പ്രവാസികളുമായി ഇന്ത്യയിലേക്ക് ഇന്ന് ആറ് വിമാനങ്ങള്‍; രണ്ടെണ്ണം കേരളത്തിലേക്ക്
ന്യൂഡല്‍ഹി: പ്രവാസികളെ തിരികെയെത്തിക്കാന്‍ രാജ്യത്തേക്ക് ഇന്ന് ആറ് വിമാന സര്‍വീസുകള്‍. 235 യാത്രക്കാരുമായി സിംഗപ്പൂര്‍ നിന്ന് ഡല്‍ഹിയിലേക്കാണ് ആദ്യ വിമാനം. ധാക്കയില്‍ നിന്ന് ശ്രീനഗറിലേക്കാണ് രണ്ടാമത്തെ വിമാനം. 165 വിദ്യാര്‍ത്ഥികളാണ് ഇതില്‍ ഉണ്ടാവുക. ദുബായില്‍ നിന്ന് ചെന്നൈയിലേക്ക് ഇന്ന് രണ്ട് വിമാന സര്‍വീസുണ്ട്. പ്രവാസികളുമായി രണ്ട് വിമാനങ്ങള്‍ ഇന്ന് കേരളത്തിലെത്തും. ബെഹ്‌റിനില്‍ നിന്ന് നെടുമ്പാശേരിയിലേക്കും സൗദിയില്‍ നിന്ന് കരിപ്പൂരിലേക്കുമാണ് വിമാനങ്ങള്‍.
കഴിഞ്ഞ ദിവസം മാറ്റിവച്ച വിമാനമാണ് കരിപ്പൂരിലേക്ക് ഇന്നെത്തുന്നത്. 162 യാത്രക്കാരാണ് റിയാദില്‍ നിന്ന് യാത്രയാവുന്നത്. ഇന്ത്യന്‍ സമയം 3.15 ന് വിമാനം പുറപ്പെടും. 177 പേരാണ് ബെഹ്രെയ്നില്‍ നിന്ന് കൊച്ചിയിലേക്ക് എത്തുന്നത്. ഇന്ത്യന്‍ സമയം രാത്രി 11.20ന് വിമാനം നെടുമ്പാശേരിയില്‍ പറന്നിറങ്ങും.
ഇന്നലെ പ്രവാസികളുമായി രണ്ട് വിമാനങ്ങള്‍ കേരളത്തിലെത്തിയിരുന്നു. പ്രവാസികളുമായി അബുദാബിയില്‍ നിന്ന് പുറപ്പെട്ട വിമാനം രാത്രി 10.10 ഓടെയാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയത്. 151 യാത്രക്കാരുമായാണ് വിമാനം എത്തിയിരിക്കുന്നത്. ദുബായില്‍ നിന്ന് പുറപ്പെട്ട വിമാനം 10.30 ഓടെയാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയത്.