മുംബൈ: വിമത എം.എല്‍.എമാരെ അനുനയിപ്പിക്കാന്‍ മുംബൈയില്‍ എത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവവും മന്ത്രിയുമായ ഡി.കെ ശിവകുമാര്‍ അറസ്റ്റില്‍. നേരത്തെ എംഎല്‍എമാരെ കാണാനെത്തിയ ശിവകുമാറിനെ മുംബൈ പോലീസ് തടഞ്ഞിരുന്നു. ഇതേതുടര്‍ന്ന് ഹോട്ടലിന് മുന്നില്‍ ധര്‍ണ നടത്തുകയായിരുന്നു ശിവകുമാര്‍. ഇതിനിടെയാണ് പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് നീക്കിയത്. ശിവകുമാര്‍ തിരികെ പോകാന്‍ തയ്യാറായില്ലെങ്കില്‍ അറസ്റ്റ് ചെയ്യേണ്ടി വരുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാക്കളായ മിലന്ദ് ദേവറ്യും സഞ്ജയ് നിരുപവും ശിവകുമാറിനെ കാണാനെത്തിയിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് അറസ്റ്റ്. ശിവകുമാറിനൊപ്പം ഇവരെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇതിനിടെ സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന ആവശ്യമായി ബിജെപി രംഗത്തെത്തി. ഇക്കാര്യം ആവശ്യപ്പെട്ട് ബിജെപി നേതാവ് യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ നേതാക്കള്‍ ഗവര്‍ണര്‍ വാജുഭായ് ആര്‍. വാലയെ കണ്ടു. ബിജെപി എംഎല്‍എമാരും നേതാക്കള്‍ക്ക് ഒപ്പമുണ്ടായിരുന്നു. കുമാരസ്വാമിക്ക് അധികാരത്തില്‍ തുടരാനുള്ള ധാര്‍മിക അവകാശമില്ലെന്ന് യെദ്യൂരപ്പ പറഞ്ഞു.
അതേസമയം ഹോട്ടല്‍ സ്ഥിതി ചെയ്യുന്ന പൊവേയ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്ന നിരോധനാജ്ഞ ജൂലായ് 12 വരെ തുടരും. നാലുപേരില്‍ കൂടുതല്‍ പ്രദേശത്ത് സംഘം ചേരുന്നത് നിരോധിച്ചിരിക്കുന്നതായും ജനങ്ങളുടെ ജീവിതത്തിനും സമാധാനപരമായ അന്തരീക്ഷത്തിനും തടസ്സമുണ്ടാകാതിരിക്കാനാണ് നടപടിയെന്നുമാണ് പോലീസിന്റെ വിശദീകരണം.