FeaturedHome-bannerInternationalNews

തണുത്തുവിറച്ച് അമേരിക്ക,73% പ്രദേശം മഞ്ഞിനടിയില്‍,നിരവധി മരണം,കൊവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ അടച്ചു

ടെക്സസ്: അതിശൈത്യവും കനത്ത മഞ്ഞുവീഴ്ചയും മൂലം യുഎസിലെ തെക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ജനജീവിതം ദുരിതത്തത്തിൽ. 21 പേർ മരിച്ചു. വിവിധ നഗരങ്ങളിൽ വൈദ്യുതി വിതരണം നിലച്ചു.നാലിഞ്ചു കനത്തിലാണു മഞ്ഞുവീഴ്ച. ഒപ്പം കനത്ത മഴയും. പ്രതികൂല കാലാവസ്ഥ ഈ ആഴ്ച അവസാനം വരെ തുടരുമെന്നാണു കാലാവസ്ഥാ മുന്നറിയിപ്പ്.

ഡാലസിൽ ബുധനാഴ്ച പുലർച്ചെ മൈനസ് 6 ഡിഗ്രിയായിരുന്നു താപനില. പലയിടത്തും വ്യാപാരസ്ഥാപനങ്ങൾ അടച്ചിട്ടു. റോഡുകൾ വിജനമാണ്. ടെക്സസിലേക്കുള്ള വാക്സീൻ വിതരണവും മുടങ്ങി. പടിഞ്ഞാറൻ ടെക്സസിലെ കൂറ്റൻ കാറ്റാടിയന്ത്രങ്ങളും മഞ്ഞിലുറഞ്ഞതോടെ വൈദ്യുതി ഉൽപാദനവും പ്രതിസന്ധിയിലായി.

മിസിസിപ്പി, വെർജീനിയ എന്നിവിടങ്ങളിലും വരും ദിവസങ്ങളിലും സ്ഥിതി മോശമാകുമെന്നാണു മുന്നറിയിപ്പ്. താരതമ്യേന മിതമായ മഞ്ഞുകാലം അനുഭവപ്പെടാറുള്ള സംസ്ഥാനങ്ങളിലാണ് അപ്രതീക്ഷിതമായ മഞ്ഞുവീഴ്ച ജനജീവിതം താറുമാറാക്കിയത്.

സമീപചരിത്രത്തിലെ ഏറ്റവും രൂക്ഷമായ ശൈത്യത്തില്‍ മരവിച്ചിരിയ്ക്കുകയാണ് അമേരിക്കയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.പ്രതികൂല കാലാവസ്ഥയില്‍ വൈദ്യുതി വിതരണവും മുടങ്ങിയതോടെ പ്രതിദിന മരണനിരക്കുയരുകയാണ്. രാജ്യത്തെ 73% പ്രദേശത്തെയും മഞ്ഞിനടിയിലാക്കിയ അതിശൈത്യം ഈയാഴ്ച മുഴുവന്‍ നീണ്ടുനില്‍ക്കുമെന്നാണു കാലാവസ്ഥാ റിപ്പോര്‍ട്ട്.

ടെക്സസ്, ലൂസിയാന, കെന്റക്കി, നോര്‍ത്ത് കരോലിന, മിസൗറി എന്നിവിടങ്ങളില്‍ ശീതക്കാറ്റിനേത്തുടര്‍ന്ന് ഒട്ടേറെപ്പേര്‍ മരിച്ചു. 15 കോടിയിലേറെ ജനങ്ങള്‍ ദുരന്തമുനമ്പിലാണെന്നു ദേശീയ കാലാവസ്ഥാ സര്‍വീസ് മുന്നറിയിപ്പ് നല്‍കി. ഉത്തര, മധ്യ മെക്സിക്കോയില്‍ ദശലക്ഷക്കണക്കിനു പേര്‍ ദിവസങ്ങളായി വൈദ്യുതിയില്ലാതെ വലയുന്നു. ടെക്സസില്‍ മാത്രം 44 ലക്ഷം പേരാണു വൈദ്യുതി മുടങ്ങിയതുമൂലം ബുദ്ധിമുട്ടുന്നത്.

അതിശൈത്യം മൂലം റോഡ് അപകടങ്ങളിലും വാഹനങ്ങള്‍, ജനറേറ്ററുകള്‍ എന്നിവയില്‍നിന്നുള്ള കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചുമുള്ള മരണം റെക്കോഡിലെത്തി. കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചുള്ള മരണങ്ങള്‍ പൊതുജനാരോഗ്യദുരന്തമാണെന്നു വിദഗ്ധര്‍ വിലയിരുത്തുന്നു. ഹാരിസ് കൗണ്ടിയില്‍ മാത്രം മുന്നൂറിലേറെ കാര്‍ബണ്‍ മോണോക്സൈഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹൂസ്റ്റണില്‍ മെഴുകുതിരിയില്‍നിന്നു തീപടര്‍ന്ന വീട്ടില്‍ നാലുപേര്‍ വെന്തുമരിച്ചു. ഹൂസ്റ്റണില്‍ത്തന്നെ രണ്ടുപേരെ വഴിയരികില്‍ തണുത്തുമരിച്ചനിലയില്‍ കണ്ടെത്തി. നോര്‍ത്ത് കരോലിനയില്‍ ചുഴലിയായി മാറിയ ശീതക്കാറ്റില്‍ മൂന്നുപേര്‍ മരിച്ചു. 10 പേര്‍ക്ക് പരുക്കേറ്റു.

അതിശൈത്യം മൂലം രാജ്യത്തെ കോവിഡ് വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ അടച്ചു. ഹൂസ്റ്റണില്‍ 14 ലക്ഷം പേര്‍ ഉള്‍പ്പെടെ ടെക്സാസില്‍ 40 ലക്ഷം പേരാണു വൈദ്യുതിയില്ലാതെ വലയുന്നത്. ഡാലസിലെ നാലിലൊന്ന് വീടുകളും ഇരുട്ടിലാണ്. വീടുകളില്‍ തണുത്തു മരവിച്ച സുഹൃത്തുക്കളില്‍ പലരും ഗൃഹോപകരണങ്ങള്‍ കത്തിച്ച് തീകായുന്ന ദുരിതം ചിലര്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവച്ചു. ഇത്തരം സാഹചര്യങ്ങളും വിഷവാതകമരണങ്ങള്‍ക്കു കാരണമാകുന്നു. ടെക്സസില്‍ കഴിഞ്ഞ മൂന്നുപതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ ശൈത്യമാണ് അനുഭവപ്പെടുന്നത്. ഇതേത്തുടര്‍ന്ന് പ്രസിഡന്റ് ജോ ബൈഡന്‍ സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ടെക്സസിലെ വൈദ്യുതി മുടക്കത്തെക്കുറിച്ച് അന്വേഷിക്കണമെന്നു രോഷാകുലനായ ഗവര്‍ണര്‍ ഗ്രെഗ് അബോട്ട് സര്‍ക്കാരിനോടാവശ്യപ്പെട്ടു. ടെക്സസിലെ ഇലക്ട്രിക് റിലയബിലിറ്റി കൗണ്‍സില്‍ അധികൃതര്‍ രാജിവയ്ക്കണമെന്നും കൗണ്‍സില്‍ പുനഃസംഘടിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

https://www.youtube.com/watch?v=1UVd_IIrkYc

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button