27.6 C
Kottayam
Wednesday, May 8, 2024

കൊല്ലത്ത് യുവതി പാമ്പുകടിയേറ്റ് മരിച്ച സംഭവം,സംശയമുന ഭര്‍ത്താവിലേക്ക്,സൈബര്‍ പരിശോധനയില്‍ നിര്‍ണായക തെളിവുകള്‍ ലഭിച്ചു

Must read

അഞ്ചല്‍: കൊല്ലം അഞ്ചലില്‍ കിടപ്പു മുറിയില്‍ മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റു യുവതി മരിച്ച സംഭവത്തില്‍ സംശയമുന ഭര്‍ത്താവ് സൂരജിലേക്ക്.പോലീസ് ശാസ്ത്രീയമായി നടത്തിയ പ്രാഥമിക പരിശോധനയില്‍ ഭര്‍ത്താവ് അടൂര്‍ പറക്കോട് സ്വദേശി സൂരജ് ചില പാമ്പ് പിടുത്തക്കാരുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി സൈബര്‍ സെല്‍ കണ്ടെത്തി. പാമ്പ് പിടുത്തക്കാരും സൂരജിന്റെ സഹായികളുംനിരീക്ഷണത്തിലാണ്.യുവതിയുടെ മരണം നടന്ന ദിവസവും സൂരജ് നിരവധി തവണ ഇവരുമായി ബന്ധപ്പെട്ടിട്ടുണ്ട്.

ഏറം വെള്ളശേരില്‍ വീട്ടില്‍ ഉത്ര (25) കുടുംബ വീട്ടിലെ മുറിയില്‍ പാമ്പുകടിയേറ്റു മരിച്ച സംഭവത്തിലാണ് സംശയങ്ങളുയര്‍ന്നത്.
തുറന്നിട്ട ജനാലയില്‍ കൂടി കയറിയ മൂര്‍ഖന്‍ പാമ്പ് ഉത്രയെ കടിച്ചെന്നാണു സൂരജിന്റെ വാദം. ഇതു ശരിയാണോ എന്നറിയാന്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധന ആവശ്യമാണ്. തറ നിരപ്പില്‍നിന്ന് പാമ്പിന് എത്ര ഉയരാന്‍ കഴിയും എന്നതാണു പ്രധാനമായി കണ്ടെത്തേണ്ടത്. ഇക്കാര്യത്തില്‍ ജന്തുശാസ്ത്ര വിദഗ്ധരുടെയും പാമ്പ് പിടുത്തക്കാരുടെയും അറിവ് തേടുന്നുണ്ട്.

ഉറക്കത്തില്‍ വിഷപ്പാമ്പിന്റെ കടിയേറ്റാല്‍ ഉണരുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. എന്നാല്‍ ഉത്ര ഉണര്‍ന്നില്ല. അതിന്റെ കാരണം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ അറിയാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണു പൊലീസ്. റിപ്പോര്‍ട്ട് കിട്ടാന്‍ വൈകുന്നത് അന്വേഷണത്തെ ബാധിക്കുന്നുണ്ട്. ഉടന്‍ കൃത്യമായ നിഗമനത്തില്‍ എത്താനാകും എന്ന പ്രതീക്ഷയിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍.

മാര്‍ച്ച് 2നു സൂരജിന്റെ വീട്ടില്‍ വച്ച് ഉത്രയ്ക്കു പാമ്പ് കടിയേറ്റിരുന്നു. അതിന്റെ ചികിത്സ തുടരുന്നതിന് ഇടയ്ക്കാണു കഴിഞ്ഞ 7നു സ്വന്തം വീട്ടില്‍ വീണ്ടും പാമ്പ് കടിയേല്‍ക്കുന്നത്. 2 പ്രാവശ്യവും സൂരജ് സമീപത്ത് ഉണ്ടായിരുന്നു. ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന ബാങ്ക് ലോക്കര്‍ മാര്‍ച്ച് 2നു രാവിലെ തുറന്നതായി പൊലീസ് കണ്ടെത്തി. ഉത്രയുടെയും സൂരജിന്റെയും സംയുക്ത അക്കൗണ്ടിലാണ് ലോക്കര്‍. മകള്‍ക്ക് വിവാഹ സമ്മാനമായി നല്‍കിയ സ്വര്‍ണാഭരണങ്ങള്‍ നഷ്ടമായതായി രക്ഷിതാക്കള്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

മരണത്തിന് കാരണമായ രണ്ടാമത്തെ് പാമ്പുകടിയേറ്റ ദിവസം ദമ്പതികള്‍ എ.സി. മുറിയില്‍ രണ്ട് കട്ടിലിലാണ് കിടന്നത്. രാത്രി ഒന്‍പതരയ്ക്ക് ഉത്രയുടെ അമ്മ മുറിയുടെ ജനാലകള്‍ അടച്ചിരുന്നു.പിന്നീട് ഭര്‍ത്താവ് സൂരജാണ് ജനാലകള്‍ തുറന്നിട്ടത്.ഭര്‍ത്താവും വീട്ടുകാരും കൂടുതല്‍ പണമാവശ്യപ്പെട്ട് ഉത്രയെ ശല്യംചെയ്തിരുന്നെന്നും ഇതുകാരണം മകളെ വീട്ടില്‍ കൊണ്ടുവന്നു താമസിപ്പിക്കുന്നതിന് ആലോചിച്ചിരിക്കെയാണ് ആദ്യം പാമ്പുകടിയേറ്റതെന്നും ഉത്രയുടെ മാതാപിതാക്കള്‍ ആരോപിയ്ക്കുന്നു.

കുറച്ചുനാള്‍മുമ്പ് ഭര്‍ത്തൃവീടിന്റെ മുകള്‍നിലയില്‍ ഒരു പാമ്പ് കിടക്കുന്നതുകണ്ട് ഉത്ര ബഹളംെവച്ചപ്പോള്‍ സൂരജ് അതിനെയെടുത്ത് ചാക്കിലാക്കിയെന്ന് മകള്‍ പറഞ്ഞിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. പാമ്പിനെ കൈകാര്യം ചെയ്യാന്‍ വൈദഗ്ധ്യമുള്ളയാളാണ് സൂരജെന്ന സംശയം തോന്നാന്‍ കാരണമിതാണെന്ന് ഉത്രയുടെ മാതാപിതാക്കള്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week