ അപകടത്തില്‍ മരിച്ച രേവതിയുടെ മകന്‍ ഇപ്പോഴും അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ കിടക്കുകയാണെന്നും ആ സമയത്ത് ഇങ്ങനെ ആഘോഷിക്കാന്‍ എങ്ങനെ തോന്നുന്നുവെന്നും സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ ചോദിക്കുന്നു. ഇത്തരം ആഘോഷങ്ങള്‍ ഒഴിവാക്കാമായിരുന്നെന്നും ഇത് ആത്മപരിശോധനയുടെ സമയമാണെന്ന് അല്ലു മനസിലാക്കണമെന്നും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്. തുടര്‍ച്ചായി പിന്തുണ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും അല്ലു അര്‍ജുന്‍ ഇതുവരെ മരിച്ച സ്ത്രീയുടെ വീട് സന്ദര്‍ശിച്ചിട്ടില്ലെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു. ഒരു രാത്രി ജയിലില്‍ കഴിഞ്ഞ് മടങ്ങി വന്ന നടനെ യുദ്ധത്തില്‍ നിന്ന് മടങ്ങിയെത്തിയ യോദ്ധാവിനെ പോലെയാണ് എല്ലാവരും പരിഗണിക്കുന്നതെന്നും ആളുകള്‍ കുറിച്ചിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെ ഹൈദരാബാദിലെ ജൂബിലി ഹില്‍സിലെ വസതിയിലെത്തിയാണ് പോലീസ് അല്ലുവിനെ അറസ്റ്റ് ചെയ്തത്. കേസില്‍ നമ്പള്ളി മജിസ്ട്രേറ്റ് കോടതി നടനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് ഉത്തരവിട്ട് മണിക്കൂറുകള്‍ക്കകം തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ ഉത്തരവ് വൈകി എത്തിയ പശ്ചാത്തലത്തില്‍ അല്ലുവിന് ഒരു രാത്രി ജയിലില്‍ കഴിയേണ്ടിയും വന്നു. ശനിയാഴ്ച്ച രാവിലെ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ അല്ലുവിനെ സ്വീകരിക്കാന്‍ വന്‍ ആരാധകക്കൂട്ടം കാത്തുനിന്നിരുന്നു. വീട്ടിലേക്കെത്തിയ അല്ലുവിനെ ഏറെ വൈകാരികമായാണ് ഭാര്യയും കുഞ്ഞുങ്ങളും സഹോദരനും സ്വീകരിച്ചത്. ഇതും ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുത്തിരുന്നു. ഇതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായി.
അതിനിടെ വിമര്‍ശനങ്ങള്‍ ശക്തമായതോടെ തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കുട്ടിയെ കാണാൻ എത്താത്തതിലെ വിമർശനങ്ങൾക്ക് മറുപടിയുമായി തെലുങ്ക് താരം അല്ലു അർജുൻ. നിയമവിദഗ്ധർ വിലക്കിയത് കൊണ്ട് മാത്രമാണ് കുട്ടിയെ കാണാൻ പോകാതിരുന്നതെന്ന് അല്ലു അർജുൻ പറഞ്ഞു. സാമൂഹ്യമാധ്യമങ്ങളിലുൾപ്പെടെ വിമർശനം ശക്തമായതിന് പിന്നാലെയാണ് അല്ലു അർജുൻ്റെ പ്രതികരണം. സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് അല്ലു അർജുൻ പ്രതികരിച്ചത്.
കേസ് നിലനിൽക്കുന്നതിനാൽ കുട്ടിയെ സന്ദർശിക്കുന്നത് സാക്ഷികളെ സ്വാധീനിക്കുന്ന തരത്തിൽ വ്യാഖ്യാനം ചെയ്യപ്പെടും. കുട്ടിയുടെ ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു. കുടുംബത്തിന് എല്ലാ പിന്തുണയും ഉണ്ടാകുമെന്നും അല്ലു അർജുൻ പറഞ്ഞു. 9 വയസ്സുകാരനായ ശ്രീതേജ് ഇപ്പോഴും തീവ്രപരിചരണവിഭാഗത്തിലാണ്. സാധ്യമായാൽ എത്രയും പെട്ടെന്ന് കുട്ടിയെ കാണാൻ എത്തുമെന്നും അല്ലു അർജുൻ വ്യക്തമാക്കി.