കൊച്ചി: ആലുവ മാര്‍ക്കറ്റില്‍ ഫയര്‍ സ്റ്റേറ്റേഷന് സമീപം പണിതീരാത്ത കെട്ടിടത്തില്‍ മനുഷ്യന്റെ അസ്ഥികൂടം ചിതറിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം നാടോടികളെ കേന്ദ്രീകരിച്ച്. തലയോട്ടി അടക്കമുള്ള അസ്ഥികളാണ് കെട്ടിടത്തിന്റെ ഭൂഗര്‍ഭ അറയുടെ ഭാഗത്തു നിന്ന് കണ്ടെത്തിയത്.
മാര്‍ക്കറ്റിലെ സവാള മൊത്തവ്യാപര കേന്ദ്രത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് എത്തിയ നിര്‍മാണ തൊഴിലാളികളാണ് പുരുഷന്റേതെന്ന് തോന്നിപ്പിക്കുന്ന അസ്ഥികുടം കണ്ടെത്തിയത്. നഗരത്തില്‍ അലഞ്ഞു നടക്കുന്ന നാടോടികളെ കേന്ദ്രീകരിച്ചാണ് ആദ്യ അന്വേഷണമെന്ന് ആലുവ ഡിവൈഎസ്പി ജി.വേണു പറഞ്ഞു.
അസ്ഥികൂടത്തിന് അഞ്ച് മാസത്തെ പഴക്കമുണ്ടെന്നാണ് പോലീസിന്റെ നിഗമനം. 40 നും 50 നുമിടയില്‍ പ്രായം വരും. അസ്ഥികളും തലയോട്ടിയും തെരുവുനായ്ക്കള്‍ വലിച്ചിഴച്ച നിലയിലായിരുന്നു. ആലുവ മാര്‍ക്കറ്റ് റോഡിനഭിമുഖമായി നില്‍ക്കുന്ന കെട്ടിടം വര്‍ഷങ്ങളായി പണി പൂര്‍ത്തിയാവാതെ കിടക്കുകയാണ്. കണ്ടെയ്ന്‍മെന്റ് സോണായതിനാല്‍ കെട്ടിടത്തില്‍ ഒരു മാസത്തിലേറെയായി പ്രവൃത്തികളൊന്നും നടന്നിരുന്നില്ല.
ആലുവ ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധിച്ചതില്‍ ഒരു ബാഗ് സമീപത്തു നിന്ന് കണ്ടെടുത്തിരുന്നു. മൊബൈല്‍ ഫോണ്‍, പഴകിയ വസ്ത്രങ്ങള്‍ എന്നിവ അടങ്ങിയതായിരുന്നു ബാഗ്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഫോണിന്റെ ഉടമയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. അസ്ഥികൂടം പരിശോധനകള്‍ക്കായി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
ഫോറന്‍സിക് വിഭാഗവും കാക്കനാട് രാസപരിശോധന ലാബിലെ സയന്റിഫിക് ഓഫീസറും സ്ഥലത്തെത്തി പരിശോധന നടത്തി. ഒരു മാസം മുമ്പ് ആലുവ യുസി കോളജ് മില്ലുപടിക്ക് സമീപം പാടത്തു നിന്നും അസ്ഥികൂടം കണ്ടെത്തിയിരുന്നു. എന്നാല്‍ പിന്നീട് നടന്ന അന്വേഷണത്തില്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികള്‍ പഠനാവശ്യത്തിന് ഉപയോഗിച്ചതാണിതെന്ന് വ്യക്തമായി.