33.4 C
Kottayam
Tuesday, May 7, 2024

സിസ്റ്റര്‍ ലൂസി കളപ്പുര നല്‍കിയ പരാതി വാസ്തവ വിരുദ്ധം, തെളിവില്ല; അന്വേഷണം അവസാനിപ്പിക്കുന്നു!

Must read

കൊച്ചി: സഭക്കെതിരെ സിസ്റ്റര്‍ ലൂസി കളപ്പുര നല്‍കിയ പരാതികള്‍ അവാസ്തവവും തെറ്റിധരിപ്പിക്കുന്നതുമാണെന്നും അന്വേഷണം അവസാനിപ്പിക്കുന്നുവെന്നും വെള്ളമുണ്ട പോലീസ്. സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം പറയുന്നത്. പരാതികളില്‍ അന്വേഷണം അവസാനിപ്പിക്കുന്നതായി പോലീസ് വ്യക്തമാക്കി. അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ സിസ്റ്റര്‍ ലൂസിക്ക് വേണമെങ്കില്‍ സ്വകാര്യ അന്യായവുമായി മുന്നോട്ട് പോകാമെന്നും പോലീസ് മറുപടിയില്‍ വ്യക്തമാക്കുന്നു.

മാനന്തവാടി രൂപത വക്താവ് ഫാദര്‍ നോബിള്‍ തോമസ് പാറയ്ക്കല്‍ സാമൂഹിക മാധ്യമങ്ങളിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്തുന്നതായി ഈ വീഡിയോ സഹിതം സിസ്റ്റര്‍ ലൂസി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. എന്നാല്‍ മാസങ്ങളോളം അന്വേഷിച്ചിട്ടും തെളിവ് ലഭിച്ചിട്ടില്ല എന്നാണ് വെള്ളമുണ്ട പോലീസ് വ്യക്തമാക്കി. സിസ്റ്റര്‍ താമസിക്കുന്ന കാരയ്ക്കാമല മഠത്തില്‍ ചിലര്‍ പ്രകടനവുമായെത്തി ഭീഷണിപ്പെടുത്തിയെന്ന പരാതിയിലും തെളിവില്ലെന്നു പറഞ്ഞ് പോലീസ് അന്വേഷണം അവസാനിപ്പിച്ചിരിക്കുകയാണ്.

നേരത്തെ തന്നെ മഠത്തില്‍ പൂട്ടിയിട്ടു എന്ന പരാതി നല്‍കിയിരുന്നെങ്കിലും പോലീസ് അന്വേഷണം നടത്തിയില്ലെന്നും സിസ്റ്റര്‍ ലൂസി പറഞ്ഞു. സിസ്റ്റര്‍ നല്‍കിയ പരാതികള്‍ അവാസ്തവവും നിയമത്തെ തെറ്റിധരിപ്പിക്കുന്നതും ആണെന്നാണ് വെളളമുണ്ട പോലീസ് സിസ്റ്ററെ രേഖാമൂലം അറിയിച്ചത്. എന്നാല്‍ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും സിസ്റ്റര്‍ ലൂസി കളപ്പുര പറഞ്ഞു. പോലീസും മഠം അധികൃതരും ഒത്തു കളിക്കുന്നതായി സംശയമുണ്ടെന്ന് സിസ്റ്റര്‍ ലൂസി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പോലീസിന്റെ ഇത്തരത്തിലുള്ള മറുപടി ലഭിച്ചിരിക്കുന്നത്.

അതേസമയം കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ കുറ്റാരോപിതാനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്തതിന് സഭയില്‍ നിന്ന് പുറത്താക്കിയ സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ആത്മകഥ ഏറെ ചര്‍ച്ചാ വിഷയമായിരുന്നു. കര്‍ത്താവിന്റെ നാമത്തില്‍ എന്നാണ് സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ആത്മകഥയുടെ പേര്. മഠങ്ങളിലും ആത്മീയ ഇടങ്ങളിലും ലൈംഗിക ചൂഷണങ്ങള്‍ ഇനിയും അധികം പുറത്തുവരാത്ത യാഥാര്‍ത്ഥ്യങ്ങളാണെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര ആത്മകഥയില്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week