മിസ്റ്റര്‍ സെന്‍കുമാര്‍, ഇതല്ല ഹീറോയിസം! അര്‍ധസത്യങ്ങളും അസത്യങ്ങളും എഴുന്നള്ളിച്ചല്ല ആളാവാന്‍ നോക്കേണ്ടത്! യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ സെന്‍കുമാറിന് മറുപടിയുമായി സിന്ധു ജോയി
ലണ്ടന്‍: യൂണിവേഴ്സിറ്റി കോളജ് വിഷയം കത്തിപ്പടരുന്നതിനിടെ മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍ ഷെയര്‍ ചെയ്ത വീഡിയോയ്ക്ക് മറുപടിയുമായി എസ്.എഫ്.ഐ മുന്‍ സംസ്ഥാന നേതാവ് സിന്ധു ജോയി. താനടക്കമുള്ള പോലീസുകാര്‍ 2006ല്‍ യൂണിവേഴ്സിറ്റി കോളജില്‍ കയറിയെന്ന് അവകാശപ്പെട്ട് സെന്‍കുമാര്‍ ഷെയര്‍ ചെയ്ത വീഡിയോയ്ക്കാണ് ലണ്ടനില്‍ നിന്നുള്ള സിന്ധു ജോയി ഫേസ്ബുക്കിലൂടെ മറുപടി നല്‍കിയിരിക്കുന്നത്.
സിന്ധു ജോയിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
മിസ്റ്റര്‍ സെന്‍കുമാര്‍, ഇതല്ല ഹീറോയിസം! അര്‍ധസത്യങ്ങളും അസത്യങ്ങളും എഴുന്നള്ളിച്ചല്ല ആളാവാന്‍ നോക്കേണ്ടത്! ഈ വീഡിയോയില്‍ താങ്കളുമായി വാക്കുതര്‍ക്കം നടത്തുന്ന വിദ്യാര്‍ത്ഥി നേതാവ് ഞാനാണ്. യാഥാര്‍ഥ്യം ഇങ്ങനെയാണ്.
2006 ലെ ഒരു പരീക്ഷാക്കാലം. എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി ഓഫീസിലായിരുന്നു ഞാനപ്പോള്‍. അപ്രതീക്ഷിതമായി ഒരു ഫോണ്‍ കോള്‍. മറുഭാഗത്ത് പെണ്‍കുട്ടികളുടെ കരച്ചില്‍. ‘യൂണിവേഴ്സിറ്റി കോളേജില്‍ പോലീസ് കയറി, പരീക്ഷയെഴുതുന്ന ക്ളാസ് മുറികളുടെ പുറത്തുപോലും പോലീസ് പരാക്രമം’ ഇതായിരുന്നു സന്ദേശം. ഇതറിഞ്ഞ ഞാന്‍ സംസ്ഥാന സെക്രട്ടറി എം സ്വരാജിനൊപ്പം യൂണിവേഴ്സിറ്റി കോളേജിലേക്ക് ഓടി. തലയില്‍ ചട്ടിത്തൊപ്പിയുമായി മുന്‍നിരയിലുണ്ടായിരുന്നു നിങ്ങള്‍. ഞങ്ങളുടെ എതിര്‍പ്പിനു മുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ പിന്‍വാങ്ങുന്ന നിങ്ങളുടെ ചിത്രം പിറ്റേന്നത്തെ പത്രങ്ങളില്‍ ഉണ്ടായിരുന്നു. തലകുമ്പിട്ട് മടങ്ങുന്ന നിങ്ങളുടെ ദൃശ്യങ്ങള്‍ ചാനലുകളിലും ഉണ്ടായിരുന്നു. താങ്കള്‍ ഇപ്പോള്‍ ഷെയര്‍ ചെയ്ത വീഡിയോയുടെ അടുത്തഭാഗം അതാണ്. വിജയിച്ചു മുന്നേറിയ ഹീറോയെ അല്ല, തോറ്റമ്പുന്ന സേനാനായകനെയാണ് അവിടെക്കണ്ടത്??.
ആ വീഡിയോയുടെ ഇത്തിരികക്ഷണം പൊക്കിപ്പിടിച്ച് ഹീറോ ചമയുന്നത് അല്പത്തമാണ് സെന്‍കുമാര്‍!
ഇറക്കിവിട്ടതിനു പ്രതികാരമായി ഞങ്ങള്‍ക്കെതിരെ താങ്കള്‍ കേസെടുത്തിരുന്നു; ‘പോലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തി എന്നായിരുന്നു’ കുറ്റം. ഇതിന് സാക്ഷികളായ അനേകം മാധ്യമപ്രവര്‍ത്തകര്‍ ഇപ്പോഴും തിരുവനന്തപുരത്തുണ്ട്.
ഇത്തവണ നാട്ടില്‍നിന്ന് മടങ്ങുമ്പോള്‍ ഞാന്‍ വായിക്കാന്‍ തെരെഞ്ഞെടുത്ത പുസ്തകങ്ങളിലൊന്ന് താങ്കളുടെ ആത്മകഥ ‘എന്റെ പോലീസ് ജീവിതം’ ആയിരുന്നു. അതിന്റെ 115, 116 പേജുകളിലും ഈ സംഭവം വലിയ ഹീറോയിസമായി അവതരിപ്പിച്ചിട്ടുണ്ട്. രണ്ടുമൂന്നിടത്ത് എന്റെ പേരും പരാമര്‍ശിച്ചിട്ടുണ്ട്. ഒരു നുണ പലകുറി ആവര്‍ത്തിച്ചാല്‍ സത്യമാകുമെന്ന് താങ്കള്‍ എവിടെയാണ് പഠിച്ചത്? പോലീസ് അക്കാദമിയില്‍ നിന്ന് ആകാനിടയില്ല.